SignIn
Kerala Kaumudi Online
Thursday, 19 September 2024 4.05 AM IST

ആരതി മറ്റൊരുത്തീ

Increase Font Size Decrease Font Size Print Page
arathi

ബസ്സിലെ ശല്യക്കാരനെ ഓടിച്ചിട്ട് പിടിച്ച് പൊലീസിലേൽപ്പിക്കാൻ ആത്മധൈര്യത്തോടെ ഇടപെട്ട ആരതി പെൺകുട്ടികൾക്ക് ഒരു പ്രചോദനവും പാഠവുമാണ്. ബസ്സിലായാലും പൊതു ഇടങ്ങളിലായാലും തങ്ങൾക്ക് വേണ്ട സുരക്ഷയും പ്രതിരോധവും സംരക്ഷണവും സ്വയം ഉറപ്പാക്കാൻ കഴിയുന്ന ആരതിമാർ ഇന്നത്തെ സമൂഹത്തിന് മാതൃകയാണ്. തനിക്ക് നേരെയുണ്ടാകുന്ന അർത്ഥം വച്ചുള്ള തുറിച്ചു നോട്ടത്തെ പോലും ചെറുക്കാനുള്ള ആർജ്ജവം പെൺകുട്ടികൾക്കുണ്ടാകണം. അതിനാവശ്യമായ ബോധവത്ക്കരണവും പ്രതികരണശേഷിയും പെൺകുട്ടികളിൽ ചെറുപ്പം മുതലേ വളർത്തിയെടുക്കുന്നതിൽ കുടുംബത്തിനും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഉത്തരവാദിത്തമുണ്ട്.

സ്വന്തം വീട്ടിലോ പുറത്തോ ഉണ്ടാകുന്ന പല ദുരനുഭവങ്ങളും പുറത്തുപറയാൻ പേടിയുള്ള സ്ത്രീകൾ ഇന്നുമുണ്ട്. ശരീരത്തിൽ സുരക്ഷിതമല്ലാത്ത ഏതെങ്കിലും സ്പർശം വന്നാൽ പ്രതികരിക്കാനാകാത്ത വിധം നിസഹായരാകാറുണ്ട് പലരും. ചെറുപ്പം മുതൽ പെൺകുട്ടികളിൽ അടിച്ചേൽപ്പിക്കുന്ന അനാവശ്യ അച്ചടക്കബോധത്തിന്റെയും വേർതിരിവിന്റെയുമെല്ലാം പരിണിത ഫലങ്ങൾ മാത്രമാണിതെന്ന് നാം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

സ്വന്തം വ്യക്തിത്വത്തിൽ അഭിമാനിക്കാനും സ്വാതന്ത്റ്യബോധ നിലപാടുകളുള്ള സ്ത്രീയായി വളരാനും അവളെ പരിശീലിപ്പിക്കണം.

പരസ്പരം ബഹുമാനിച്ച് ജീവിക്കാനാണ് ആണും പെണ്ണും പഠിക്കേണ്ടത്. അവളുടെ ഇടങ്ങളിൽ കടന്നുകയറാതിരിക്കാൻ അവനും അവന്റെയിടങ്ങളിൽ കടന്നുകയറാതിരിക്കാൻ അവളും ശ്രദ്ധിക്കണം. സ്വന്തം കാലിൽ നിൽക്കാനാവശ്യമായ കുഞ്ഞു സമ്പാദ്യമെങ്കിലും ഓരോ പെൺകുട്ടിക്കും വേണം. ആർജ്ജവമുള്ള സ്ത്രീകൾ ചെറിയൊരു വിഭാഗം മാത്രമാണിപ്പോഴും. മറ്റുള്ളവർ ഇപ്പോഴും പാരമ്പര്യ കീഴ്വഴക്കത്തിന്റെ ചട്ടകൂടുകളിൽ സ്വയം ഒതുങ്ങിപ്പോയവരോ ഒതുക്കപ്പെട്ടവരോ ആണ്.

സ്ത്രീ ശാക്തീകരണം എന്ന വലിയൊരു ആശയം നവമാദ്ധ്യമങ്ങളിലെ പോസ്​റ്റുകളുടെയോ രചനാ മത്സരങ്ങളുടെയോ വനിതാ ദിന സെമിനാറുകളുടെയോ വിഷയം മാത്രമായി ഒതുങ്ങുകയാണ്. കേരളത്തിൽ കൊലപാതങ്ങളും പീഡനങ്ങളും ആത്മഹത്യകളും റിപ്പോർട്ട് ചെയ്യപ്പെടുമ്പോൾ വേരിൽ നിന്നും തുടങ്ങേണ്ടിയിരിക്കുന്നു, ബോധവൽക്കരണം. വിഷയം പൊതുവേദികളിൽ ചർച്ചയാക്കുന്നതിനു പകരം അവരവരുടെ വീടുകളിൽ ഉറപ്പുവരുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

കഴിഞ്ഞ ദിവസം ബസിൽ 53 കാരൻ ഉപദ്രവിക്കാൻ ശ്രമിച്ച ആരതിയുടെ വാക്കുകൾ പ്രസക്തമാണ്. ഒരു സ്ത്രീയുടെ സ്വകാര്യതയും സുരക്ഷിതത്വവും സംരക്ഷണവുമെല്ലാം അവളുടെ കൈയ്യിൽ തന്നെയാണ്. ഒരു പ്രതിസന്ധി ഘട്ടം വന്നാൽ ചിലപ്പോൾ നമ്മെ സഹായിക്കാൻ മറ്റാരുമെത്തിയെന്നു വരില്ല. ആരതിയുടെ അനുഭവത്തിൽ ബസ്സിൽ നിന്നുണ്ടായ ശല്യപ്പെടുത്തൽ മറ്റുള്ളവരുടെ ശ്രദ്ധയിൽപ്പെട്ടിട്ടു പോലും ആരും അതിനെതിരെ പ്രതികരിക്കാൻ തയ്യാറായില്ല. ഇത്തരം സാഹചര്യത്തിൽ നമുക്ക് നമ്മളെ തന്നെ സുരക്ഷിതരാക്കാൻ സാധിക്കണം. എല്ലാത്തിനുമുപരി ഏത് അതിക്രമത്തിനെതിരെയും തക്ക സമയത്ത് പ്രതികരിക്കാനുള്ള കരുത്ത് ആർജ്ജിക്കുകയെന്നത് തന്നെയാണ് ഏറ്റവും പ്രധാനം. മുന്നിലുള്ള നിയമ സഹായങ്ങൾ തക്ക സമയത്ത് ഉപയോഗപ്പെടുത്തുകയെന്നതും മികച്ച മാർഗമാണ്.

നിയമ സംവിധാനങ്ങൾ ഉപയോഗിക്കാം

നാം നമ്മെ സുരക്ഷിതരാക്കുകയെന്നത് തന്നെയാണ് ഏറ്റവും ഉചിതമായ മാർഗ്ഗം. അത്യാവശ്യഘട്ടങ്ങളിൽ ഉപയോഗപ്പെടുന്ന പിങ്ക് പൊലീസ് പോലുള്ള സംവിധാനങ്ങളും ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളുടെ നമ്പറുകളും ഫോണിൽ സേവ് ചെയ്ത് വയ്ക്കുന്നത് ആപത്ത് ഘട്ടങ്ങളിൽ ഉപകരിക്കും. അതുമല്ലെങ്കിൽ ഗൂഗിൾ സെർച്ചിലൂടെ നമുക്കാവശ്യമായ നമ്പറുകൾ ശേഖരിക്കാം. ഇത്തരം ഘട്ടങ്ങളിൽ പതറാതെ മനോധൈര്യത്തോടെയുള്ള ഇടപെടലുകളാണ് ആവശ്യം.

വേണം കായിക ക്ഷമതയും

പെൺകുട്ടികളെ ചെറുപ്പം മുതൽ തന്നെ നൃത്തവും സംഗീതവുമെല്ലാം പഠിപ്പിക്കാൻ രക്ഷിതാക്കൾക്കേറെ ഉത്സാഹമാണ്. എന്നാൽ കായിക ക്ഷമത ആൺകുട്ടികളുടെ മാത്രം കുത്തകയായി നിലനിൽക്കുന്നവയാണ്. ഈ രീതി മാറണം. ആയോധന പരിശീലനങ്ങൾ ചെറിയ ക്ലാസുകളിൽ തന്നെ പാഠ്യപദ്ധതികളിൽ ഉൾപ്പെടുത്തണം.

സ്കൗട്ട് ആന്റ് ഗൈഡ്സ് , എൻ..സി.സി ,എസ്.പി.സി എന്നിവയിലെല്ലാം പെൺകുട്ടികളുടെ പങ്കാളിത്തം വർധിപ്പിക്കണം. ഇത്തരം പ്രസ്ഥാനങ്ങളിലൂടെ അവർക്ക് മികവുറ്റ പരിശീലനങ്ങൾ നൽകണം .കോളേജിൽ എൻ.സി. സി അണ്ടർ ഓഫീസർ കൂടിയായ 21 കാരി ആരതിക്ക് ബസിൽ ശല്യം ചെയ്തയാളെ ഓടിച്ചിട്ട് പിടിക്കാൻ ഊർജ്ജം നൽകിയത് ഇത്തരം പരിശീലനങ്ങൾ കൂടിയാണ്. കായിക മേഖലയിലും ജെൻഡ‌ർ ഇക്വാലിറ്റി കൈവരിക്കാൻ നാം ഇനിയുമെത്ര ദൂരം പോകേണ്ടിയിരിക്കുന്നു!.

ആൺകുട്ടികൾ അറിയണം

സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്ന് ആൺകുട്ടികളെ പഠിപ്പിക്കേണ്ടതും കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഉത്തരവാദിത്വമാണ്. ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടു കഴിഞ്ഞാൽ അവളുടെ വസ്ത്രം ശരിയല്ല, രാത്രി സമയത്ത് ഇറങ്ങി നടന്നിട്ടല്ലേ തുടങ്ങിയ പഴി ചാരലുകളാണ് അവൾക്ക് നേരെ ആദ്യമുണ്ടാവുക. എന്നാൽ വസ്ത്ര സ്വാതന്ത്ര്യമുള്ള ഈ നാട്ടിൽ ഒരു സ്ത്രീക്ക് അവൾ ഇഷ്ട്ടപ്പെട്ട ഏത് വസ്ത്രവും ധരിക്കാനുള്ള അവകാശമുണ്ടെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. അതിനെ വകതിരിവോടെ നോക്കികാണാനാണ് പുരുഷന്മാർ അടങ്ങിയ സമൂഹം ശ്രമിക്കേണ്ടത്. ആക്രമിക്കപ്പെട്ട സ്ത്രീ പഴിചാരലുകളുടെ തീച്ചൂളയിൽ വേവുമ്പോൾ പുരുഷൻ യാതൊരു വിധത്തിലുള്ള വിചാരണയ്ക്കും വിധേയമാകുന്നില്ല. ആക്രമിക്കപ്പെട്ട പ്രമുഖ നടിയുടെ കേസ് തന്നെ ഉദാഹരണമാണ്. ചെറുപ്പം മുതൽ പെൺകുട്ടികൾക്ക് ചട്ടക്കൂട് തീർക്കുന്ന സമൂഹം അനാവശ്യമായ നോട്ടമോ സ്പർശമോ വാക്കുകളോ ഒരു സ്ത്രീയ്ക്കു നേരെയും ഉണ്ടാവരുതെന്ന വലിയ പാഠം ആൺകുട്ടികളെ പറഞ്ഞ് പഠിപ്പിക്കുക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.