കൊടുങ്ങല്ലൂർ : പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി കേരള ക്ഷേത്ര സംരക്ഷണ സമിതി തൃശൂർ ജില്ല സംഘടിപ്പിച്ച വിദ്യാഗോപാല മന്ത്രാർച്ചന സമാപിച്ചു. തിരുവഞ്ചിക്കുളം ക്ഷേത്രം ശിവപാർവതി മണ്ഡപത്തിൽ നടന്ന യജ്ഞത്തിന് നരേന്ദ്രൻ അടികൾ മുഖ്യകാർമ്മികത്വം വഹിച്ചു. അതിരാവിലെ മഹാഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, സുദർശന ഹോമം എന്നിവ നടന്നു. തിരുവഞ്ചിക്കുളം ക്ഷേത്രത്തിലെ മഹാ സാമൂഹ്യ ആരാധനയ്ക്കു ശേഷം വിദ്യാർത്ഥികൾ യജ്ഞമണ്ഡപത്തിലെത്തി. തുടർന്ന് മീരാ രവീന്ദ്രന്റെ മാതൃഗീതത്തോടെ ഡോ. ആശാലത ടീച്ചറുടെ നേതൃത്വത്തിൽ മാതൃ പൂജ നടന്നു. നല്ല രീതിയിൽ വിദ്യ അഭ്യസിക്കുന്നതിന് ജീവിതത്തിൽ പാലിക്കേണ്ട ദിനചര്യകളെക്കുറിച്ച് അഖില ഭാരതീയ സംയോജകൻ എ. ഗോപാലകൃഷ്ണൻ ബോധവത്കരണ ക്ലാസ് നയിച്ചു. യജ്ഞാചാര്യൻ ചൊല്ലിക്കൊടുത്ത വിദ്യാഗോപാല മന്ത്രാർച്ചന വിദ്യാർത്ഥികൾ ഏറ്റുചൊല്ലി. യജ്ഞ പ്രസാദമായി 12000 ശ്രീവിദ്യാ മന്ത്രം ജപിച്ച സാരസ്വത ചൂർണം യജ്ഞാചാര്യനിൽ നിന്നും സ്വീകരിച്ചു. പ്രസാദ ഊട്ടോടുകൂടി യജ്ഞത്തിന് സമാപനമായി. സ്വാഗതസംഘം ചെയർമാൻ കെ.എ. മോഹൻദാസ്, കൺവീനർ ഉമേഷ് ബാബു, മേഖലാ സെക്രട്ടറി സി.എം. ശശീന്ദ്രൻ, ജില്ലാ സെക്രട്ടറി ഗോപിനാഥ്, ജില്ലാ ട്രഷറർ പ്രഭാകരൻ, മേഖലാ പാഠശാല പ്രമുഖ് മനോജ്, വെങ്കിടേശ്വര പ്രഭു, പരമേശ്വരൻ, ശങ്കരനാരായണൻ, കെ.എസ്. രാജേഷ്, സരിത പ്രതീപ്, പാർവതി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |