കൊല്ലം: വിൽപ്പനയ്ക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിച്ച കേസിലെ പ്രതിക്ക് നാലുവർഷം കഠിനതടവും ഇരുപതിനായിരം രൂപ പിഴയും. കടപ്പാക്കട പീപ്പിൾസ് നഗർ ഷംലാ മൻസിലിൽ സുൽഫിക്കറിനെയാണ് (43) കൊല്ലം രണ്ടാം അഡീഷണൽ സെഷൻസ് ജഡ്ജ് വി.ഉദയകുമാർ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം.
2017 ഏപ്രിൽ 17 നായിരുന്നു സംഭവം. എക്സൈസ് സംഘം ശക്തികുളങ്ങര ഭാഗത്ത് പട്രോളിംഗ് നടത്തുന്നതിനിടെ സുൽഫിക്കറിന്റെ വീട്ടിൽ കഞ്ചാവ് സൂക്ഷിച്ചിരിക്കുന്നതായി രഹസ്യ വിവരം ലഭിച്ചു. പ്രതി വാടകയ്ക്ക് താമസിച്ചുവന്ന ശക്തികുളങ്ങര കെ.എസ്.ഇ.ബി അസി. എൻജിനിയറുടെ ഓഫീസിന് സമീപമുള്ള വീട്ടിൽ പരിശോധന നടത്തി കഞ്ചാവ് പൊതികൾ കണ്ടെടുക്കുകയായിരുന്നു. സുൽഫിക്കറിനെയും പിടികൂടി. 1.120 കിലോഗ്രാം കഞ്ചാവാണ് പിടിച്ചെടുത്തത്. പ്രതി നേരത്തേയും കഞ്ചാവ് കേസുകളിൽ പ്രതിയാണ്. തമിഴ്‌നാട്ടിലെ കമ്പത്തുനിന്ന് കഞ്ചാവ് വാങ്ങി ചെറു പൊതികളിലാക്കി വിൽപ്പന നടത്തിവരികയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.വിനോദ് കോടതിയിൽ ഹാജരായി. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നർക്കോട്ടിക് സ്‌പെഷ്യൽ സ്‌ക്വാഡിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എം.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ പ്രവന്റീവ് ഓഫീസർമാരായ ആർ.ജി.വിനോദ്, ബി.ദിനേശ്, സിവിൽ എക്‌സൈസ് ഓഫീസർമാരായ ടി.വിഷ്ണുരാജ്, എസ്.ആർ.ബിനു, എസ്. കിഷോർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം.നൗഷാദാണ് കുറ്റപത്രം സമർപ്പിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |