വിഴിഞ്ഞം: വലിയ കടപ്പുറത്തിന് സമീപത്തെ ഓട നിർമാണം പാതിവഴിയിൽ നിലച്ചതോടെ പകർച്ചവ്യാധി ഭീഷണിയിൽ പ്രദേശം. കഴിഞ്ഞ ആഴ്ച കോട്ടപ്പുറം പ്രദേശം,കോട്ടപ്പുറം,ഒസാവിള, ചരുവിള, കരിമ്പള്ളിക്കര ഭാഗങ്ങളിലായി 10 പേർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നതായി ആരോഗ്യവിഭാഗം പറഞ്ഞു. നിലവിൽ രണ്ടു പേർക്കുകൂടി ഡെങ്കിബാധിച്ചു. ആദ്യം പനി ബാധിച്ചവർ പനിയിൽ നിന്നും മോചിതരായി വരുന്നതായും ആരുടെയും സ്ഥിതി ഗുരുതരമല്ലെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി.
5നും 15നും മദ്ധ്യേ പ്രായമുള്ള കുട്ടികൾക്കാണ് രോഗബാധയുള്ളത്. രോഗം പടരുന്നതിനാൽ വലിയ കടപ്പുറത്തെ ഓടയുടെ നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് വിഴിഞ്ഞം ഇടവക ആവശ്യപ്പെട്ടു.
വിഴിഞ്ഞം കോട്ടപ്പുറം മേഖലയിൽ ഡെങ്കിപ്പനി ബാധിച്ച സാഹചര്യത്തിൽ വലിയ കടപ്പുറത്തെ പാതി വഴിക്കു നിലച്ച ഓട നിർമാണം സംബന്ധിച്ച വിഷയം ഉടൻ പരിശോധിച്ച് ശാശ്വത നടപടി സ്വീകരിക്കുമെന്ന് ഹാർബർ എൻജിനിയറിംഗ് വിഭാഗം അറിയിച്ചു. ആദ്യഘട്ടമെന്ന നിലക്ക് കെട്ടിക്കിടന്ന മലിനജലം മണ്ണുമാന്തി യന്ത്രമുപയോഗിച്ച് ഒഴുക്കിവിട്ടു. കുട്ടികളുൾപ്പെടെയുള്ളവർക്ക് ഡെങ്കിപ്പനി ബാധയുണ്ടായത് ആശങ്ക പരത്തിയെങ്കിലും ആരോഗ്യവിഭാഗം ഇവിടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമായി നടത്തിയിരുന്നു.
പാതിവഴിയിൽ നിലച്ച ഓട നിർമ്മാണം കഴിയുംവേഗം പൂർത്തിയാക്കണമെന്ന് നഗരസഭ കോട്ടപ്പുറം വാർഡുതല സാനിറ്റേഷൻ കമ്മിറ്റിയും കൗൺസിലർ പനിയടിമ ജോണും ആവശ്യപ്പെട്ടു.
കൊതുക് പെരുകുന്നു
പാതി വഴിയിൽ നിലച്ച ഓടനിർമ്മാണ ഭാഗം കൊതുകു വളർത്തൽ കേന്ദ്രമായതായി നാട്ടുകാർ പരാതി പറയുന്നു. തുറമുഖ കമ്പനി നേതൃത്വത്തിൽ (വിസിൽ) കോട്ടപ്പുറത്തെ മാലിന്യ നിർമ്മാർജനത്തിനായി 3.82 കോടി ചെലവിൽ ആരംഭിച്ചതാണ് ഓട നിർമ്മാണം. തുക തികയാതായതോടെയാണ് ഓട നിർമ്മാണം നിലച്ചത്.
ആരോഗ്യ വകുപ്പ് ഊർജിതം
ആരോഗ്യ പ്രവർത്തകർ, ആശാവർക്കർ, ഹരിതകർമ സേന, വാർഡ് കൗൺസിലർ എന്നിവരുടെ നേതൃത്വത്തിൽ നാല് യൂണിറ്റുകളായി തിരിഞ്ഞ് പ്രദേശത്തെ വീടുകളിൽ കയറി ബോധവത്കരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. വീടും പരിസരവും പരിശോധിച്ച് വൃത്തിയായി സൂക്ഷിക്കണമെന്ന് നിർദേശം നൽകുന്നുണ്ട്. പ്രദേശത്ത് വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ നഗരസഭയുടെ ശുചീകരണ വിഭാഗ നേതൃത്വത്തിൽ ശുചിയാക്കുന്നു. ഫോഗിംഗ് ഉൾപ്പെടെയുള്ള പ്രവൃത്തികൾ നടത്തുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |