കേടായ കുഴൽക്കിണർ പൈപ്പ് ഭീഷണിയാകുന്നു
പാറശാല: വാഹന യാത്രക്കാർക്കും കാൽനട യാത്രക്കാർക്കും ഭീഷണിയായി റോഡുവക്കിലെ കേടായ കുഴൽക്കിണർ പൈപ്പ്. കൊറ്റാമത്ത് നിന്നും പുതുക്കുളത്തേക്കുള്ള റോഡിൽ സ്ഥാപിച്ചിട്ടുള്ള കുഴൽക്കിണറാണ് അപകടാവസ്ഥയിൽ തുടരുന്നത്. ഉപയോഗശൂന്യമായ നിലയിലായിട്ടും കുഴൽക്കിണർ പൊളിച്ച് മാറ്റാതെ റോഡ് വക്കിൽ തുടരുകയാണ്.
വേണ്ടത്ര വെളിച്ചമില്ലാത്ത ഭാഗത്തെ കുഴൽക്കിണർ രാത്രികാലങ്ങളിൽ തിരിച്ചറിയാൻ കഴിയാത്തത് അപകടസാദ്ധ്യത വർദ്ധിപ്പിക്കുന്നു. പുതുക്കുളം ജംഗ്ഷനിൽ നിന്നും സർക്കാർവക ആടുവളർത്തൽ കേന്ദ്രത്തിലേക്ക് പോകുന്ന റോഡിനോട് ചേർന്നാണ് കേടായ കുഴൽക്കിണറിന്റെ ബാക്കി ഭാഗമുള്ളത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് പ്രദേശവാസിയായ ക്രിസ്തുദാസിന്റെ കാർ കുഴൽക്കിണറിൽ ഇടിച്ച് തകർന്നിരുന്നു. 35വർഷങ്ങൾക്ക് മുൻപ് പ്രദേശത്തെ കുടിവെള്ളക്ഷാമത്തിന് പരിഹാരമായി സർക്കാർ സ്ഥാപിച്ച കുഴൽക്കിണറുകളിൽ ഒന്നാണിത്. കുഴൽക്കിണറുകൾക്ക് മുകളിലായി കൈകൊണ്ട് അമർത്തി പ്രവർത്തിപ്പിക്കാവുന്ന രീതിയിലുള്ള പമ്പ് സ്ഥാപിച്ചിരുന്നത് കേടായതിനെ തുടർന്ന് ഇളക്കിമാറ്റിയിട്ടുണ്ട്. അപകടാവസ്ഥയിൽ തുടരുന്ന കുഴൽക്കിണറുകൾ പരിശോധിച്ച ശേഷം ഇളക്കി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.