ആറ്റിങ്ങൽ: കിഴക്കേനാലുമുക്കിലെ ഗവ.നഴ്സറി അധികൃതരുടെ കനത്ത അവഗണനയാൽ വീർപ്പുമുട്ടുകയാണ്. സ്കൂളിൽ നിർമ്മാണം തുടങ്ങിയ കെട്ടിടം പൂർത്തിയാക്കുന്നില്ല. കെട്ടിടം നിർമ്മിക്കാനായി മുറിച്ച മരം കഷ്ണങ്ങളാക്കി നഴ്സറി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്നു. മഴക്കാലത്ത് അപകടമൊഴിവാക്കാനായി മുറിച്ച മരച്ചില്ലകളും അവിടെയുണ്ട്. കെട്ടിടനിർമ്മാണത്തിനായി സാധനങ്ങളിറക്കാൻ മതിൽ പൊളിച്ചിട്ടിരിക്കുന്നതിനാൽ തെരുവുനായ ശല്യവും രൂക്ഷമാണ്. ഇതിനെല്ലാം പുറമെ രാത്രികാലങ്ങളിൽ സമൂഹവിരുദ്ധ ശല്യവും സ്കൂളിലുണ്ട്.
പുതിയ കെട്ടിടം നിർമ്മിക്കാൻ തറയൊരുക്കുന്നതിനായി സ്‌കൂൾ വളപ്പിൽ നിന്ന ഒരു വാകമരം മുറിച്ചുനീക്കിയിരുന്നു. ഈ തടിക്കഷണങ്ങളാണ് നഴ്സറി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ പിന്നിലായി കൂട്ടിയിട്ടിരിക്കുന്നത്. വർഷം രണ്ട് കഴിഞ്ഞിട്ടും ഇത് നീക്കം ചെയ്തിട്ടില്ല. ഇവിടെ ഒരു ടോയ്‌ലെറ്റുമുണ്ട്. ഇഴജന്തുക്കളെ ഭയന്ന് ഈ ഭാഗത്തേക്ക് ഇപ്പോൾ ആരും പോകാറില്ല.
കെട്ടിട നിർമ്മാണത്തിനാവശ്യമായ സാധനങ്ങൾ കേറ്റുന്നതിനായാണ് സ്കൂൾ മതിലിന്റെ മുൻവശം പൊളിച്ചുനീക്കിയത്.ഇവിടെ നെറ്റ് വലിച്ച് കെട്ടിയിരുന്നു.അതെല്ലാം നിലത്തുവീണ നിലയിലാണ്. അതോടെ സ്‌കൂൾ വളപ്പ് തെരുവുനായ്ക്കളുടെ താവളമായി. വരാന്തയിലും മുറ്റത്തുമെല്ലാം നായ്ക്കൾ നിരന്ന് കിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. രാത്രിയിൽ സമൂഹവിരുദ്ധരും കടന്നുകയറുന്നുണ്ട്. മദ്യക്കുപ്പികളുൾപ്പെടെ വളപ്പിനുള്ളിൽ കിടപ്പുണ്ട്.
വിദ്യാർത്ഥികൾ - 51
എൽ.കെ.ജി.യിൽ 29
യു.കെ.ജി.യിൽ 22
ജീവനക്കാർ - 4
നിലവിലെ പ്രവർത്തനം
ഷീറ്റ്‌മേഞ്ഞ പഴയ കെട്ടിടത്തിലാണ് ഇപ്പോൾ നഴ്സറി പ്രവർത്തിക്കുന്നത്. പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലെ ജോലികളെല്ലാം പൂർത്തിയായതായാണ് സൂചന.
ആറ്റിങ്ങലിന്റെ ഹൃദയഭാഗത്ത്
ആറ്റിങ്ങൽ പട്ടണത്തിന്റെ ഹൃദയഭാഗത്ത് ജില്ലാ വിദ്യാഭ്യാസ ഓഫീസിനോടു ചേർന്നാണ് ഗവ.നഴ്സറി പ്രവർത്തിക്കുന്നത്.
മന്ദഗതിയിൽ
ഇവിടെയുള്ള ഒരു കെട്ടിടം അപകടാവസ്ഥയിലായതിനെത്തുടർന്ന് അത് പൊളിച്ചു മാറ്റി പുതിയ കെട്ടിടം നിർമ്മിക്കാൻ 2022 ജൂണിൽ 56.5 ലക്ഷം രൂപ അനുവദിച്ചിരുന്നു. പുതിയ കെട്ടിടത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുമരാമത്ത് വകുപ്പിന്റെ മേൽനോട്ടത്തിലും ആരംഭിച്ചു. രണ്ടുനിലകളിലായി താഴത്തെ നിലയിൽ രണ്ട് ക്ലാസ് മുറികളും ഒന്നാം നിലയിൽ ഹാളുമാണ് നിർമ്മിക്കുന്നത്. ഇതിൽ താഴത്തെ നില പൂർത്തിയാക്കിയിട്ടുണ്ട്. ഒന്നാം നില കെട്ടിവാർത്ത നിലയിലാണ്. ഇതിന്റെ തേപ്പ് ഉൾപ്പെടെയുള്ള ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല.
ഗവ.നഴ്സറി വളപ്പിൽ കൂട്ടിയിട്ടിരിക്കുന്ന വിറകും തടിക്കഷ്ണങ്ങളും ലേലം ചെയ്തിട്ടുണ്ട്. ഇത് ഉടൻ നീക്കം ചെയ്യാൻ നിർദ്ദേശം നൽകും.കെട്ടിടനിർമ്മാണം പൂർത്തിയാക്കാനാവശ്യമായ ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ടിട്ടുണ്ട്.
അഡ്വ.എസ്.കുമാരി,നഗരസഭാദ്ധ്യക്ഷ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |