തൃപ്രയാർ: തീരമേഖലയിൽ മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞതിനെത്തുടർന്ന് തൊഴിലാളികൾ വറുതിയിൽ. ഇതോടെ മത്സ്യത്തിന് തൊട്ടാൽ പൊള്ളുംവില. ജില്ലയുടെ തീരദേശത്ത് മത്സ്യലഭ്യത കുറഞ്ഞതാണ് മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള അനുബന്ധ തൊഴിലാളികളെ ബുദ്ധിമുട്ടിലാക്കുന്നത്. ചാള, അയല ഉൾപ്പെടെയുള്ള ജനപ്രിയ മത്സ്യങ്ങളാണ് ഏതാനും നാളുകളായി വൻതോതിൽ കുറഞ്ഞിട്ടുള്ളത്.
മറ്റ് മത്സ്യങ്ങളും കിട്ടാനില്ലാത്ത അവസ്ഥയുണ്ട്. ഈസമയം താരതമ്യേന തരക്കേടില്ലാതെ മീൻ ലഭിക്കാറുണ്ട്. എന്നാൽ ഇക്കുറി മത്സ്യക്ഷാമം രൂക്ഷമാണെന്നാണ് തൊഴിലാളികളുടെ പക്ഷം. മത്സ്യം തേടിയുള്ള കടലിലെ ദൂരയാത്രയ്ക്ക് ഇന്ധനവില വർദ്ധനവും പ്രതിസന്ധിയാകുന്നു. മീൻലഭ്യത കുറഞ്ഞാൽ സാമ്പത്തിക പ്രതിസന്ധിയും തൊഴിലാളിയെ വലയ്ക്കുന്നുണ്ട്.
അഴീക്കോട് മുതൽ പൊന്നാനി വരെയുള്ള ഫിഷ് ബാങ്ക് എന്നറിയപ്പെടുന്ന മേഖലയിൽ കടലിൽ നിന്ന് മത്സ്യം ലഭിക്കാത്തതിനാൽ വൻ പ്രതിസന്ധിയാണ് നേരിടുന്നത്. കാലാവസ്ഥാ വ്യതിയാനത്താൽ ചൂട് കൂടിയതാകാം മത്സ്യലഭ്യത കുറച്ചതെന്നാണ് തൊഴിലാളികളുടെ നിഗമനം. രണ്ട് മാസത്തോളമായി ഈ പ്രതിസന്ധി തുടങ്ങിയിട്ട്.
ഒരു ദിവസം ഒരു വള്ളം മത്സ്യബന്ധനത്തിന് പോയാൽ ഇന്ധനത്തിന് മാത്രം വൻതുക ചെലവ് വരും. തൊഴിലാളികളുടെ കൂലി, ഭക്ഷണം തുടങ്ങിയ ചെലവുകൾ വേറെയും. മത്സ്യലഭ്യത കുറഞ്ഞതിനാൽ ചേറ്റുവ ഹാർബറിൽ നിന്ന് വിരലിലെണ്ണാവുന്ന വള്ളങ്ങൾ മാത്രമാണ് കടലിലേക്ക് പോകുന്നത്. മത്സ്യബന്ധനത്തിന് പോകാതെ വരുന്നതോടെ തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ജീവിതം പട്ടിണിയിലേക്ക് നീങ്ങുന്നുവെന്നതാണ് പരിഭവം.
മത്സ്യലഭ്യത കുറഞ്ഞതോടെ കുടുംബങ്ങൾക്ക് പ്രിയങ്കരമായ ചാള, അയല എന്നിവയ്ക്ക് 220 രൂപയോളം വിലയുണ്ട് വിപണിയിൽ. കമ്പനിക്കടവ്, വഞ്ചിപ്പുര എന്നിവിടങ്ങളിൽ നിന്ന് പോകുന്ന നീട്ടുവഞ്ചികൾക്കാണ് അയല കൂടുതൽ ലഭിച്ചിരുന്നത്. ഇപ്പോൾ ഇതും നിലച്ച മട്ടാണ്. വലിയ ചാളയും കിട്ടാനില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |