അടാട്ട് മിനി ടൗൺഷിപ്പ് ഒരുങ്ങുന്നു, ലൈഫ് മിഷൻ ഗുണഭോക്താക്കൾക്ക് 10 രൂപ വാടകയിൽ പാർപ്പിടം

Wednesday 13 May 2026 12:00 AM IST

അടാട്ട്: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്‌ളാറ്റ് വിവാദങ്ങൾക്കിടയിൽ, ഭൂരഹിതർക്ക് വിപ്ലവകരമായ പാർപ്പിട പദ്ധതിയൊരുക്കി അടാട്ട് പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് അനിൽ അക്കരയുടെ നേതൃത്വത്തിൽ 225 കുടുംബങ്ങൾക്ക് തല ചായ്ക്കാൻ ഒരിടമൊരുക്കുകയാണ് ലക്ഷ്യം. അമല ആശുപത്രി സർക്കാരിന് കൈമാറിയ ആറേക്കർ ഭൂമി വിട്ടുനൽകാൻ ആവശ്യപ്പെട്ടുകൊണ്ടാണ് ഈ വൻകിട പദ്ധതിക്ക് രൂപരേഖ തയ്യാറാക്കിയിരിക്കുന്നത്. ചിറ്റിലപ്പിള്ളി ആശ്രയ ഭവൻ മോഡലിൽ വിഭാവനം ചെയ്യുന്ന ഈ മിനി ടൗൺഷിപ്പിൽ, ലൈഫ് മിഷൻ പട്ടികയിലുള്ള നിർദ്ധനരായ കുടുംബങ്ങൾക്ക് പ്രതിമാസം വെറും 10 രൂപ വാടകയിൽ താമസിക്കാം. വടക്കാഞ്ചേരി ചരൽപറമ്പിലെ ഫ്‌ളാറ്റ് നിർമ്മാണം വിവാദങ്ങളിൽപ്പെട്ട് അനാഥമായി കിടക്കുമ്പോഴാണ് സമാനമായ സാഹചര്യത്തിൽ മറ്റൊരു ബദൽ വികസന മാതൃകയുമായി അനിൽ അക്കര രംഗത്തെത്തുന്നത്. രാഷ്ട്രീയ വാഗ്ദാനങ്ങൾ പാഴാക്കാതെ ഭവനരഹിതരുടെ സ്വപ്നങ്ങൾക്ക് ചിറകുനൽകുന്ന ഈ നീക്കം ചരൽപറമ്പിലെ വികസന മുരടിപ്പിനുള്ള മറുപടിയായാണ് വിലയിരുത്തപ്പെടുന്നത്.