തിരുവനന്തപുരം: നഗര വസന്തത്തിന്റെ ഭാഗമായുള്ള ഒരുക്കങ്ങൾ ഏകദേശം പൂർത്തിയായപ്പോൾ അനന്തപുരി അലങ്കാര ശോഭയിൽ മുങ്ങി.തലസ്ഥാനത്തിന്റെ ക്രിസ്മസ് പുതുവത്സരാഘോഷങ്ങളിൽ നൈറ്റ് ലൈഫിന്റെ ഭംഗി നിറയ്ക്കുകയാണ് നഗരവസന്തം.
നഗരവസന്തത്തിന്റെ രണ്ടാം ദിവസമായ ഇന്നലെയും സന്ദർശകരുടെ തിരക്കായിരുന്നു. ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ കനകക്കുന്നും പരിസരവും വൈദ്യുത ദീപാലങ്കാരത്താൽ നിറഞ്ഞുകഴിഞ്ഞു. ദീപാലങ്കാരങ്ങളോടൊപ്പം പൂച്ചെടികളുടെയും അലങ്കാരച്ചെടികളുടേയും വൈവിദ്ധ്യവും കനകക്കുന്നിലെത്തുന്നവർക്ക് വിരുന്നൊരുക്കുന്നുണ്ട്. കനകക്കുന്നിൽ സ്ഥാപിച്ചിട്ടുള്ള ഇസ്റ്റലേഷനുകൾക്കൊപ്പം നിന്ന് ഫോട്ടോയെടുക്കാനും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വരും ദിവസങ്ങളിൽ നഗര വസന്തത്തിലേക്ക് കൂടുതൽ ചെടികളും ഇൻസ്റ്റലേഷനുകളും എത്തും. നഗരത്തിലെ അഞ്ച് കേന്ദ്രങ്ങളിൽ ടിക്കറ്റ് കൗണ്ടറുകളും ഇന്നലെ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്.100 രൂപയാണ് മുതിർന്നവരുടെ ടിക്കറ്റ് നിരക്ക്. 12 വയസ് വരെയുള്ള കുട്ടികൾക്ക് 50 രൂപയാണ് നിരക്ക്. രാവിലെ 10ന് ആരംഭിക്കുന്ന പുഷ്പോത്സവം പുലർച്ചെ ഒന്ന് വരെ നീളും.
ആദ്യമായാണ് ക്രിസ്മസ്, പുതുവത്സര കാലത്ത് നഗരത്തിൽ വൈദ്യുതാലങ്കാരം നടത്തുന്നത്. യൂറോപ്യൻ രാജ്യങ്ങളിൽ ക്രിസ്മസിന് ഇത്തരം അലങ്കാരം പതിവാണ്. അതിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് നഗരവസന്തത്തിനൊപ്പം ദീപാലങ്കാരവും ഒരുക്കിയത്. കനകക്കുന്നിന് ചുറ്റും ഒരുക്കിയിരിക്കുന്ന ഉദ്യാനം കാണാനെത്തുന്നതിനെക്കാൾ തിരക്കാണ് അലങ്കാരം കാണാൻ.
കാൽനടയായും വാഹനങ്ങളിലുമായി ആളെത്തുന്നത് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. രാത്രി ഒന്നു വരെ പ്രദർശനം കാണാമെന്നതിനാൽ കുടുംബങ്ങൾ ധാരാളമായെത്തുന്നുണ്ട്. അവധിക്കാലം കൂടിയായതിനാൽ തിരക്കേറെയാണ്.
ഇന്നുമുതൽ സംഗീതരാവ്
നഗരവസന്തത്തിലെ ആഘോഷങ്ങൾക്ക് സംഗീത മധുരം പകർന്ന് സൂര്യകാന്തിയിൽ ഇന്ന് അരങ്ങുണരും. കഫെ കുടുംബശ്രീയുടെ നേതൃത്വത്തിൽ സൂര്യകാന്തിയിൽ സംഘടിപ്പിച്ചിട്ടുള്ള ഫുഡ് ഫെസ്റ്റിവലിൽ ജനത്തിരക്കേറുകയാണ്. ഇന്ത്യയുടെ രുചി വൈവിദ്ധ്യം സംഗീതത്തിന്റെ അകമ്പടിയോടെ ആസ്വദിക്കാനുള്ള അവസരമാണ് സൂര്യകാന്തിയിൽ ഒരുങ്ങുന്നത്. ഇന്ന് മുതൽ സൂര്യകാന്തിയിലെ സ്റ്റേജിൽ പ്രമുഖ ഗായകർ പാട്ടുമായെത്തും. രാത്രി ഒൻപത് മുതലാണ് സംഗീത നിശ ആരംഭിക്കുക. ഇന്ന് വൈകിട്ട് ഗായകൻ മനു തമ്പിയുടെ ശബ്ദമാധുര്യമാണ് സന്ദർശകർക്കായി ഒരുക്കിയിട്ടുള്ളത്. നാളെ ഗായിക രാജലക്ഷി ആസ്വാദകർക്ക് സംഗീത വിരുന്നൊരുക്കും. 26ന് ഗായകൻ ഖാലിദ്, 27ന് അഖില ആനന്ദ്, 28ന് പുഷ്പവതി, 29ന് നാരായണി ഗോപൻ, 30ന് അപർണ രാജീവ് എന്നിങ്ങനെ പ്രിയ ഗായകരെല്ലാം നഗര വസന്തത്തിൽ സംഗീത വസന്തം തീർക്കാനെത്തും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |