തളിക്കുളം: പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന് ജില്ലാ കായകൽപ്പ പുരസ്കാരം ലഭിച്ചു. ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, ആശുപത്രി മാലിന്യത്തിന്റെ ശാസ്ത്രീയമായ സംസ്കരണം, രോഗീ സൗഹൃദ അന്തരീക്ഷം, മാലിന്യങ്ങളുടെ ഉറവിട സംസ്കരണ സംവിധാനം, പൊതുമാലിന്യ സംസ്കരണം, റോഡ്, വൈദ്യുതി, കുടിവെള്ളം എന്നിവയുടെ സമയബന്ധിതമായ അറ്റകുറ്റപ്പണി തുടങ്ങിയവ പരിശോധന നടത്തിയാണ് അവാർഡ് നിശ്ചയിച്ചത്. കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്കായി ലക്ഷക്കണക്കിന് രൂപയാണ് തളിക്കുളം പഞ്ചായത്ത് ഓരോ വർഷവും നൽകി വരുന്നത്. തളിക്കുളം പഞ്ചായത്ത് 2019 ലെ ദേശീയ പുരസ്കാരം, ജില്ലാ ആർദ്രപുരസ്കാരം എന്നിവ മുമ്പ് നേടിയിരുന്നു.
ഒ.പി. പ്രവർത്തനം, ഫിസിയോതെറാപ്പി, വനിത ഫിറ്റ്നസ് സെന്റർ,സ്നേഹതീരത്തെ പൊതുജിം, പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ, രോഗ പ്രതിരോധ കുത്തിവയ്പ്, പാലിയേറ്റീവ് കെയർ പ്രവർത്തനങ്ങൾ, ആശാ പ്രവർത്തകരുടെ പ്രവർത്തനങ്ങൾ, സ്കൂൾ ആരോഗ്യ പ്രവർത്തനം, 10 ലക്ഷം രൂപ ചെലവഴിച്ച് വെയ്റ്റിംഗ് ഏരിയ, 10 ലക്ഷം രൂപ ചെലവഴിച്ച് കുടുംബാരോഗിക കേന്ദ്രം സൗന്ദര്യവത്കരണം എന്നിവ നടന്നുവരുന്നു. അടുത്തവർഷം തളിക്കുളം പഞ്ചായത്ത് സ്പീച്ച് തെറാപ്പി പദ്ധതിക്ക് കൂടി തുടക്കം കുറിക്കും. ജീവനക്കാരുടെയും പഞ്ചായത്ത് ഭരണ സമിതിയുടെയും കൂട്ടായ പ്രവർത്തനങ്ങളാണ് പുരസ്കാരം നേടിയെടുത്തതിന് പിറകിലെന്ന് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ. സജിത പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |