ചിറയിൻകീഴ്: പാൽ വാങ്ങാൻ എത്തിയ വീട്ടമ്മയുടെ താലിമാല സ്കൂട്ടറിൽ എത്തിയ രണ്ടംഗസംഘം കവർന്നു. പെരുങ്ങുഴി ഹൈമാവതി വിളാകം തുണ്ടുവിളാകത്ത് വീട്ടിൽ രജനിയുടെ (40) മാലയാണ് അപഹരിച്ചത്. ഇക്കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. മാല പണയം വച്ച് താലി ഇമിറ്റേഷൻ മാലയിലാണ് ധരിച്ചിരുന്നത്. അതിനാൽ 5ഗ്രാം താലി മാത്രമായിരുന്നു സ്വർണം. പെരുങ്ങുഴി കൃഷ്ണപുരത്ത് താമസിക്കുന്ന രജനി എല്ലാ ദിവസവും പാൽ വാങ്ങാനായി കുടുംബവീടായ തുണ്ടുവിളാകത്ത് വരുമായിരുന്നു. പാൽ സ്കൂട്ടറിൽ വയ്ക്കാൻ ശ്രമിക്കുന്നതിനിടയിലാണ് റോഡ് വക്കിൽ നിന്നിരുന്ന ഉദ്ദേശം 22 വയസ് തോന്നിക്കുന്ന യുവാവ് പൊടുന്നനെ മാല വലിച്ചു പൊട്ടിച്ചത്. ഇതിന് സമീപത്ത് ബൈക്കിൽ നിന്നിരുന്ന മറ്റൊരു യുവാവ് ഞൊടിയിടയിൽ എത്തുകയും മാല പൊട്ടിച്ച ആൾ ബൈക്കിൽ കയറി സ്ഥലം വിടുകയും ചെയ്തു. രജനി അലമുറയിട്ട് നിലവിളിച്ച് ആളെത്തിയപ്പോഴേക്കും മോഷ്ടാക്കൾ ബഹുദൂരം പിന്നിട്ടിരുന്നു. പാൽ വാങ്ങാനായി എത്തിയപ്പോൾ ഈ രണ്ടംഗസംഘം പിന്നാലെ ഉണ്ടായിരുന്നുവെന്ന് രജനി പറഞ്ഞു. ചിറയിൻകീഴ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |