നെയ്യാറിലെ കാണാമറയത്തെ അപകടക്കയങ്ങൾ

Thursday 28 May 2026 1:59 AM IST

നെയ്യാറ്റിൻകര: നിരവധി പേരുടെ ജീവനെടുത്ത നെയ്യാറിലെ ആഴക്കയങ്ങൾ അപകടമേഖലയായി പ്രഖ്യാപിച്ച് ഇവിടെ സംരക്ഷണ വേലികൾ നിർമ്മിക്കണമെന്ന ആവശ്യം ശക്തം. മഴക്കാലം തുടങ്ങിയാൽ നെയ്യാറിലെ അടിയൊഴുക്കുള്ള കയങ്ങളിൽപ്പെട്ട് ജീവൻ നഷ്ടമാകുന്നത് തുട‌‌ർക്കഥയാണ്. മുൻകാലങ്ങളിൽ നദിയിലെ മണലൂറ്റ് കാരണം നെയ്യാറിലെ പൂവാ‌‌ർ വരെയുള്ള കടവുകളിൽ ആഴക്കയങ്ങളുണ്ട്. ഒറ്റനോട്ടത്തിൽ തിരിച്ചറിയാനാകാത്ത ഈ കയങ്ങളിൽപ്പെട്ടാൽ മരണം ഉറപ്പാണ്. മഴവെള്ളത്തിൽ നീന്താനെത്തുന്നവർ ആഴക്കയങ്ങൾക്ക് സമീപമായുള്ള കണ്ടൽക്കാടുകളിൽ പെട്ട് അപകടം ക്ഷണിച്ചുവരുത്തുന്നതും പതിവാണ്. ഇതുകാരണം നെയ്യാ‌‌ർ കടവുകളിൽ മഴക്കാലത്ത് കുളിക്കുന്നതും തുണി അലക്കുന്നതും അധികൃതർ നിയന്ത്രിക്കുമെങ്കിലും കുട്ടികളടക്കം ഒഴുക്കിലേക്കിറങ്ങുന്നത് സ്ഥിരമാണ്.

സുരക്ഷാമുന്നറിയിപ്പ് വേണം

നെയ്യാറിലെ അപകടക്കടവുകൾ കണ്ടെത്തി സുരക്ഷാമുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കുകയും മഴക്കാലത്ത് കുളിക്കാനും മറ്റും ഇവിടെയെത്തുന്നവരെ അനുവദിക്കാതിരിക്കുകയും വേണം.

തിരുപുറം,മാവിളക്കടവ്,പഴയകട തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന നെയ്യാർ ഈ പ്രദേശത്തൊക്കെ ഗതിമാറി ഒഴുകുന്നുണ്ട്. ഇവിടങ്ങളും അപകടകേന്ദ്രങ്ങളാണ്.ജില്ലാ ദുരന്ത നിവാരണ അതോറിറ്റി നെയ്യാറ്റിൻകര നഗരസഭയും സമീപ പഞ്ചായത്തുകളും ഉൾപ്പെടുത്തി പ്രതിരോധ പ്രവ‌‌ർത്തനങ്ങൾ ശക്തമാക്കാൻ കൊണ്ടുവന്ന പ്രോജക്ടും പാളി.

ജില്ലയിലെ അപടക്കടവുകൾ

നെയ്യാർ ജലാശയം, മൂന്നാറ്റുമുക്ക്, ആനന്ദേശ്വരം, പൂവൻപാറ, കുണ്ടമൺകടവ്, കൂവക്കുടി പാലം, അരുവിപ്പുറം, പൊഴിക്കര എന്നീ 16 കടവുകളാണ് അപകടമേഖലകളായി ദുരന്ത നിവാരണ അതോറിട്ടി തിരിച്ചിരിക്കുന്നത്. ഇവിടങ്ങളിലൊന്നും ഇതേവരെ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.

ജില്ലയിലെ മരണസംഖ്യ

2019 മുതൽ 2025 വരെ കുട്ടികളും വിദേശികളും ഉൾപ്പെടെ 352 പേർ ജില്ലയിൽ മാത്രം മരിച്ചിട്ടുള്ളതായാണ് ഫയർ ആൻഡ് റെസ്‌ക്യൂ വകുപ്പ് നൽകുന്ന കണക്ക്. ഇതിൽ 315 പുരുഷന്മാരും 37 സ്ത്രീകളുമാണ്.

നെയ്യാർ