പെരിങ്ങമ്മല,ആനാട്,നന്ദിയോട് മേഖലകളിൽ പ്രതിസന്ധിയായി വന്യമൃഗശല്യം
പാലോട്: ജൈവകൃഷിക്ക് വേറിട്ട മാതൃക സൃഷ്ടിച്ച് ജില്ലയിൽ തുടർച്ചയായി ജൈവകൃഷിക്ക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഗ്രാമമാണ് നന്ദിയോട്. പെരിങ്ങമ്മല, ആനാട് പഞ്ചായത്തുകളിലെ കൃഷിരീതിയും മികച്ചതാണ്. എന്നാൽ നന്ദിയോട് പെരിങ്ങമ്മല പഞ്ചായത്തുകളിലെ കൃഷിയിടങ്ങളിൽ വന്യമൃഗശല്യം നിയന്ത്രണാതീതമാണ്. സന്ധ്യയായാൽ കൃഷിയിടങ്ങൾ കാട്ടുപന്നി,ആന,മ്ലാവ്,കാട്ടുപോത്ത് എന്നിവയുടെ സ്വന്തമാണ്. പന്നിക്കൂട്ടം റബർ, വാഴ, മരിച്ചീനി, പച്ചക്കറികളെല്ലാം നശിപ്പിക്കും.
പുലർച്ചെ റബർ ടാപ്പിംഗിനെത്തുന്നവർ പന്നികളുടെ ആക്രമണത്തിന് ഇരയാകുന്നുണ്ട്. ഞാറനീലി, ഇലഞ്ചിയം, പനങ്ങോട് ഭാഗങ്ങളിൽ പന്നിയുടെ ആക്രമണത്തിന് ഇരയായ സ്കൂൾ വിദ്യാർത്ഥികളും ഏറെയാണ്. ആദിവാസി മേഖലയിൽ വാഹനസൗകര്യം കുറവായതിനാൽ കിലോമീറ്ററുകളോളം നടന്ന് സ്കൂളുകളിൽ എത്തുന്നവരാണ് വന്യമൃഗ ആക്രമണത്തിൽപ്പെടുന്നത്. ഭക്ഷണം തേടി നാട്ടിലേക്കെത്തുന്ന വന്യമൃഗങ്ങൾ ആക്രമണകാരികളാകാറുണ്ട്.
കാലൻകാവ്,നാഗര,ഓട്ടുപാലം,പച്ച,വട്ടപ്പൻകാട്,കരിമ്പിൻകാല,സെന്റ് മേരീസ്,ഇടവം,പേരയം,ആനകുളം, തുടങ്ങിയ ഭാഗങ്ങളിൽ പകലിലും പന്നികൾ കൂട്ടത്തോടെയെത്തുന്നുണ്ട്. ഇവിടെ അറവുമാലിന്യം നിക്ഷേപിക്കുന്നത് ഭക്ഷിക്കാനാണ് കാട്ടുപന്നികളെത്തുന്നത്.
കാട്ടാനശല്യം അതിരുകടക്കുന്നു
പാലോട് വനംപരിധിയിൽ കാട്ടാനശല്യം രൂക്ഷമാണ്. ഒറ്റ രാത്രി കൊണ്ട് ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളാണുണ്ടാക്കിയത്. ഇലവുപാലം, സ്വാമിനഗർ,കുട്ടത്തിക്കരിക്കകം,ജവഹർ കോളനി തുടങ്ങിയ സ്ഥലങ്ങളിലാണ് കാട്ടാനക്കൂട്ടം വലിയ നാശം വിതച്ചത്. കൃഷിയിടങ്ങളിൽ കാട്ടാനയെ ചെറുക്കുന്നതിന് കർഷകർ സ്ഥാപിച്ചിരുന്ന വേലികളെല്ലാം കാട്ടാനക്കൂട്ടം തകർത്ത ശേഷമാണ് വിളകൾ നശിപ്പിച്ചത്.ആനകൾ വീടിന് സമീപമെത്തുമ്പോൾ വനംവകുപ്പിനെ അറിയിക്കുമെങ്കിലും ഇവരെ തുരത്താനായിട്ടില്ല.
പ്രശ്നമായി മാലിന്യനിക്ഷേപം
നന്ദിയോട്,വിതുര റൂട്ടിൽ നവോദയ സ്കൂളിന് സമീപവും നാഗരയിലും അറവുമാലിന്യം സാമൂഹിക വിരുദ്ധർ തള്ളുന്നതിനാൽ പന്നികൾ കൂട്ടത്തോടെയാണ് ഇവിടെയെത്തുന്നത്. പന്നി ശല്യത്തിന് പുറമേ കുരങ്ങുകളും കൃഷി നശിപ്പിക്കുന്നുണ്ട്. അറവുമാലിന്യം പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുന്നത് പതിവായതോടെയാണ് പന്നികൾ ഇവിടെ തമ്പടിച്ചത്. പൊതുസ്ഥലങ്ങളിൽ അറവുമാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തി നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.