നെയ്യാറ്റിൻകര: പ്രായം കുറഞ്ഞ പെൺകുട്ടികളെയും കാരിയർമാരാക്കി മയക്കുമരുന്ന് മാഫിയ.കൈവശം വച്ചാൽ ജാമ്യം കിട്ടുന്നത്രയും കുറഞ്ഞ അളവിലാണ് ഇവരുടെ കൈയിൽ എം.ഡി.എം.എയും കഞ്ചാവും കൊടുത്തുവിടുന്നത്.
സ്കൂൾ,കോളേജുകൾ തുറന്നതോടെ പ്രായം കുറഞ്ഞ രണ്ടോ മൂന്നോ പെൺകുട്ടികളടങ്ങുന്ന സംഘത്തെ കുറഞ്ഞ അളവിൽ മയക്കുമരുന്ന് കൊടുത്തുവിട്ട് അവർ പരീക്ഷണം തുടങ്ങി. കൊടുത്തുവിടുന്നവർ തന്നെ ഇവരെ ഒറ്റു നൽകുകയും ചെയ്യുന്നുണ്ട്.ഈ സമയം പൊലീസിന്റെയും എക്സൈസിന്റെയും ശ്രദ്ധ മാറ്റി, യഥാർത്ഥ കടത്തുകാർ വൻതോതിൽ മയക്കുമരുന്നുകൾ കടത്തുകയും ചെയ്യും. ഇന്നലെ രാവിലെ ഇതിന്റെ ഒരു ട്രയൽ നടന്നതായാണ് വിവരം.
പത്തൊൻപതിനും ഇരുപത്തൊന്നിനും ഇടയിൽ പ്രായമുള്ള മൂന്ന് പെൺകുട്ടികളുടെ കൈയിൽ നിന്ന് കുറഞ്ഞ അളവിൽ കഞ്ചാവ് (10 ഗ്രാം) അമരവിള ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ പിടിച്ചെടുത്തിരുന്നു.
ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള സ്വകാര്യ ബസിലാണ് ഈ പെൺകുട്ടികൾ വന്നത്. എക്സൈസ് ഉദ്യോഗസ്ഥർ ബസിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കേസ് കോടതിയിലെത്തുമ്പോൾ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് കുറഞ്ഞ അളവിലായതിനാൽ ഇവർക്ക് ജാമ്യം ലഭിക്കും.ഇത്തരം സംഭവങ്ങളെ എക്സൈസ് വിഭാഗവും പൊലീസും സൂക്ഷ്മതയോടെ നിരീക്ഷിച്ചുവരികയാണ്.
ദിവസങ്ങൾക്കു മുൻപാണ് സ്വാമിമാരുടെ വേഷത്തിലെത്തിയവരുടെ കൈയിൽ നിന്ന് നെയ്യാറ്റിൻകര ചെക്ക് പോസ്റ്റിലെ എക്സൈസ് ഉദ്യോഗസ്ഥർ കഞ്ചാവ് പിടിച്ചെടുത്തത്.
ലഹരിക്കടിമയായി
പ്രായപൂർത്തിയാകാത്തവരെയും വിദ്യാർത്ഥികളെയും വലയിലാക്കുക എന്നതാണ് ലഹരി മാഫിയയുടെ പുതിയ തന്ത്രം.ഒരു രസത്തിന് ലഹരി ഉപയോഗിച്ച് തുടങ്ങുന്നതാണ് കുട്ടികൾ.പിന്നീട് ലഹരി വാങ്ങാൻ പണം തികയാതെ വരുമ്പോൾ അവരെ കാരിയർമാരാക്കി മാറ്റുകയാണ് ലഹരി മാഫിയ.ചെറിയ ഇടപാടുകൾക്കുപോലും കൈനിറയെ പണം ലഭിച്ചു തുടങ്ങുന്നതോടെ ലഹരി മാഫിയയുടെ പിടിത്തത്തിലാകുന്ന വിദ്യാർത്ഥികൾക്കൊരിക്കലും മോചനമുണ്ടാകില്ല.
അദ്ധ്യാപകരുടെ ശ്രദ്ധ വേണം
ലഹരിമരുന്ന് ഉപയോഗിക്കുന്ന വിദ്യാർത്ഥികളെ ഒരു പരിധിവരെ അദ്ധ്യാപകർക്ക് കണ്ടെത്താനാകും. സ്ഥിരമായി നിരീക്ഷിക്കുകയും ലഹരിക്കടമപ്പെട്ടവരെ കണ്ടെത്തുകയും ചെയ്‌താൽ കൗൺസലിംഗിലൂടെ അവരെ നല്ലവരാക്കാൻ സാധിക്കും. കുടുംബ ബന്ധങ്ങളിലെ ശിഥിലീകരണം മൂലമുള്ള ഒറ്റപ്പെടലും കുട്ടികൾ ലഹരി തേടിപ്പോകാൻ കാരണമാകുന്നുണ്ട്.
കൊറിയർ വഴിയും ലഹരി
അടുത്തകാലത്ത് കോഴിക്കോട് ജില്ലയിൽ കൊറിയർ വഴി കടത്താൻ ശ്രമിച്ച എം.ഡി.എം.എയും എൽ.എസ്.ഡി സ്റ്റാമ്പുകളും എക്‌സൈസ് പിടികൂടിയിരുന്നു.ഔൺലൈൻ വഴി ലഹരി ബുക്ക് ചെയ്യുമ്പോൾ വിലാസത്തിലും ബന്ധപ്പെടാനുള്ള നമ്പരിലും ചെറിയ പിശകുകൾ വരുത്തുന്ന രീതിയാണ് കൊറിയറിന്റെ കാര്യത്തിൽ സ്വീകരിക്കുന്നത്. മേൽവിലാസക്കാരനെ കണ്ടെത്താനാവാത്തതിനാൽ ഓഫീസിൽ സൂക്ഷിക്കുന്ന പാഴ്സൽ മേൽവിലാസക്കാരൻ നേരിട്ട് വന്ന് കൈപ്പറ്റും.അയച്ച ആളിനെയും മേൽവിലാസക്കാരനെയും തിരിച്ചറിയാനാകാതിരിക്കാനാണ് ഈ തന്ത്രം പയറ്റുന്നത്. സംശയകരമായ കൊറിയർ എത്തിയാൽ അറിയിക്കണമെന്ന സംസ്ഥാന പൊലീസിന്റെ കർശന നിർദേശമുള്ളതിനാൽ പാഴ്സൽ വഴിയുള്ള ലഹരിക്കടത്തിന് ഇപ്പോൾ കുറവുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |