ചേർപ്പ്: പാറളം പഞ്ചായത്തിലെ അമ്മാടം മുള്ളക്കര പ്രദേശത്ത് വീശിയടിച്ച മിന്നൽച്ചുഴലിയിൽ വ്യാപക നാശം. കൂറ്റൻ മാവ് ഒടിഞ്ഞുവീണ് ഒരു വീട് പൂർണമായും തകർന്നു. തിങ്കളാഴ്ച്ച പുലർച്ചെ മൂന്നോടെയായിരുന്നു കാറ്റ് വീശിയത്. നാല് വീടുകളുടെ മേൽക്കൂരയിലെ ഓടുകൾ പറന്നുപോയി. പലയിടത്തും വീടുകളുടെ ചുമരുകൾക്ക് വിള്ളലുണ്ടായി. ശുചിമുറി തകർന്നുവീണു. വാഴകളും മറ്റും നശിച്ചു. മുള്ളക്കര ചക്കാലക്കൽ പ്രകാശനും കുടുംബവും ദീർഘകാലമായി വാടകയ്ക്ക് താമസിക്കുന്ന ചിറ്റാട്ടുകരക്കാരൻ ആന്റോയുടെ വീടാണ് പൂർണമായും തകർന്നത്. അപകടസമയത്ത് പ്രകാശനും ഭാര്യ ഗീതയും കാലിന് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന മകനും വീട്ടിലുണ്ടായിരുന്നു. കാറ്റ് വീശാൻ തുടങ്ങിയപ്പോഴേ ഗീത മകനെയും ഭർത്താവിനെയും വിളിച്ചുണർത്തി കോൺക്രീറ്റ് മേൽക്കൂരയുള്ള അടുക്കള ഭാഗത്തേക്ക് മാറിയതിനാൽ ആളപായം ഒഴിവായി. വീടിന്റെ ഓടുമേഞ്ഞ മേൽക്കൂര ഭാഗം മുഴുവൻ നിലംപൊത്തി. മകൻ കിടന്നിരുന്ന മുറിയിലേക്ക് മാവിന്റെ വലിയ കൊമ്പ് ഒടിഞ്ഞുവീണു.
ഓട്ടുപുരയ്ക്കൽ രാജേഷ്, പഴയാടൻ ഹരിഹരൻ, എടക്കാട്ടിൽ പരമു, എടക്കാട്ടിൽ സുബീഷ് എന്നിവരുടെ വീടുകൾക്കും നാശനഷ്ടമുണ്ടായി. ഓട്ടുപുരയ്ക്കൽ രാജേഷിന്റെ വീടിന്റെ മേൽക്കൂരയിലെ ഓട് പൂർണമായും പറന്നുപോയി. മറ്റ് വീടുകളുടെ ഓടും ഷീറ്റും പറന്നുപോവുകയും ചുമരുകൾക്ക് വിള്ളലേൽക്കുകയും ചെയ്തു. ശബ്ദം കേട്ട് എല്ലാവരും പുറത്തേക്ക് മാറിയതിനാൽ ആർക്കും പരിക്കേറ്റില്ല. പ്രദേശത്ത് വാഴയുൾപ്പെടെ പറമ്പിലെ നിരവധി കൃഷികളും നശിച്ചു. സി.സി.മുകുന്ദൻ എം.എൽ.എയോടൊപ്പം പാറളം പഞ്ചായത്ത് പ്രസിഡന്റ് മിനി വിനയൻ, സി.പി.എം ലോക്കൽ സെക്രട്ടറി ടി.ജി.വിനയൻ, ജനപ്രതിനിധികളായ ജെയിംസ് പി.പോൾ, വിദ്യ നന്ദനൻ, കെ.പ്രമോദ്, സുബിത സുഭാഷ് എന്നിവർ സ്ഥലം സന്ദർശിച്ചു.
നാശനഷ്ടം സംഭവിച്ചവർക്ക് സഹായം ലഭ്യമാക്കും. വീടുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കും വരെ കുടുംബങ്ങൾക്ക് മാറിത്താമസിക്കാനുള്ള സൗകര്യമൊരുക്കും.
സി.സി.മുകുന്ദൻ എം.എൽ.എ
എച്ചിപ്പാറയിൽ മഴ വെള്ളപ്പാച്ചിൽ :
താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ട് ഭീഷണിയിൽ
ചാലക്കുടി/ വടക്കാഞ്ചേരി/ പാലപ്പിള്ളി : പെരുമഴയിൽ ഡാമുകൾ തുറന്നതോടെ പുഴയോര നിവാസികളും താഴ്ന്ന പ്രദേശങ്ങളിലുള്ളവരും വെള്ളപ്പൊക്ക ഭീഷണിയിൽ. പെരിങ്ങൽക്കുത്ത് ഡാമിലെ നാല് ഷട്ടറുകൾ എട്ട് സെന്റി മീറ്റർ ഉയർന്നതാണ് ചാലക്കുടി പുഴയോരവാസികളെ ആശങ്കയിലാക്കിയത്. അതേസമയം എച്ചിപ്പാറയിൽ തോട് കരകവിഞ്ഞ് ഒഴുകി വീട്ടിലേക്കും മദ്രസയിലേക്കും വെള്ളം കയറി. വനത്തിൽ നിന്നും തോട്ടങ്ങളിലൂടെ ഒഴുകുന്ന ചീനിത്തോട്ടിലൂടെ ചെളിയും മണ്ണും കുത്തിയൊലിച്ച് ഒഴുകി വരുന്നത് വനത്തിൽ ഉരുൾപ്പൊട്ടലുണ്ടാക്കിയതായി സംശയിക്കുന്നു. അതേസമയം ഉരുൾപ്പൊട്ടലിന് സ്ഥിരീകരണമായില്ല. തോടിന് കുറുകെയുള്ള പാലത്തിന് മുകളിലൂടെയാണ് വെള്ളം ഒഴുകിയത്. കുറുമാലി പുഴയിൽ ചേരുന്നതാണ് ചീനിത്തോട്. പാലപ്പിള്ളി സെന്ററിലെ റോഡിലും വെള്ളം ഇരച്ചുകയറി.
വാഴാനി ഡാമിനൊപ്പം പത്താഴക്കുണ്ട്, പൂമല, അസുരൻ കുണ്ട്, പേരേപ്പാറ ഡാം തുറന്നതോടെയാണ് വാഴാനിപ്പുഴയോര നിവാസികളെ ആശങ്കയിലാഴ്ത്തിയത്. വാഴാനിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്. ഭീമൻ മരങ്ങൾ പുഴയിലൂടെ കുത്തിയൊലിച്ചൊഴുകുന്നു. പാടശേഖരങ്ങളിൽ മുഴുവൻ വെള്ളം നിറഞ്ഞു. മങ്കര ലക്ഷം വീട് കോളനിയിൽ വെള്ളം കയറി. ഇവിടേക്കുള്ള വഴിയിലും വെള്ളക്കെട്ടാണ്. നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ വെള്ളം കയറിയ പ്രദേശങ്ങൾ സന്ദർശിച്ചു. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനമാരംഭിച്ചു. വിളിക്കേണ്ട നമ്പർ 04884 232252.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |