തിരുവനന്തപുരം: എക്സൈസ് വകുപ്പ് വിദ്യാർത്ഥികളെ സ്വാഗതം ചെയ്തത് വെൽക്കം കാർഡുമായി. ലഹരിക്കെതിരെയുളള സന്ദേശവും പരാതികൾ അറിയിക്കാനുള്ള ഫോൺ നമ്പരുകളുമായാണ് (9447178000, 9061178000) വെൽക്കം കാർഡ് തയ്യാറാക്കിയത്. ലഹരിയിൽ നിന്നുള്ള മോചനത്തിന് സൗജന്യ കൗൺസലിംഗ് നൽകുന്നതിനുള്ള 14405 എന്ന ടോൾ ഫ്രീ നമ്പരും കാർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എം.എൽ.എമാർ, എം.പിമാർ, തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ വിമുക്തി സന്ദേശവുമായി വിദ്യാർത്ഥികളെ സ്വാഗതം ചെയ്തു. ബോധവത്കരണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാല ഗവൺമെന്റ് ഹൈസ്കൂളിലെ ലഹരി വിരുദ്ധ ക്ലബിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് വിമുക്തി സന്ദേശം ഉൾക്കൊള്ളുന്ന നോട്ട് ബുക്കുകളും പഠനോപകരണങ്ങളും വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സുരേഷ് കുമാർ വിതരണോദ്ഘാടനം നിർവഹിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ ഗോപകുമാർ.ആർ, ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ബാബു വർഗീസ്, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ജയരാജ്.പി.കെ, സ്കൂൾ വികസന സമിതി ചെയർമാൻ സജി, പി.ടി.എ പ്രസിഡന്റ് പ്രഭാവതി, ഹെഡ്മിസ്ട്രസ് മിനി എന്നിവർ പങ്കെടുത്തു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ ദുരുപയോഗം സംബന്ധിച്ച വിവരങ്ങൾ ഈ നമ്പരുകളിൽ എക്സൈസ് കമ്മീഷണർക്ക് കൈമാറാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |