അപകടക്കെണിയായി തകർന്ന കോൺക്രീറ്റിനുള്ളിലെ കമ്പികൾ

Sunday 10 May 2026 12:02 AM IST

ആറ്റിങ്ങൽ: അപകടക്കെണിയായി തകർന്ന കോൺക്രീറ്റിനുള്ളിലെ കമ്പികൾ.ആറ്റിങ്ങൽ മുനിസിപ്പൽ പ്രൈവറ്റ് ബസ്‌സ്റ്റാൻഡിൽ നിന്ന് പാലസ് റോഡിലേക്കുള്ള ഭാഗത്താണ് തകർന്ന കോൺക്രീറ്റുള്ളത്.ഓടയുടെ മുകളിലുണ്ടായിരുന്ന കോൺക്രീറ്ര് തകർന്ന് കമ്പികൾ പൂർണമായും പുറത്തുവന്ന നിലയിലാണ്.വാഹന,കാൽനടയാത്രികൾക്ക് ഭീഷണിയായ കോൺക്രീറ്റ് എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് യാത്രക്കാരുടെ ആവശ്യം.ആയിരക്കണക്കിന് ആളുകളാണ് പ്രതിദിനം ഇതുവഴി സഞ്ചരിക്കുന്നത്.സ്വകാര്യ ബസ് സ്റ്റാൻഡിനുള്ളിലേക്ക് വെഞ്ഞാറമൂട്,അയിലം ചെമ്പകമംഗലം,കോരാണി ഭാഗങ്ങളിൽ നിന്നുള്ള ബസുകൾ പ്രവേശിക്കുന്നത് ഇതുവഴിയാണ്. ഈ കമ്പിയുടെ മുനകൊണ്ട് ബസുകളുടെ ടയർ കീറുമോയെന്ന ആശങ്കയിലാണ് ഡ്രൈവർമാർ.ഈ ഭാഗത്ത് ഒരു വർഷം മുമ്പ് കലിങ്കടഞ്ഞ് വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് കലുങ്ക് പുനർനിർമ്മിക്കുകയും ഓട അറ്റകുറ്റപ്പണികൾ നടത്തുകയും ചെയ്തിരുന്നു.ഈ സമയത്ത് നടത്തിയ നിർമ്മാണ പ്രവർത്തനമാണ് ഇപ്പോൾ തകർന്നത്.നിർമ്മാണ പ്രവർത്തനത്തിലെ അപാകതയാണ് ഇതിനു കാരണമെന്നാണ് യാത്രക്കാർ പറയുന്നത്.