SignIn
Kerala Kaumudi Online
Thursday, 19 September 2024 10.22 AM IST

മരണം വിതച്ച് മരങ്ങൾ

Increase Font Size Decrease Font Size Print Page
tree

റോഡിന് ഇരുവശവും ഇടതൂർന്ന് നിൽക്കുന്ന തണൽമരങ്ങൾ ഇടുക്കിയിലെത്തുന്ന ഏത് സഞ്ചാരിയുടെയും മനംകുളിർക്കുന്ന കാഴ്ചയാണ്. ആ മനംമയക്കുന്ന കാഴ്ചയ്ക്കപ്പുറം ഒരു നിശബ്ദ കൊലയാളിയുണ്ടെന്ന് തിരിച്ചറിയാറില്ല.

മഴക്കാലത്ത് മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനുമൊപ്പം മരം വീണും നിരവധിപേരുടെ ജീവനാണ് ജില്ലയിൽ ഓരോ വർഷവും നഷ്ടമാകുന്നത്. പലതും ഒറ്റപ്പെട്ട സംഭവങ്ങളായതിനാൽ അധികമാരും ശ്രദ്ധിക്കാറില്ലെന്ന് മാത്രം. കാലവർഷം ശക്തമായ കഴിഞ്ഞ നാല് ദിവസത്തിനിടെ മരംവീണ് മാത്രം ഇരുപതോളം അപകടങ്ങളാണ് ജില്ലയിലുണ്ടായത്. റോഡിലേക്ക് മരംവീണ് ഗതാഗതം തടസപ്പെട്ടതും വൈദ്യുതിപോസ്റ്റ് തകർന്നതും ഇതിന്റെ രണ്ടിരട്ടി വരും. ചൊവ്വാഴ്ച മാത്രം നെടുങ്കണ്ടം മേഖലയിലെ മൂന്ന് തോട്ടങ്ങളിൽ മരം വീണ് മൂന്ന് നിർദ്ധന തൊഴിലാളികൾക്ക് ജീവൻ നഷ്ടമായി. കനത്ത മഴയ്‌ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ നെടുങ്കണ്ടത്തിന് സമീപം മൈലാടുംപാറ, പൊന്നാങ്കാണി, പൂപ്പാറയ്ക്ക് സമീപം തോണ്ടിമല എന്നിവിടങ്ങളിലായിരുന്നു അപകടം. നെടുങ്കണ്ടം മയിലാടുംപാറ സെന്റ് മേരീസ് എസ്റ്റേറ്റിൽ തൊഴിലാളിയായിരുന്ന മൈലാടുംപാറ സ്വദേശിനി മുത്തുലക്ഷ്മി (56), നെടുങ്കണ്ടം പൊന്നാങ്കാണിയിലെ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ ജോലി ചെയ്തിരുന്ന ഒഡീഷ സ്വദേശി സോമ ലക്ര (60), തോണ്ടിമല എസ്റ്റേറ്റിൽ ചൂണ്ടൽ സ്വദേശി ലക്ഷ്മി പാണ്ടി(65) എന്നിവരാണ് മരിച്ചത്. മൂന്ന് പേരും തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനിടെയാണ് അപകടത്തിൽ മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് തൊഴിലാളികൾക്കും പരിക്കുണ്ട്. തോട്ടങ്ങളിൽ ജോലി ചെയ്യുന്നതിനിടെ മരംവീണ് നിരവധി നിർദ്ധന തൊഴിലാളികളാണ് ഓരോ വർഷവും മരിക്കുന്നത്. നെടുങ്കണ്ടം മേഖലയിലെ ഏലത്തോട്ടങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ നടന്നിട്ടുള്ളത്. നിരവധി പാഴ് മരങ്ങളാണ് ഹൈറേഞ്ചിലെ ഏലതോട്ടങ്ങളിലും തേയില തോട്ടങ്ങളിലും നിൽക്കുന്നത്. അപകടഭീഷണിയുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന് എത്രതവണ ആവശ്യപ്പെട്ടാലും തോട്ടമുടമകൾ തയ്യാറാകാത്തതാണ് പ്രധാന പ്രശ്‌നം. കർശന നപടിയെടുക്കാൻ ഉദ്യോഗസ്ഥരും മടിക്കുന്നു.

കാലവർഷത്തിന് മുമ്പ് റോഡരികിലും തോട്ടങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുനീക്കണമെന്ന ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം ഉദ്യോഗസ്ഥർ അവഗണിച്ചതിനെ തുടർന്ന് നഷ്ടമായത് മൂന്ന് വിലപ്പെട്ട ജീവനുകളാണ്. അപകടാവസ്ഥയിലുള്ള മരങ്ങൾ മഴയ്ക്ക് മുമ്പായി മുറിച്ചു മാറ്റണമെന്ന ജില്ലാ കളക്ടറുടെ ആവർത്തിച്ചുള്ള ഉത്തരവുകളും നിർദ്ദേശങ്ങളും നടപ്പിലാക്കാതെ ഗുരുതരവീഴ്ചയാണ് ഉദ്യോഗസ്ഥർ വരുത്തിയത്. മഴക്കാലം ശക്തമാകുന്നതിന് മുമ്പ് കളക്ടർ ജില്ലയിലെ പൊതുമരാമത്ത്, തദ്ദേശസ്വയംഭരണം, റവന്യൂ, വനം വന്യജീവി, വിദ്യാഭ്യാസം, ജലവിഭവം, വൈദ്യുതി തുടങ്ങിയ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം അടിയന്തരമായി വിളിച്ച് ചേർത്തിരുന്നു. റോഡിന്റെ വശങ്ങളിലും പുറമ്പോക്ക് ഭൂമിയിലും സ്വകാര്യ വ്യക്തികളുടെ പറമ്പിലും ജനങ്ങൾക്ക് ഭീഷണിയായ അപകടാവസ്ഥയിലുള്ള മരങ്ങളും ശിഖരങ്ങളും അടിയന്തരമായി മുറിച്ച് മാറ്റണമെന്ന് കളക്ടർ ഈ യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. ഇത് സംബന്ധിച്ചുള്ള ഉത്തരവ് ബന്ധപ്പെട്ട വകുപ്പ് അധികൃതർക്ക് കൈമാറുകയും ചെയ്തിരുന്നു. സർക്കാർ ഭൂമിയിലെ മരങ്ങളുടെ അപകടാവസ്ഥ അതത് വകുപ്പുകളും സ്വകാര്യ വ്യക്തികളുടെ പറമ്പിലെ മരങ്ങൾ അതത് സ്ഥലമുടമയും മുറിക്കണമെന്നതാണ് വ്യവസ്ഥ. സ്വകാര്യ വ്യക്തികൾ മുറിച്ച് നീക്കിയില്ലെങ്കിൽ അതത് തദ്ദേശ സ്ഥാപനങ്ങൾ അതിന് തയ്യാറാകണം. ഇതിന് ആവശ്യമായ പണം സ്ഥലമുടമയിൽ നിന്ന് ഈടാക്കണം. മരത്തിന്റെ അപകടാവസ്ഥ പരിഹരിക്കാൻ തദ്ദേശസ്ഥാപനങ്ങളിലുള്ള 'ട്രീ കമ്മിറ്റി' യോഗം ചേരണം. എന്നാൽ കാലവർഷം ആരംഭിച്ച് ഒരുമാസം കഴിഞ്ഞിട്ടും കളക്ടറുടെ നിർദേശങ്ങളും ഉത്തരവുകളുമൊന്നും പാലിക്കപ്പെട്ടില്ലെന്നതിന് ഉദാഹരണമാണ് നെടുങ്കണ്ടം മേഖലയിൽ കഴിഞ്ഞദിവസമുണ്ടായ മൂന്ന് മരണങ്ങൾ. സ്വകാര്യ ഭൂമിയിലടക്കം നിരവധിയിടങ്ങളിൽ ചെറുതും വലുതുമായ മരങ്ങൾ വീണ് അപകടങ്ങളുണ്ടാകുന്നുണ്ട്. പലപ്പോഴും ഭാഗ്യം കൊണ്ട് മാത്രമാണ് ദുരന്തമൊഴിവാകുന്നത്. അതേസമയം അപകടകരമായ മരങ്ങളുടെ ശിഖരങ്ങളും മുറിച്ച് നീക്കണമെന്ന ഉത്തരവ് സർക്കാർ വകുപ്പുകൾ ഒരു പരിധിവരെ നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ജില്ലാ കളക്ടർ ഷീബാ ജോർജ്ജ് അവകാശപ്പെടുന്നത്. കേട് ബാധിച്ച മരങ്ങളാണ് ഇപ്പോൾ കടപുഴകുന്നതെന്നാണ് കളക്ടർ പറയുന്നത്. ഇവ പരിശോധിച്ച് ഇപ്പോഴും വനംവകുപ്പടക്കം മരങ്ങളും ശിഖരങ്ങളും മുറിച്ചുമാറ്റുന്നുമുണ്ട്. എന്തായാലും കഴിഞ്ഞ ദിവസത്തെ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ജീവനും സ്വത്തിനും ഭീഷണിയായി നിൽക്കുന്ന മരങ്ങൾ മുറിച്ചുനീക്കാനുള്ള നടപടികൾ ഊർജ്ജിതപ്പെടുത്താനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. തീവ്രമഴ തുടരുന്നതിനാലും കാറ്റിൽ മരങ്ങൾ വീണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തതിനാലും തൊഴിലുറപ്പ് ജോലിക്കും എസ്റ്റേറ്റ് മേഖലകളിൽ തൊഴിലെടുപ്പിക്കുന്നതിനും ജില്ലയിൽ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

മഴക്കാലത്ത് തോട്ടം മേഖലയിലെ ലയങ്ങളിൽ ജീവൻ പണയം വച്ചാണ് തൊഴിലാളികൾ ഉറങ്ങുന്നത്. ഉരുൾപൊട്ടിയോ മണ്ണിടിഞ്ഞോ മരം കടപുഴകിയോ ഏത് രൂപത്തിലാണ് അപകടം വരികയെന്ന് നിശ്ചയമില്ല. ചൊവ്വാഴ്ച ഏലപ്പാറ കോഴിക്കാനം എസ്റ്റേറ്റിലെ ലയത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞ് പുലർച്ചെ ജോലിക്ക് പോകുംമുമ്പ് അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുകയായിരുന്ന തോട്ടം തൊഴിലാളി സ്ത്രീ മരിച്ചിരുന്നു. അമ്പതുകാരിയായ ഭാഗ്യം എന്ന് വിളിക്കുന്ന പുഷ്പയ്ക്കാണ് ജീവഹാനി സംഭവിച്ചത്. അഞ്ചംഗ കുടുംബമാണ് ഒറ്റമുറി വീട്ടിൽ താമസിച്ചിരുന്നത്. നിന്ന് തിരിയാൻ ഇടമില്ലാത്തതിനാൽ ഇവർ വീടിനോട്‌ ചേർന്ന് ഒരു ചാർത്ത് കൂടി സജ്ജീകരിച്ചിരുന്നു. മൺഭിത്തി കൊണ്ടുണ്ടാക്കിയ ചാർത്താണ് ഇവർ അടുക്കളയായി ഉപയോഗിച്ചിരുന്നത്. ഈ അടുക്കളയിൽ പാചകം ചെയ്യുമ്പോഴാണ് ദുരന്തം പുഷ്പയെ തേടിയെത്തിയത്.

60 വർഷത്തിലധികം പഴക്കമുള്ളതാണ് കോഴിക്കാനത്തെ ലയം. ഒട്ടുമിക്ക ലയങ്ങളും ഇത്തരത്തിൽ കാലപ്പഴക്കംകൊണ്ട് ദുരന്തങ്ങളെ ഏറ്റുവാങ്ങാനെന്ന പോലെ ആടിയുലഞ്ഞ് നിൽക്കുകയാണ്. സിമന്റ് ഉപയോഗിക്കാതെ, വെറും മൺകട്ട ഉപയോഗിച്ച് മണ്ണ് മാത്രം തേച്ചുപിടിപ്പിച്ച ലയമാണ് തോട്ടം മേഖലയിൽ ഏറെയുമുള്ളത്. പഴകി ദ്രവിച്ച് അറ്റകുറ്റപ്പണികൾ ചെയ്യാതെ ചോർന്നൊലിക്കുകയാണ് ഇവ. മുൻകാലങ്ങളിൽ തോട്ടം ഉടമകൾ എസ്റ്റേറ്റ് ലയങ്ങൾ നന്നാക്കി നൽകുമായിരുന്നു. ഇപ്പോൾ അതുമില്ല. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ തോട്ടംതൊഴിലാളി ലയങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്താൻ തഹസിൽദാരുടെ നേതൃത്വത്തിൽ അസി. ലേബർ ഓഫീസർ, ഇൻസ്‌പെക്ടർ ഒഫ് പ്ലാന്റേഷൻസ് എന്നിവരടങ്ങുന്ന സംയുക്തസമിതി ഉടൻ ലയങ്ങൾ പരിശോധിക്കണമെന്ന് കളക്ടർ കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു. എന്ത് നടപടി സ്വീകരിച്ചെന്ന് തഹസിൽദാർമാർ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകണം. ലയങ്ങളുടെ സുരക്ഷാവീഴ്ച വരുത്തുന്ന മാനേജ്‌മെന്റിനെതിരെ ദുരന്തനിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കണമെന്നും കളക്ടറുടെ നിർദ്ദേശത്തിലുണ്ട്. എന്നാൽ ഇതെല്ലാം നടപ്പിലാകുമോ എന്ന് കണ്ടറിയണം.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.