തൃശൂർ: പ്രമേയത്തിന്റെ വ്യത്യസ്തത കൊണ്ട് ശ്രദ്ധ നേടി ' ഒറ്റ'. ഗുരുവായൂർ ശ്രീകൃഷ്ണ എച്ച്.എസ്.എസിന്റെ നാടകമാണ് സ്ത്രീക്കുള്ളിലെ പുരുഷനെ പുറത്തെടുത്ത് പകർന്നാട്ടം നടത്തി ശ്രദ്ധ നേടിയത്. ആമിനയായും, അബൂബക്കറായും വേഷമിട്ട എൻ.എൽ.സാനിയ റോസിന്റെ പ്രകടനമികവ് കൂടിയായതോടെ ' ഒറ്റയ്ക്ക് ' അംഗീകാരമായി. ചാവക്കാട് സ്വദേശി അഹമ്മദ് മൊയ്‌നുദ്ദീൻ രചിച്ച 'ഇരട്ട ജീവിതം' എന്ന ചെറുകഥയാണ് ഷാജി നിഴലിന്റെ സംവിധാനത്തിൽ ഒറ്റയെന്ന നാടകമായത്. പുരുഷൻ സ്ത്രീയായി മാറുന്ന അവസ്ഥകളാണ് പല രചനകളും സിനിമകളും കൈകാര്യം ചെയ്യുന്നതെങ്കിൽ സ്ത്രീക്കുള്ളിലെ പുരുഷനാണ് ഒറ്റയെ വ്യത്യസ്തമാക്കിയത്. ആമിനയായി വിവാഹം കഴിഞ്ഞ് പോയവൾ അബ്ദുറഹിമാനായി വീട്ടിലേക്ക് തിരിച്ചെത്തുമ്പോൾ വീട്ടിൽ നിന്നും സമൂഹത്തിൽ നിന്നും അവർ അനുഭവിക്കുന്ന ഒറ്റപ്പെടലാണ് പ്രമേയം. ദേവാനന്ദ്, പ്രിയനന്ദ എന്നിവരാണ് പ്രധാന സഹനടന്മാർ. അതേസമയം കാണികളില്ലാതെ, അതിശയിപ്പിക്കും വിധം ശുഷ്‌കമായിരുന്നു ഇന്നലെ നാടകത്തിന്റെ അരങ്ങ്. പ്രമേയങ്ങൾ കൊണ്ട് വേറിട്ട ഒരുപിടി നാടകങ്ങളെത്തിയെങ്കിലും കൈയടിക്കാൻ ആരുമുണ്ടായില്ല.
വെള്ളമില്ല
ഗവ.മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ അയ്യായിരത്തോളം പേർക്കാണ് ഭക്ഷണം ഒരുക്കിയത്. ഒരു പൈപ്പിൽ നിന്ന് മാത്രമായിരുന്നു വെള്ളം വന്നത്. ഭക്ഷണം കഴിച്ച ശേഷം കൈകഴുകാൻ വെള്ളം കിട്ടാതെ കുറച്ചുനേരം വിദ്യാർത്ഥികൾ വലഞ്ഞു. പരാതി ഉയർന്നതോടെ വെള്ളമെത്തിച്ചു. ഗവ. മോഡൽ ഗേൾസിലെ കിണറ്റിൽ നിന്നാണ് വെള്ളം ശേഖരിക്കുന്നത്. ഇത് ധാരാളമാണെന്ന് ഭക്ഷണകമ്മിറ്റി കൺവീനർ അറിയിച്ചു.
കട്ടപോസ്റ്റ്
പതിവു തെറ്റിക്കാതെ ഇത്തവണയും മത്സരമാരംഭിച്ചത് ഏറെ വൈകി. രാവിലെ ഒമ്പതിന് ആരംഭിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരിടത്ത് പോലും സമയം പാലിക്കാനായിട്ടില്ല. പ്രധാനവേദിയായ ഹോളി ഫാമിലിയിൽ ആദ്യ ഇനമായ യു.പി വിഭാഗം ഭരതനാട്യം ആരംഭിച്ചത് 10.20നാണ്. പല സ്ഥലത്തും മത്സരാർത്ഥികളെത്താൻ വൈകിയതും മത്സരങ്ങൾ ആരംഭിക്കാൻ തടസമായി. പലയിടത്തും കാണികളും കുറവായിരുന്നു.
അസഭ്യവർഷം
വിധി നിർണ്ണയത്തിൽ തൃപ്തരാകാതെ വിധി കർത്താക്കൾക്ക് അസഭ്യവർഷം. ഇന്നലെ ഉച്ചയ്ക്ക് ശേഷം നടന്ന ഹൈസ്‌കൂൾ വിഭാഗം ഭരതനാട്യത്തിന്റെ വിധി നിർണയത്തിന് ശേഷമായിരുന്നു തർക്കം. വിധി നിർണയം നടത്തും മുമ്പ് സ്റ്റേജ് മാനേജർ വിധി നിർണയത്തിൽ പരാതി ഉള്ളവർ പറയണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്തു. ഇതിൽ പലർക്കും അതൃപ്തിയുണ്ടായി. ഇതോടെ രക്ഷിതാക്കളും മത്സരാർത്ഥികളും നൃത്താദ്ധ്യാപകരും വിധികർത്താക്കളുടെ മുന്നിലെത്തി ബഹളം വച്ചു. അസഭ്യ വർഷമായി. വനിതാ പൊലീസടക്കം പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഒടുവിൽ ഒന്നാം സ്ഥാനം ലഭിച്ചവരൊഴിച്ച് പങ്കെടുത്ത എല്ലാവരും അപ്പീൽ നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |