തളിപ്പറമ്പ്: ആന്തൂരിൽ വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്ന കേസിലെ പ്രതി 24 മണിക്കൂറിനുള്ളിൽ പൊലീസ് പിടിയിലായി. മോഷ്ടിച്ച പണവും സ്വർണ്ണവും കണ്ടെത്തി. ആന്ധ്രപ്രദേശ് സ്വദേശിയും ഇപ്പോൾ കന്യാകുമാരി സൗത്ത് കുണ്ടൽ താമസക്കാരനുമായ പി.ഉമേഷ് റെഡി (46)യെയാണ് എസ്.ഐ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ രണ്ടാം ദിനത്തിൽ അറസ്റ്റ് ചെയ്തത്.
ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ തോട്ടട മലബാർ റിസോർട്ടിൽ വച്ചാണ് പ്രതിയെ പിടികൂടിയത്. കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെ ആന്തൂർ കമ്പിൽക്കടവ് റോഡിൽ വേട്ടക്കൊരുമകൻ ക്ഷേത്രത്തിന് സമീപത്തെ സി.തങ്കമണിയുടെ വീട്ടിലാണ് കവർച്ച നടന്നത്. തങ്കമണി രാവിലെ ഒമ്പത് മണിക്ക് വീടു പൂട്ടി പുറത്തുപോയി ഉച്ചയ്ക്ക് രണ്ടുമണിക്ക് തിരിച്ചെത്തുമ്പോഴേക്കും കവർച്ച നടന്നിരുന്നു. പിന്നിലെ വാതിൽ തകർത്ത് അകത്ത് കയറി അലമാര കുത്തിത്തുറന്ന് രണ്ട് ലക്ഷം രൂപയും ഒന്നേമുക്കാൽ പവൻ ആഭരണവുമാണ് കവർച്ച ചെയ്തത്.
പ്രദേശത്തെ സി.സി. ടി.വിയിൽ നിന്ന് കവർച്ചക്കാരന്റെ ദൃശ്യം ലഭിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. കവർച്ച ചെയ്ത പണത്തിൽ ചെലവഴിച്ചത് കഴിച്ച് ബാക്കി പണവും രണ്ട് ചെറിയ ഗോൾഡ് കോയിനും കണ്ടെത്തിയിട്ടുണ്ട്. ഡിവൈ.എസ്.പി പ്രദീപ് കണ്ണിപ്പൊയിൽ, സി.ഐ.ഷാജി പട്ടേരി എന്നിവരുടെ നേതൃത്വത്തിൽ എസ്.ഐ നാരായണൻ, എ.എസ്.ഐമാരായ മുഹമ്മദലി, ഷിജോ അഗസ്റ്റിൻ, സീനിയർ സി.പി.ഒ പ്രമോദ് കടമ്പേരി, സി.പി.ഒമാരായ അരുൺകുമാർ പൂക്കോട്ടി, അഷ്രഫ് നടുവിൽ, നൗഫൽ അഞ്ചില്ലത്ത്, ലക്ഷ്മണൻ, ഡ്രൈവർ വിപിൻ, ആറളം പൊലീസ് സ്റ്റേഷനിലെ ജയദേവൻ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സ്കെച്ചിട്ട് വീടുകൾ
കവർച്ചയ്ക്ക് രണ്ട് ദിവസം മുമ്പ് തന്നെ ഉമേഷ് കുടുംബസമേതം പറശിനിക്കടവിലെത്തിയിരുന്നു. ഭാര്യയെയും മക്കളെയും ലോഡ്ജിലാക്കിയ ശേഷം ഇലക്ട്രോണിക് ഉപകരണങ്ങൾ നന്നാക്കാനുണ്ടോയെന്ന് ചോദിച്ച് നിരവധി വീടുകളിൽ ഇയാളെത്തിയിരുന്നു. അതിനിടയിലാണ് തങ്കമണിയുടെ വീട് കണ്ടുവച്ചത്. അന്നേ ദിവസം 12 മണിക്ക് ലോഡ്ജ് മുറി ഒഴിവാക്കി ഇയാൾ പോയിരുന്നു. കുടുംബസമേതം കണ്ണൂരിലാണെത്തിയത്. അവിടെ മുനീശ്വരൻകോവിലിന് സമീപത്ത് മുറിയെടുത്തു. തുടർന്ന് കുടുംബസമേതം തോട്ടടയിലെത്തി അവിടെ ബീച്ചിൽ കറങ്ങി നടന്നു മലബാർ റിസോർട്ടിൽ മുറിയെടുക്കുകയായിരുന്നു. നേരത്തെ വൈക്കത്ത് ഒരു സ്വർണ കവർച്ചാക്കേസിൽ ഉമേഷ് പൊലീസ് പിടിയിലാവുകയും ജയിൽവാസം അനുഭവിക്കുകയും ചെയ്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |