തൃശൂർ: പുരുഷാരത്തിന്റെ മനം നിറയ്ക്കുന്ന തൃശൂർ പൂരം ഇന്ന് കൊടിയേറും. ഉത്സവപ്രേമികളെ ആവേശത്തിലാക്കി പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടിയിലും പാറമേക്കാവിലും മറ്റ് ഘടക ക്ഷേത്രങ്ങളിലും ഇന്ന് പൂരപ്പതാകകൾ ഉയരും. ആദ്യം തിരുവമ്പാടി വിഭാഗവും പിന്നാലെ പാറമേക്കാവ് വിഭാഗവും കൊടിയേറ്റും. ഘടക ക്ഷേത്രങ്ങളായ ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കർത്യായനി ക്ഷേത്രം, ചെമ്പുക്കാവ് ഭഗവതി, പനംമുക്കുംപിള്ളി ശാസ്താവ്, കണിമംഗലം ശാസ്താവ്, കാരമുക്ക് പുക്കാട്ടിരി, നെയ്തലക്കാവ്, ചൂരക്കോട്ടുകാവ് എന്നിവിടങ്ങളിലും ഇന്ന് പൂരത്തിന് കൊടിയേറും. പൂരത്തിന്റെ ഭാഗമായുള്ള പന്തലുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 19നാണ് പൂരം. പൂരത്തിന് മുന്നോടിയായി സാമ്പിൾ വെടിക്കെട്ട് 17ന് വൈകിട്ട് ഏഴിന് നടക്കും.
തിരുവമ്പാടി
തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11.30നും 11.45നും മദ്ധ്യേയാണ് കൊടിയേറ്റ്. തിരുവമ്പാടിയിൽ പാരമ്പര്യ അവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും കൊടിമരം ഒരുക്കും. പൂജിച്ച കൊടിക്കൂറ മേൽശാന്തി ദേശക്കാർക്ക് കൈമാറും . തുടർന്ന് കൊടിമരത്തിൽ ചാർത്തി, ദേശക്കാർ ഉപചാരപൂർവം കൊടിമരം നാട്ടി കൂറ ഉയർത്തും. മൂന്നരയോടെ നടുവിലാലിലും നായ്ക്കനാലിലും പൂരക്കൊടി ഉയർത്തും. വടക്കുന്നാഥ ക്ഷേത്രത്തിന്റെ ശ്രീമൂലസ്ഥാനത്ത് മേളം കലാശിക്കും. തുടർന്ന് പടിഞ്ഞാറെ ചിറയിലെത്തി ഇറക്കി പൂജ കഴിഞ്ഞ് ആറാട്ട് നടത്തി മടങ്ങും.
പാറമേക്കാവ്
പാറമേക്കാവിൽ ഉച്ചയ്ക്ക് 12നും 12.15നും ഇടയ്ക്കാണ് കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തിൽ പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടുകാർ കൊടിമരം ഒരുക്കും. വലിയപാണിക്കുശേഷം തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തും. തുടർന്ന് ക്ഷേത്ര സമുച്ചയത്തിലെ പാലമരത്തിലും മണികണ്ഠനാലിലും കൊടി ഉയർത്തും. പാറമേക്കാവിൽ കൊടിയേറ്റിനുശേഷം എഴുന്നള്ളിപ്പ് ആരംഭിക്കും. മേളത്തോടെ വടക്കുന്നാഥനിലെത്തി ചന്ദ്രപുഷ്‌കർണിയിൽ ആറാടും.
തട്ടകങ്ങൾ ഉണരുന്നു, ഘടക ക്ഷേത്രങ്ങളിലും ഇന്ന് കൊടിയേറ്റം
പൂരത്തെ പൂർണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും ശനിയാഴ്ച രാവിലെ മുതൽ പൂരക്കൊടികൾ ഉയരും. പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. വിവിധ പരിപാടികളും നടക്കുന്നുണ്ട്. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക. രാവിലെ എട്ടിനും 8.30 നും ഇടയിലാണ് കൊടിയേറ്റം. അയ്യന്തോൾ കാർത്യായനി ക്ഷേത്രത്തിൽ കൊടിയേറ്റം 11നും 11.30നും ഇടയിലാണ്. മറ്റുള്ള ക്ഷേത്രങ്ങളിലെല്ലാം വൈകിട്ടോടെയാണ് കൊടിയേറ്റം നടക്കുക. കണിമംഗലം ശാസ്താവിന്റെ കൊടിയേറ്റം വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം നടക്കും. പൂക്കാട്ടിക്കര കാരമുക്ക് ക്ഷേത്രത്തിലെ കൊടിയേറ്റം വൈകിട്ട് 6.30 നാണ്. പനമുക്കുംപിള്ളി ധർമ്മശാസ്താ ക്ഷേത്രത്തിലെ കൊടിയേറ്റം വൈകിട്ട് 6.30നും ഏഴിനും ഇടയിലും ചൂരക്കോട്ടുകാവ് ക്ഷേത്രത്തിൽ കൊടിയേറ്റം രാത്രി 7.30നുമാണ്. പൂരംവിളംബരം നടത്തുന്ന കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രത്തിലെ കൊടിയേറ്റം രാത്രി 7.30നാണ്. ചെമ്പുക്കാവ് ഭഗവതി ക്ഷേത്രത്തിൽ വൈകിട്ട് 5.30നും പൂരം കൊടിയേറും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |