വെള്ളറട: മലയോര പഞ്ചായത്തുകളുടെ ആസ്ഥാനമായ വെള്ളറട വികസന പ്രവർത്തനങ്ങളുടെ നാളുകൾ കാത്തിരിക്കുകയാണ്. സർക്കാർ ഓഫീസുകൾക്ക് സ്വന്തമായി മന്ദിരങ്ങളില്ല. വിവിധ ഓഫീസുകൾ പല സ്ഥലങ്ങളിലായി പ്രവർത്തിക്കുന്നത് ആവശ്യങ്ങൾക്കെത്തുന്നവരെ ബുദ്ധിമുട്ടിലാക്കുകയാണ്.
വെള്ളറട ടൗൺ കേന്ദ്രീകരിച്ച് മിനി സിവിൽ സ്റ്റേഷൻ സ്ഥാപിക്കണമെന്ന ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. ഇവിടം കേന്ദ്രീകരിച്ച് ഒരു ട്രഷറിയും എക്സൈസ് ഓഫീസും ഫയർ സ്റ്റേഷനും സ്ഥാപിക്കണമെന്ന ആവശ്യവും നാട്ടുകാർ പറയുന്നുണ്ട്.
കാത്തിരിപ്പ്
മലയോര പഞ്ചായത്തുകളുടെ പ്രധാന ചികിത്സാകേന്ദ്രമായ വെള്ളറട ആനപ്പാറയിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി ആകുന്നതും കാത്തിരിക്കുകയാണ് ഇവിടുത്തുകാർ.
സർക്കാർ ഉടമസ്ഥതയിൽ വെള്ളറട കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനം തുടങ്ങണമെന്ന ആവശ്യവും ഇതുവരെയും പരിഗണിക്കപ്പെട്ടിട്ടില്ല. പ്രാഥമിക വിദ്യാഭ്യാസം കഴിഞ്ഞാൽ ഉപരിപഠനത്തിന് വിദ്യാർത്ഥികൾ മറ്റു സ്ഥലങ്ങളെ അഭയം പ്രാപിക്കുന്ന അവസ്ഥയാണുള്ളത്.
പ്രാഥമിക സൗകര്യങ്ങളും വർദ്ധിപ്പിക്കണം
വെള്ളറട വളരുന്നതോടൊപ്പം വെള്ളറടയുടെ പ്രാഥമിക സൗകര്യങ്ങളും വർദ്ധിപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു വേണ്ട നടപടികൾ ഉണ്ടാകാത്തത് ജനങ്ങളുടെ ദുരിതങ്ങൾ ഉയർത്തുകയാണ്.
പ്രധാന തീർത്ഥാടന കേന്ദ്രങ്ങളായ കാളിമലയും കുരിശുമലയും ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. പ്രകൃതി രമണീയമായ പ്രദേശങ്ങളുള്ളതിനാൽ ടൂറിസത്തിനും ആവശ്യമായ പരിഗണന നൽകിയാൽ വളർച്ച നേടാൻ ഇടയാകുമായിരുന്നു.
യാത്രാദുരിതവും
മലയോരമേഖലയിലെ യാത്രാക്ളേശം പരിഹരിക്കാനായി ആരംഭിച്ച വെള്ളറട കെ.എസ്.ആർ.ടി.സി ഡിപ്പോ മലയോര നിവാസികൾക്ക് യാത്രാദുരിതമാണ് നൽകുന്നത്.
ഗ്രാമങ്ങളിലെ ഇടറോഡുകളിൽ സർവീസുകൾ നടത്തി മലയോരനിവാസികളുടെ യാത്രാക്ളേശത്തിന് പരിഹാരം കാണുന്നതിനുവേണ്ടിയാണ് ഡിപ്പോ സ്ഥാപിച്ചതെങ്കിലും ഇന്ന് ഇടറോഡുകളിൽ ബസ് സർവീസ് അപൂർവമാണ്. രാവിലെയും വൈകിട്ടും വിദ്യാർത്ഥികളടക്കമുള്ള യാത്രക്കാർ യാത്രചെയ്യാൻ ബുദ്ധിമുട്ടുകയാണ്.
ഡിപ്പോയും അവതാളത്തിൽ
ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതിനാൽ മണിക്കൂറുകളോളം പ്രധാന റൂട്ടുകളിൽ ബസ് കാത്തുനിൽക്കേണ്ട ഗതികേടിലാണ്. വികസനം സാദ്ധ്യമാകണമെങ്കിൽ മെച്ചപ്പെട്ട ഗതാഗത സൗകര്യം വേണമെന്നിരിക്കെയാണ് ഡിപ്പോയുടെ പ്രവർത്തനവും അവതാളത്തിലാണ്. ഡിപ്പോയ്ക്കുള്ളിലെ ഫോൺ തകരാറിലായി മാസങ്ങളായിട്ടും അധികൃതർ നന്നാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |