തൊളിക്കോട്-നാഗര-കാലങ്കാവ് റൂട്ടിൽ യാത്രാദുരിതം

Sunday 24 May 2026 1:59 AM IST

വിതുര: തൊളിക്കോട്,തുരുത്തി,നാഗര, ഭദ്രംവച്ചപാറ, കാലങ്കാവ്,നന്ദിയോട് റൂട്ടിൽ യാത്രാക്ലേശം രൂക്ഷമാകുന്നതായി പരാതി. നെടുമങ്ങാട് പാലോട് ഡിപ്പോകളിൽ നിന്നുള്ള നാമമാത്രമായ സർവീസുകളാണ് നിലവിൽ ഈ റൂട്ടിൽ സർവീസ് നടത്തുന്നത്.

സ്വകാര്യ സർവീസുകളൊന്നും റൂട്ടിൽ ഓടുന്നില്ല. നേരത്തേ അനവധി സർവീസുകൾ ഉണ്ടായിരുന്നു. മികച്ച കളക്ഷനുമായി ജനോപകാരപ്രദമായി ഓടിയിരുന്ന ബസുകൾ മുന്നറിയിപ്പും കാരണവും കൂടാതെയാണ് നിറുത്തലാക്കിയത്. പിന്നീട് കൊവിഡ് വ്യാപനമുണ്ടായപ്പോഴും സർവീസുകൾ നിറുത്തലാക്കി. കൊവിഡ് വ്യാപനം അവസാനിച്ചിട്ടും ബസുകൾ പുനരാരംഭിച്ചിട്ടില്ല.

മേഖലയിലെ യാത്രക്കാർ നേരിടുന്ന യാത്രാപ്രശ്നംചൂണ്ടിക്കാട്ടി നാട്ടുകാർ മന്ത്രിക്കും എം.പി.ക്കും, എം.എൽ.എക്കും അനവധി തവണ നിവേദനം നൽകിയിരന്നു. സമരങ്ങളും നടത്തി. പരിഹാരം കാണാമെന്ന് വാഗ്ദാനം നടത്തിയെങ്കിലും പിന്നീട് അനക്കമില്ല. യാത്രാദുരിതം ചൂണ്ടിക്കാട്ടി കേരളകൗമുദിയും വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

സർവീസുകൾ കൂട്ടണം

തുരുത്തി, നാഗര, ഭദ്രംവച്ചപാറ മേഖല ജനനിബിഡമാണ്. ബസിനെ മാത്രം ആശ്രയിക്കുന്ന ധാരാളം യാത്രക്കാരുണ്ട്. വിദ്യാർത്ഥികൾക്ക് മിക്കപ്പോഴും കാൽനടയാത്രയാണ് ശരണം. വിതുര, നെടുമങ്ങാട്, ആര്യനാട്, പാലോട് ഡിപ്പോകളിൽ നിന്നും ഓരോ സർവീസുകൾ കൂടി അയച്ചാൽ മേഖലയിലെ യാത്രാപ്രശ്നത്തിന് പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്.

സ്കൂൾ തുറക്കുമ്പോൾ യാത്രാദുരിതം ഇരട്ടിക്കും

ബസുകളുടെ അപര്യാപ്തതമൂലം തുരുത്തി, നാഗര, ഭദ്രംവച്ചപാറ, കാലങ്കാവ് മേഖലയിലെ വിദ്യാർത്ഥികൾ ഏറെ ബുദ്ധിമുട്ടിലാണ്. നെടുമങ്ങാട് ഡിപ്പോയിൽനിന്നും രാവിലെ 9ന് തൊളിക്കോട് കാലങ്കാവ് നന്ദിയോട്, പാലോട് വഴി പെരിങ്ങമ്മല ഇക്ബാൽ കോളേജിലേക്ക് സർവീസ് നടത്തിയിരുന്ന ബസും നിറുത്തലാക്കി. ഇതോടെ കോളേജ് വിദ്യാർത്ഥികളും ദുരിതത്തിലായി.