ഓമല്ലൂർ : ഓമല്ലൂർ പഞ്ചായത്ത് ഏഴാം വാർഡിൽ അമ്പലം ജംഗ്ഷൻ മുതൽ ആയുർവേദ ആശുപത്രി വരെയുള്ള റോഡിൽ ടാർ ഇളകി മെറ്റലുകൾ ചിതറി കിടക്കുന്നത് അപകടമുണ്ടാക്കുന്നു. കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബം നിയന്ത്രണം വിട്ട് മറിഞ്ഞിരുന്നു. പൊട്ടിപ്പൊളിഞ്ഞു കിടന്ന റോഡ് നിരവധി പ്രതിഷേധത്തെ തുടർന്ന് അടുത്ത സമയത്താണ് ടാർ ചെയ്തത്. ഇത് നാട്ടുകാർക്ക് കൂടുതൽ ബുദ്ധിമുട്ടായി.
ആയുർവേദ ഹോസ്പിറ്റലിനോട് ചേർന്ന് ഭാഗം കുത്തനെയുള്ള ഇറക്കമാണ്. ഇവിടെ ടാർ ഇളകി അതിന്റെ മിശ്രിതം നിരന്ന് കിടക്കുന്നത് മൂലം ദിവസവും നിരവധി ഇരുചക്രവാഹനങ്ങൾ നിയന്ത്രണം വിട്ടു റോഡിൽ നിന്ന് തെന്നി മാറി അപകടമുണ്ടാകുന്നുണ്ട്. ഇരുചക്ര വാഹനങ്ങളിൽ ഇതുവഴി യാത്ര ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്.കാൽനടക്കാർക്ക് പോലും അപകടം സംഭവിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്തിന്റെ പരിധിയിൽ ഉൾപ്പെട്ട റോഡ് 10 ലക്ഷം രൂപയ്ക്കാണ് ടാർ ചെയ്തത്.
അടിയന്തരമായി പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ ഇടപെട്ട് റോഡ് റീ ടാർ ചെയ്യാനുള്ള നടപടി സ്വീകരിക്കണമെന്ന് ഓമല്ലൂർ ഗ്രാമ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |