3 മണിക്കുർ.....3 കിലോമീറ്റർ വിറപ്പിച്ച് കൊമ്പൻ!
- ലക്ഷങ്ങളുടെ നാശനഷ്ടം
തൃശൂർ: മൂന്നു മണിക്കൂർ നേരം നഗരത്തെയും സമീപപ്രദേശങ്ങളെയും വിറപ്പിച്ച കൊമ്പൻ തച്ചുതകർത്തതിലൂടെ ലക്ഷങ്ങളുടെ നാശനഷ്ടം. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവങ്ങളുടെ തുടക്കം. തേക്കിൻകാട് മൈതാനത്തുകൂടെ നടത്തിക്കൊണ്ടുപോകുകയായിരുന്ന ആന കിഴക്കേനടയ്ക്കു സമീപംവച്ച് പെട്ടെന്ന് ഇടഞ്ഞോടുകയായിരുന്നു. ഇവിടെനിന്ന് ഇടഞ്ഞോടിയ ആന പോകുന്ന വഴിയിൽ കണ്ടതെല്ലാം തകർത്തു. ഗാന്ധി നഗറിലെ ജനവാസ മേഖലയിലേക്ക് കടന്ന ശിവം ലക്ഷ്മി അയ്യപ്പൻ എന്ന ആനയിൽനിന്ന് കാറിൽ പോകുകയായിരുന്ന വീട്ടമ്മ രക്ഷപ്പെട്ടത് അത്ഭുതകരമായാണ്. ഇന്നലെ രാവിലെ എട്ടരയോടെയാണ് സംഭവം. മൂന്നു മണിക്കൂറിനുശേഷം നഗരത്തിൽനിന്ന് മൂന്നുകിലോമീറ്റർ അകലെ ചേറൂർ ഗാന്ധിനഗർ സ്ട്രീറ്റിലെ ജനവാസമേഖലയിലെ വീട്ടുവളപ്പിലാണു ആനയെ തളച്ചത്.
തകർത്തത് വാഹനങ്ങളും മതിലുകളും
പാറമേക്കാവിനുമുമ്പിൽ നിറുത്തിയിട്ടിരുന്ന ബസുകൾക്കിടയിലൂടെ പാലസ് റോഡിലേയ്ക്ക് ഇറങ്ങി ടൗൺ ഹാളിനുമുമ്പിലെത്തിയ ആന കാർ കുത്തിമറിച്ചിട്ടു. ഒപ്പം ടൗൺ ഹാളിന്റെ മതിലും സമീപത്തെ തട്ടുകടയും തകർത്തു.
തുടർന്ന് ചെമ്പൂക്കാവിലൂടെ ചേറൂർ റോഡിലേയ്ക്ക് ഇറങ്ങി ഗാന്ധിനഗർ സ്ട്രീറ്റിലെ ഹൗസിംഗ് കോളനിയിലേക്കു കടന്നു. ഇവിടെവച്ച് ഇരുമ്പുഷീറ്റ് മേഞ്ഞ കാർ ഷെഡുകളും മതിലുകളും ഗേറ്റുകളും വാഹനങ്ങളും തകർത്തു. കാറുകൾ കുത്തിമറിച്ചിട്ടു. വീട്ടുവളപ്പുകളിലെ മരങ്ങളും വാഴകളും ചെടികളും ചവിട്ടിമെതിച്ചു. ഗാന്ധനഗറിലെ അജിത്ത് എന്നയാളുടെ വീട്ടുവളപ്പിൽവച്ചാണ് ആനയെ തളച്ചത്. ശോഭന പുതു തറവാട്ടിൽ, മണപ്പെട്ടി വിജീഷ്, ഗ്രേസ് വില്ലയിൽ ശെൽവരാജൻ, കരിപ്പായി വിനിൽ, അരത്തോടി റഷീദ് എന്നിവരുടെ മതിലുകളും ഗ്രില്ലുകളുമാണ് തകർത്തത്. പുത്തൂർ പുല്ലയിൽ ജിജേഷ്, പുല്ലഴി വടക്കേപുരയ്ക്കൽ സോമസുന്ദരൻ, കുറുമാലി കുറുമലശേരി സുജീഷ്, പുത്തൂർ നൂർകുളം വിജയ, വെട്ടുക്കാട് പറപ്പായി മലയിൽ ബിബിൻ എന്നിവരുടെ ഇരുചക്രവാഹനങ്ങളും തകർത്തു.
നാശനഷ്ടങ്ങൾ
കാറുകൾ 3 ബൈക്കുകൾ 6 മതിലുകൾ 5 ഓട്ടോറിക്ഷ 1 ടൗൺഹാളിന്റെ ഫെൻസിംഗ് ഗ്രിൽ വീടുകളുടെ ട്രസ് വർക്കുകൾ പോസ്റ്റ് ഓഫീസ് കെട്ടിടത്തിന്റെ ട്രസ് വർക്ക്
സ്ഥലം സന്ദർശിച്ച് മന്ത്രിയും ജനപ്രതിനിധികളും
തൃശൂർ : ആന ഇടഞ്ഞതറിഞ്ഞ് മന്ത്രി ഒ.ജെ.ജനീഷ് ഉൾപ്പെടെ ജനപ്രതനിധികളും നേതാക്കളും സ്ഥലത്തെത്തി. മന്ത്രി ഒ.ജെ. ജനീഷ്, രാജൻ പല്ലൻ എം.എൽ.എ, മേയർ ഡോ. നിജി ജസ്റ്റിൻ, ഡെപ്യൂട്ടി മേയർ എ.പ്രസാദ് എന്നിവർ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങൾ സന്ദർശിച്ചു. ആനയെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനാവശ്യമായ നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശം നൽകി. നഷ്ടപരിഹാരം സംബന്ധിച്ച് തീരുമാനമാകാതെ ആനയെ കൊണ്ടുപോകാൻ കഴിയില്ലെന്ന് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.ബി.ഗോപാലകൃഷ്ണൻ ആവശ്യപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ മന്ത്രി ഇടപ്പെട്ട് പ്രശ്നം അവസാനിപ്പിച്ചു. കൗൺസിലർമാരും ബി.ജെ.പി മേഖല പ്രസിഡന്റ് എ.നാഗേഷ് ഉൾപ്പടെയുള്ളവരും സ്ഥലത്തെത്തി. ആവശ്യമായ നടപടികൾ സ്വീകരിക്കാൻ മന്ത്രി കളക്ടർക്ക് നിർദ്ദേശം നൽകി.
ആന വാർത്തയിലേക്ക്
ആനക്കും പരിക്കേറ്റു
ഇടഞ്ഞോടിയ ആന വഴിയിലുണ്ടായിരുന്ന വാഹനങ്ങളും മറ്റ് സാധനസാമഗ്രികളും തകർത്തു. ഇതിനിടെ ആനയുടെ മസ്തകത്തിലും തുമ്പിക്കൈയിലും ചെവിയിലും കൊമ്പിന് സമീപത്തും പരിക്കേൽക്കുകയും ചോരയൊഴുകുകയും ചെയ്തിട്ടുണ്ട്. ആന ഓടിവരുന്നത് കണ്ട് പലരും വാഹനങ്ങൾ ഉപേക്ഷിച്ചും വഴിതിരിഞ്ഞുപോയതിനാലും വലിയ അപകടം ഒഴിവായി. ആനയുടെ മുന്നിൽപ്പെട്ട ഒരു ഇരുചക്രവാഹന യാത്രികൻ വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു. സമീപത്തുണ്ടായിരുന്ന പശു കയർ പൊട്ടിച്ചോടുകയും ചെയ്തു.
മാദ്ധ്യമ പ്രവർത്തകർക്ക് നേരെ പാപ്പാൻമാരുടെ പ്രകോപനം
സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ പത്ര ഫോട്ടോഗ്രാഫർമാരോട് പാപ്പാന്മാർ കയർത്തു സംസാരിക്കുകയും ആക്രമിക്കുകയും ചെയ്തു. പാപ്പാന്മാരുടെ ആക്രമണത്തിൽ ഫോട്ടോഗ്രാഫർ വിഘ്നേഷിന് പരിക്കേറ്റു. കേരള കൗമുദി ചീഫ് ഫോട്ടോഗ്രാഫർ റാഫി എം. ദേവസിയെയും അവർ കൈയേറ്റം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് കെ.യു.ഡബ്യൂയു.ജെ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മാദ്ധ്യമ പ്രവർത്തകർക്ക് നേരെ തുടർച്ചയായി ഉണ്ടാകുന്ന ഇത്തരം നടപടിയിൽ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു.
പാപ്പാന് പരിക്ക്
ആനയുടെ മുകളിലുണ്ടായിരുന്ന പാപ്പാന്മാരിൽ ഒരാൾ പാലസ് റോഡിൽ വച്ച് താഴേക്ക് ചാടിയതിനെത്തുടർന്ന് പരിക്കേറ്റു. കൊല്ലം സ്വദേശി അനീഷിനാണ് പരിക്കേറ്റത്. ഉപ്പൂറ്റിയിലെ എല്ലിനും വാരിയെല്ലുകളിൽ ഒന്നിനും പൊട്ടലുണ്ട്. അനീഷ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
അന്വേഷണത്തിന് ഉത്തരവിട്ട് കളക്ടർ
തൃശൂർ: തൃശൂരിൽ ആന ഇടഞ്ഞുതുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഉത്തരവിട്ടു. തൃശൂർ ഡി.എഫ്.ഒയ്ക്കും സോഷ്യൽ ഫോറസ്ട്രി എ.സി.എഫിനുമാണ് നിർദ്ദേശം നൽകിയത്. തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരോട് വാഹനങ്ങളുടെയും മറ്റു വസ്തുക്കളുടെയും നഷ്ടം സംബന്ധിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാനും അടിയന്തര നിർദേശം നൽകി. നാശനഷ്ടങ്ങൾ സംഭവിച്ച എല്ലാവർക്കും നഷ്ടപരിഹാരം ലഭിക്കുമെന്ന് ഉറപ്പുവരുത്തും. നിയമലംഘനങ്ങളുണ്ടോയെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെയും സോഷ്യൽ ഫോറസ്ട്രി എ.സി.എഫിന്റെയും റിപ്പോർട്ട് അനുസരിച്ച് നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.