സംസ്ഥാനത്ത് രാവിലെ ആറു മുതൽ പ്രദർശനം
ലോകവ്യാപകമായി പതിനായിരം സ്ക്രീൻ
ബാഹുബലിക്കുശേഷം എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ആർ.ആർ.ആർ ഇന്ന് ലോക വ്യാപകമായി റിലീസ് ചെയ്യും. സംസ്ഥാനത്ത് അഞ്ഞൂറിലധികം സ്ക്രീനിലാണ് ആർ.ആർ.ആറിന്റെ പ്രദർശനം. രാവിലെ ആറിന് പ്രദർശനം ആരംഭിക്കും. ലോകവ്യാപകമായി പതിനായിരം സ്ക്രീനിലാണ് ചിത്രം എത്തുക.ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രേക്ഷകർ വാനോളം പ്രതീക്ഷ നൽകുന്നു. രൗദ്രം രണം രുദിരം എന്നതാണ് ആർ ആർ ആർ എന്നതിന്റെ ചുരുക്ക പേര്. തമിഴ്, തെലുങ്ക്, ഹിന്ദി, കന്നട, മലയാളം എന്നീ ഭാഷകൾക്കു പുറമെ വിദേശ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
1920 കളിലെ നല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമരസേനാനികളുടെ കഥായാണ് ചിത്രം പറയുന്നത്. ആലിയ ഭട്ടാണ് ചിത്രത്തിലെ നായിക. ബാഹുബലി പോലെ ചിത്രീകരണം ആരംഭിച്ചപ്പോൾ മുതൽ വാർത്തകൾ ഇടം പിടിച്ച ചിത്രമാണ് ആർ.ആർ.ആർ. ചിത്രത്തിന്റെ ടിക്കറ്റ് ബുക്കിംഗ് ദിവസങ്ങൾക്കു മുൻപേ ആരംഭിച്ചിരുന്നു.
ചിത്രത്തിന്റെ പ്രചാരണാർത്ഥം സംവിധായകൻ എസ്.എസ്. രാജമൗലി, ജൂനിയർ എൻ.ടി.ആർ, രാം ചരൺ തേജ എന്നിവർ ഗുജറാത്തിലെ ഏകതാ പ്രതിമ സന്ദർശിച്ചത് ശ്രദ്ധേയമാകുകയും ചെയ്തു. തീയും വെള്ളവും ഏകതാ പ്രതിമയ്ക്ക് മുന്നിൽ കണ്ടുമുട്ടിയപ്പോൾ എന്ന് രാജമൗലി വിശേഷിപ്പിച്ചത് ഏറെ ചർച്ച പെയ്യപ്പെട്ടു.ചിത്രത്തിൽ, ജൂനിയർ എൻ. ടി .ആറും രാം ചരണും അഗ്നിയുടെയും ജലത്തിന്റെയും പ്രതീകമായ കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നത്. ഇതിൽ ആര് വിജയിക്കും, ഇവർ ഒന്നാകുമോ, എങ്ങനെ ഒന്നാകും എന്നതാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . അത്ഭുതപ്പെടുത്തുന്ന രംഗങ്ങൾ നിറഞ്ഞതായിരുന്നു ട്രെയ്ലറും ടീസറും .
കേരളത്തിൽ കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ബാഹുബലിയേക്കാൾ ഒരുപടി മുന്നിൽ ആർ. ആർ .ആർ എത്തുമെന്നാണ് കരുതുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിൽ ഏറ്റവും മുതൽ മുടക്കുള്ള ചിത്രമാണ് ആർ. ആർ. ആർ. 650 കോടി രൂപയാണ് നിർമ്മാണചെലവ് എന്നാണ് റിപ്പോർട്ട്. 350 കോടി മുതൽ മുടക്കിൽ ചെയ്ത ബാഹുബലിയേക്കാൾ പ്രേക്ഷകർക്ക് ഗംഭീര ചലച്ചിത്രാനുഭവം നൽകുന്ന വിസ്മയം ആയിരിക്കും ആർ ആർ. ആർ എന്നാണ് വിലയിരുത്തൽ.
ബോളിവുഡ് താരം അജയ് ദേവ്ഗൺ ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ബ്രിട്ടിഷ് നടി ഡെയ്സി എഡ്ജർ ജോൺസും സുപ്രധാനവേഷത്തിൽ എത്തുന്നു.
സമുദ്രക്കനി, ശ്രിയ ശരൺ എന്നിവരാണ് മറ്റു താരങ്ങൾ.ഛായാഗ്രഹണം കെ .കെ ശെന്തിൽ കുമാർ, കഥ വി. വിജയേന്ദ്ര പ്രസാദ്. സംഗീതം കീരവാണി.മലയാളം പാട്ടിന് വരികൾ എഴുതിയത് മങ്കൊമ്പ് ഗോപാലകൃഷ്ണനാണ്. ജൂനിയർ എൻ.ടി. ആറും രാം ചരൺ തേജയും ആലിയ ഭട്ടും ആടിപ്പാടുന്ന ഗാനം ഏറെ ആസ്വാദകരെ നേടുകയും ചെയ്തു.
ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് കേരളത്തിൽ വിതരണം ചെയ്യുന്നത് . കേരളത്തിലെ സിനിമാസ്വാദകർക്കുള്ള തന്റെ പുതുവർഷ സമ്മാനമാണ് ആർ .ആർ. ആർ എന്നാണ് രാജമൗലി വിശേഷിപ്പിക്കുന്നത്. പ്രതീഷ് ശേഖറാണ് ചിത്രത്തിന്റെ പി.ആർ.ഒ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |