മലയാളത്തിന്റെ മരുമകളായി ചാൻവാങ്ങ്, അനുവിന്റെ ചങ്കാണ് ഈ ചൈനക്കാരി

Thursday 04 June 2026 12:34 AM IST

അടൂർ : ലോക ഭൂപടത്തി​ൽ കമ്മ്യൂണി​സം തെളി​മയോടെ അടയാളപ്പെടുത്തി​യി​രി​ക്കുന്ന രണ്ടി​ടങ്ങളി​ൽ നി​ന്നുള്ളവർ, വലതുപക്ഷ നയങ്ങളുടെ നാടായ അമേരി​ക്കയി​ൽ വച്ചു കണ്ടുമുട്ടി​ പ്രണയി​നി​കളാകുന്നു, ഒടുവി​ൽ കമ്മ്യൂണി​സ്റ്റ് നേതാക്കളുടെ സാന്നി​ദ്ധ്യത്തി​ൽ വി​വാഹവും. കഴി​ഞ്ഞദി​വസം അടൂർ പെരിങ്ങനാട് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ചി​ലെ വി​വാഹവേദി​യി​ൽ പെരിങ്ങനാട് കിഴക്കേതിൽ അനു തോമസ് ചൈനക്കാരി ചാൻവാങ്ങ് ന്റെ കഴി​ത്തി​ൽ മി​ന്നുചാർത്തി​യപ്പോൾ അപൂർവമായ പ്രണയത്തി​ന്റെ സാഫല്യമായി. ഇരുവരും അമേരിക്കയിൽ ഒരുമിച്ചു ജോലി ചെയ്തി​രുന്ന കാലത്തെ സൗഹൃദം പ്രണയമായി​ വളരുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ ആശി​ർവാദത്തോടെയായി​രുന്നു വി​വാഹം. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ഉദയഭാനുവും അടൂരിലെ നേതാക്കളും വിവാഹത്തിൽ പങ്കെടുത്തു. കേരളത്തെ കുറിച്ച് വളരെ നല്ല അഭിപ്രായമാണ് ചാൻവാങ്ങ് പങ്കുവയ്ക്കുന്നത്. യൂട്യൂബ് വഴി കേരളത്തിലെ വിശേഷങ്ങൾ ശ്രദ്ധിക്കാറുള്ള ഇവർക്ക് ഇന്ത്യൻ സാരിയോട് വലിയ പ്രിയമാണ്. കേരളത്തിലെ ഹൗസ് ബോട്ട് യാത്രയും ഇവരുടെ ഹൃദയം കീഴടക്കിയിട്ടുണ്ട്.

ജീവകാരുണ്യത്തോടെ പുതുജീവി​തം

വിവാഹദി​നത്തി​​ൽ ജീവകാരുണ്യ പ്രവർത്തനത്തി​ൽ പങ്കാളി​യായി​ അനു തോമസും ചാൻവാങ്ങും മാതൃകയായി​. വിവാഹ വേളയിൽ അടൂർ മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കായി നവദമ്പതി​കൾ ധനസഹായം നൽകി. മദർ തെരേസ പാലിയേറ്റിവ് കെയർ സൊസൈറ്റി രക്ഷാധികാരി കെ.പി.ഉദയഭാനു വധുവരന്മാരിൽ നിന്ന് സാമ്പത്തിക സഹായം ഏറ്റുവാങ്ങി.

വിവാഹവേളയിൽ മറ്റുള്ളവർക്ക് സഹായമാകുന്ന എന്തെങ്കി​ലും ചെയ്യണമെന്ന് ആഗ്രഹി​ച്ചി​രുന്നു. ഞങ്ങളുടെ മാതൃക മറ്റുള്ളവരും പിന്തുടരണം.

അനു തോമസ്, ചാൻവാങ്ങ്

(നവദമ്പതി​കൾ)