മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഉറപ്പ് തന്നു, 'ആശ്വാസം, സന്തോഷം... നീതി ഉറപ്പെന്ന് സുജിത്ത്

Tuesday 26 May 2026 12:33 AM IST

തൃശൂർ: 'ആശ്വാസം, സന്തോഷം... നീതി കിട്ടുമെന്ന് ഉറപ്പായി..! ഡി.ജി.പിയോട് ഒരാഴ്ചയ്ക്കകം റിപ്പോർട്ട് ആഭ്യന്തര മന്ത്രിയും ഐ.ജിയിൽ നിന്നും റിപ്പോർട്ട് മുഖ്യമന്ത്രിയും ആവശ്യപ്പെട്ടിട്ടുണ്ട്. കുന്നംകുളം പൊലീസ് സ്റ്റേഷനിൽ ക്രൂരമർദ്ദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്.സുജിത്ത് കുറ്റവാളികളായ പൊലീസുകാർക്ക് ശിക്ഷ കിട്ടുമെന്ന പ്രതീക്ഷയിലാണ്. 2023 ഏപ്രിൽ ആറിനാണ് സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് അതിക്രൂരമായി മർദ്ദിച്ചത്. കഴിഞ്ഞ വർഷം സെപ്തംബറിലാണ് ദൃശ്യങ്ങൾ പുറത്തുവന്നത്.

ദൃശ്യങ്ങൾ പുറത്തുവന്ന് എട്ടുമാസം കഴിഞ്ഞിട്ടും പൊലീസുകാരെ സസ്‌പെൻഡ് ചെയ്തതല്ലാതെ മറ്റൊരു അന്വേഷണവും നടന്നിരുന്നില്ല. ഇതോടെയാണ് പുതുതായി അധികാരമേറ്റ യു.ഡി.എഫ് സർക്കാരിലെ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും കണ്ടതെന്നാണ് സുജിത്തിന്റെ വിശദീകരണം.

'ക്രൂരമായി മർദ്ദിച്ചെന്ന് കാണിച്ച് സംഭവമുണ്ടായ 2023ൽ ആദ്യം പരാതി നൽകിയതിൽ ഒരു നടപടിയും ഉണ്ടായില്ല. പ്രതികളായ പൊലീസുകാർക്ക് കൂടുതൽ സൗകര്യമാകുംവിധം വീടിനടുത്തേക്ക് സ്ഥലം മാറ്റുകയായിരുന്നു. കഴിഞ്ഞവർഷം ദൃശ്യങ്ങൾ പുറത്തുവതോടെയാണ് നാല് പ്രതികളെ സസ്‌പെൻഡ് ചെയ്തത്. മറ്റൊരാൾ വകുപ്പ് മാറിയതിനെത്തുടർന്ന് ഒരു നടപടിയും ഉണ്ടായതുമില്ല.' സുജിത്ത് വിശദീകരിക്കുന്നു.

കുന്നംകുളം സ്റ്റേഷനിലെ എസ്.ഐയായിരുന്ന നൂഹ്മാൻ, സി.പി.ഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ, ഡ്രൈവർ സുഹൈർ എന്നിവരാണ് സുജിത്തിനെ മർദ്ദിച്ചത്. ഇതിൽ സുഹൈർ പൊലീസിൽ നിന്നും പഞ്ചായത്ത് വകുപ്പിൽ വി.ഇ.ഒയായി മാറിയതിനാൽ നടപടിയെടുത്തിരുന്നില്ല. ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ റേഞ്ച് ഐ.ജിയായിരുന്ന എസ്.ഹരിശങ്കറിൽ നിന്നും ഡി.ജി.പി റവാഡ ചന്ദ്രശേഖർ റിപ്പോർട്ട് തേടിയിരുന്നു. എന്നാൽ, തുടർനടപടികളൊന്നും ഉണ്ടായില്ലെന്നാണ് സുജിത്തിന്റെ പരാതി. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാൻ പൊലീസുകാർ പണം വാഗ്ദാനം ചെയ്‌തെന്നും സുജിത്ത് ആരോപിച്ചിരുന്നു.

മൂന്ന് വർഷമായിട്ടും കുറ്റപത്രമില്ല

2023 ഏപ്രിലിൽ കുന്നംകുളം പൊലീസ് സുജിത്തിനെതിരെ കേസെടുത്തെങ്കിലും ഇതേവരെ കുറ്റപത്രം സമർപ്പിച്ചില്ല. പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത മൂന്ന് പ്രതികളെ സുജിത്ത് ബലം പ്രയോഗിച്ച് ജീപ്പിൽ നിന്നും ഇറക്കിയെന്നും എസ്.ഐ നൂഹ്മാനെ ആക്രമിച്ച് കൈവിരൽ തിരിച്ച് പരിക്കേൽപ്പിച്ചെന്നും യൂണിഫോം വലിച്ചുകീറിയെന്നുമായിരുന്നു എഫ്.ഐ.ആറിൽ. ഐ.പി.സി 201, 225 ബി, 332, 353, 427, 34, അബ്കാരി നിയമത്തിലെ 15 തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് കേസെടുത്തത്. കഴിഞ്ഞയാഴ്ചയും ചാർജ് ഷീറ്റ് ആവശ്യപ്പെട്ട് സുജിത്ത് സിറ്റി പൊലീസ് കമ്മിഷണറെ സമീപിച്ചിരുന്നു.