വെഞ്ഞാറമൂട്: ഹൈറേഞ്ച് പ്രദേശങ്ങളിലെ താരമായിരുന്ന റമ്പൂട്ടാൻ ഇന്ന് നമ്മുടെ ഗ്രാമങ്ങളിലും സുലഭമാണ്. ജൂൺ, ജൂലായ് മാസങ്ങളിലാണ് ഇവ വിളവെടുക്കുന്നത്. ചെറു കായ് ആയിരിക്കുമ്പോഴേ കച്ചവടക്കാർ വില ഉറപ്പിച്ച് വലവിരിക്കും. കായ്ഫലം നോക്കിയാണ് വിലയുറപ്പിക്കുന്നത്. മരങ്ങൾ കൂടുതലുണ്ടെങ്കിലും ഇക്കുറി കായ്ഫലം കുറവാണെന്ന് കച്ചവടക്കാർ പറയുന്നു. മഴയാണ് വില്ലനായത്. എന്നാൽ കഴിഞ്ഞ വർഷത്തേക്കാൾ വില കൂടുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഗ്രാമങ്ങളിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി നടത്തുന്നവർ ഏറെയാണ്. വർഷത്തിലൊരിക്കലാണ് വിളവെടുപ്പെങ്കിലും ഉയർന്ന വിലയാണ് കൂടുതൽ ആളുകളെ റമ്പൂട്ടാൻ കൃഷിയിലേക്ക് ആകർഷിക്കുന്നത്. ഒരു മരത്തിൽ നിന്ന് 5,000 മുതൽ 10,000 വരെ ലാഭമുണ്ടാക്കാനാകും. രോഗ, കീടബാധ കുറവുള്ള ബഡ് തൈകളോടാണ് കർഷകർക്ക് താത്പര്യം. എന്നാൽ പൂർണ വളർച്ചയെത്തുന്നതുവരെ ഇവയ്ക്ക് പരിചരണം ആവശ്യമാണ്.
പ്രിയം എൻ 18
വലിപ്പമുള്ളതും കുരുവിൽ നിന്ന് പെട്ടെന്ന് അടർത്തിയെടുക്കാവുന്നതുമായ എൻ 18 വിഭാഗത്തിൽപ്പെട്ട റമ്പൂട്ടാനാണ് കൂടുതലായുള്ളത്. ഇവയ്ക്ക് തൂക്കവും കൂടുതലാണ്. മധുരത്തിൽ മുന്നിൽ നിൽക്കുന്ന ഇ 35 ഇനത്തിനും വിപണിയിൽ ആവശ്യക്കാരുണ്ട്. ചെറിയ കായ്കളാണെങ്കിലും വിലയിൽ കുറവുണ്ടാകാറില്ല.
നിപയിൽ ആശങ്ക
നിപയെത്തുടർന്ന് പഴവർഗമേഖലയിൽ ഭീതി നിലനിൽക്കുന്നത് റമ്പൂട്ടാനേയും ബാധിക്കുമെന്ന ആശങ്കയുണ്ട്. എന്നാൽ, മരങ്ങൾ വലയിട്ടു നിറുത്തുന്നതിനാൽ ആശങ്ക വേണ്ടെന്ന് വ്യാപാരികൾ പറയുന്നു.
വിളവെടുപ്പുകാലത്തെ വില (കിലോയ്ക്ക്)
150- 200 രൂപ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |