തൃശൂർ: ലാനിനയ്‌ക്കൊപ്പം ഇന്ത്യൻ ഓഷൻ ഡൈപോൾ പ്രതിഭാസവും ഈ മാസമുണ്ടായാൽ പീച്ചി അടക്കമുള്ള ഡാമുകൾ വീണ്ടും പ്രളയസമാനമായേക്കുമെന്ന് ആശങ്ക. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചമുതൽ ചൊവ്വാഴ്ച ഉച്ചവരെ 24 മണിക്കൂറിനുള്ളിൽ ഏകദേശം ആറടിയോളം വെള്ളം നാല് ഷട്ടറുകളിലൂടെ തുറന്നുവിട്ടതോടെ പീച്ചിയുടെ പരിസരപ്രദേശങ്ങളിൽ വെള്ളം ഉയർന്നിരുന്നു.
2018ലെ വെള്ളപ്പൊക്കത്തേക്കാൾ ജലം ഉയർന്നതിന് കാരണം അശാസ്ത്രീയമായി ഡാം തുറന്നതാണെന്ന ആരോപണവും ശക്തമാണ്. പുത്തൂർ, നടത്തറ പഞ്ചായത്തുകളിൽ ഇനിയും വെളളപ്പൊക്കം ഉണ്ടാകാതിരിക്കണമെങ്കിൽ ജലവിതാനനിയന്ത്രണം കൂടുതൽ ശാസ്ത്രീയമാക്കണമെന്നാണ് ആവശ്യം. ജലനിയന്ത്രണം കൈകാര്യം ചെയ്യേണ്ട എക്‌സിക്യൂട്ടിവ് എൻജിനിയർ അടക്കമുള്ള തസ്തികകളിൽ താത്കാലിക ചുമതല നൽകി ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് ഒഴിവാക്കണമെന്നും ആവശ്യമുണ്ട്.
ജില്ലാഭരണകൂടവും ജലവിഭവവകുപ്പും ചേർന്ന് എടുക്കേണ്ട തീരുമാനം പാളിയതാണ് അധികജലം തുറന്നുവിടുന്നതിലേക്ക് നയിച്ചത്. ഏതാനും ഇഞ്ച് വെള്ളം തുറന്നുവിടുമെന്ന് വെള്ളപ്പൊക്കത്തിന് നാല് ദിവസം മുമ്പ് പ്രഖ്യാപിച്ചിരുന്നു. പിന്നീട് തിരുത്തി, വൈദ്യുതി ഉത്പാദനത്തിന് പരിമിതമായ അളവിൽ ജലം തുറന്നുവിടുമെന്നായി. അന്ന് കൂടുതൽ ജലം തുറന്നു വിട്ടിരുന്നുവെങ്കിൽ ജനങ്ങൾക്ക് ദുരിതവും കാർഷികവിളകൾക്ക് നാശവും ഉണ്ടാകുമായിരുന്നില്ല.
പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ തീവ്രവെള്ളപ്പൊക്കത്തിന് മറ്റ് രണ്ട് കാരണങ്ങൾ കൂടിയുണ്ട്. കൈനൂർ ചിറയുടെ അപാകതയാണ് അതിലൊന്ന്. വളരെക്കാലം മുമ്പ് നിർമ്മിച്ച കൈനൂർ ചിറയിൽ എത്തുന്ന വെള്ളം പുറത്തേക്കൊഴുക്കുന്നതിന് വളരെ ഇടുങ്ങിയ മാർഗങ്ങളാണുള്ളത്. മണലിപ്പുഴയുടെ വീതി കണക്കിലെടുത്ത് അത്രയും വീതിയിൽ വെള്ളത്തെ ക്രമീകരിക്കാവുന്ന വിധം കൈനൂർ ചിറ നവീകരിക്കണം.
ഏഴാം ചിറയും ഏഴാലി തോടും ഉപയോഗശൂന്യമായതും പ്രശ്‌നമായി. നടത്തറ, പുത്തൂർ പഞ്ചായത്തുകളിലെ കുരുടൻ ചിറ മുതൽ പുത്തൂർ പാലത്തിന് സമീപം വരെ നീളുന്ന ഏഴാലിത്തോട് പലയിടത്തും നികത്തപ്പെട്ടു.
മന്ത്രിക്ക് നിവേദനം
കൈനൂർ ചിറയും ഏഴാലി തോടും അടിയന്തരമായി നവീകരിക്കണം. ഇക്കാര്യം ആവശ്യപ്പെട്ട്
റവന്യൂ വകുപ്പ് മന്ത്രിക്കും കളക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്.
- എം. പീതാംബരൻ, ചെയർമാൻ, സർവോദയ ദർശൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |