കരുത്ത് തെളിയിച്ച് ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രകടനം
തിരുവനന്തപുരം : അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന് സമാപനം കുറിച്ച് നടന്ന പ്രകടനം അനന്തപുരിയെ വനിത സാഗരമാക്കി. രാജ്യത്തിന്റെ വിവിധയിടങ്ങളിൽ നിന്നുള്ള സ്ത്രീകൾ മുദ്രാവാക്യം വിളിച്ചും ചെണ്ടയ്ക്കും ബാൻഡ് മേളത്തിനും താളം പിടിച്ചുമാണ് സമാപന സമ്മേളനം നടന്ന പുത്തരിക്കണ്ടം മൈതാനത്തേക്ക് എത്തിയത്. പ്രായത്തിന്റെ അവശതകൾ വകവയ്ക്കാതെ താളത്തിനൊപ്പം ചുവടുവച്ചവരുമുണ്ട്. ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ചെറിയ പ്രകടനങ്ങളായാണ് പുത്തരിക്കണ്ടത്തേക്കെത്തിയത്.പലയിടങ്ങളിൽ നിന്ന് പുഴ പോലെ ഒഴുകിയെത്തിയ വനിതകൾ പഴവങ്ങാടിയിലെത്തിയപ്പോൾ സാഗരമായി മാറുകയായിരുന്നു. ഗതാഗതകുരുക്ക് ഉണ്ടാകാതിരിക്കാൻ സംഘാടകർ പരമാവധി ശ്രമിച്ചതും ശ്രദ്ധേയമായി. പ്രധാന നേതാക്കൾ അണിനിരന്ന പ്രകടനം വൈകിട്ട് നാലിന് ആയുർവേദ കോളേജിന് മുന്നിലെ സ്വാഗതസംഘം ഓഫീസിൽ നിന്നാണ് ആരംഭിച്ചത്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രസിഡന്റ് പി.കെ.ശ്രീമതി,വൈസ് പ്രസിഡന്റുമാരായ സൂസൻ കോടി,കെ.കെ.ശൈലജ,സുഭാഷിണി അലി,സതീദേവി,ജനറൽ സെക്രട്ടറി മറിയം ധവ്ളെ,സെക്രട്ടറി സി.എസ്.സുജാത,പി.കെ.സൈനബ,സി.പി.എം പി.ബി അംഗം ബൃന്ദ കാരാട്ട്,മന്ത്രി ആർ.ബിന്ദു തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പരമ്പരാഗത വേഷത്തിലാണ് പൊതുസമ്മേളന നഗരിയിലെത്തിയത്.തമ്പാനൂർ,പവർ ഹൗസ് റോഡ്,ശ്രീകണ്ഠേശ്വരം,ഫോർട്ട്,അട്ടക്കുളങ്ങര തുടങ്ങിയയിടങ്ങളിൽ നിന്ന് ചെറിയ പ്രകടനങ്ങളിൽ ആരംഭിച്ച് പഴവങ്ങാടിയിലേക്കെത്തി. ഗതാഗതകുരുക്ക് ഒഴിവാക്കാൻ ആയുർവേദ കോളേജിന് മുന്നിൽ നിന്ന് പ്രധാന പ്രകടനം ആരംഭിക്കുന്നതിന് മുമ്പേ മറ്റിടങ്ങളിൽ നിന്നുള്ള പ്രകടനങ്ങൾ ആരംഭിച്ചു. അസോസിയേഷന്റെ മുദ്ര പതിച്ച തൊപ്പിയും തൂവെള്ളക്കൊടിയുമേന്തിയാണ് വനിതകൾ പ്രകടനത്തിൽ അണിനിരന്നത്. പ്രകടനം കാണാൻ നഗരത്തിന്റെ വിവിധയിടങ്ങളിൽ നിരവധി പേരും കാത്തുനിന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |