ഇനിയില്ല... പരമ്പരാഗത രീതികൾ കേരള കലാമണ്ഡലത്തിന് മാറ്റത്തിന്റെ മോടി..!

Tuesday 26 May 2026 12:33 AM IST
1

തൃശൂർ: പരമ്പരാഗത രീതികളിൽ നിന്നു മാറി മാറ്റത്തിന്റെ മോടിയിലാണ് ചെറുതുരുത്തിയിലെ കേരള കലാമണ്ഡലം. സാങ്കേതിക വിദ്യയെ പൂർണമായും ഉൾക്കൊണ്ട് ഇ-ഗവേണൻസും, ഇ-ഓഫീസും ഉൾപ്പടെയുള്ളവ നടപ്പാക്കിയും കലാവിദ്യാഭ്യാസത്തിന് പുസ്തകങ്ങളൊരുക്കിയും ഓരോ വകുപ്പുകളും സ്വതന്ത്ര വിഭാഗങ്ങളാക്കി മാറ്റിയുമാണ് കലാമണ്ഡലത്തിന്റെ പുത്തൻ സഞ്ചാരം.

യൂണിവേഴ്‌സിറ്റി മാതൃകയിലേക്ക് മാറുന്നതിനുള്ള ഒരുക്കങ്ങളുടെ ഭാഗമാണിതെന്ന് കലാമണ്ഡലം അധികൃതർ വ്യക്തമാക്കുന്നു. ടീച്ചിംഗ് കോഴ്‌സിൽ റിസർവേഷൻ അനുസരിച്ചാണ് ഇപ്പോൾ നിയമനം. കഴിഞ്ഞ ആറുമാസത്തിനിടെ അക്കാഡമിക് കൗൺസിലുകളും, ബോർഡ് ഒഫ് സ്റ്റഡീസുമെല്ലാം റെഗുലറാക്കുകയും ചെയ്തു.

ടൂറിസത്തിലൂടെ കഴിഞ്ഞ വർഷം മാത്രം കലാമണ്ഡലം നേടിയത് നാല് കോടിയിലേറെ രൂപയാണ്. ഡേ വിത്ത് മാസ്റ്റേഴ്സ് പദ്ധതി രൂപീകരിച്ച് വിനോദ സഞ്ചാരികൾക്ക് കലാമണ്ഡലം സന്ദർശിക്കുന്നതിനും കലകളുടെ അവതരണം ആസ്വദിക്കുന്നതിനുമുള്ള പദ്ധതിയിലൂടെയാണ് കലാമണ്ഡലം ഇത്രയും രൂപ നേടിയത്. കളരികളും അവതരണവും ഉൾപ്പടെ കണ്ടും ആസ്വദിച്ചും മടങ്ങുന്നതിന് ആളൊന്നിന് 2,000 രൂപയാണ് കലാമണ്ഡലം ഈടാക്കുന്നത്.

തകർന്ന കളരികൾക്ക് മോക്ഷമാകും

കലാമണ്ഡലത്തിന്റെ കോഴ്‌സുകളുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇവിടുത്തെ കളരികൾ. വർഷങ്ങളുടെ പഴക്കമുള്ള 30 കളരികളാണുള്ളത്. ഇതിലേറെയും തകർന്ന അവസ്ഥയിലാണ്. തറ പൊട്ടിപ്പൊളിഞ്ഞും മറ്റുമാണ് കളരികൾ ഇപ്പോൾ. നാൽപ്പത് വർഷങ്ങളിലേറെയായുള്ള കളരികൾ ഇവിടെയുണ്ട്. ഇവയുടെ പുനർ നിർമ്മാണത്തിന് മൂന്ന് കോടിയിലേറെ രൂപ വേണമെന്നാണ് കലാമണ്ഡലം അധികാരികളുടെ കണ്ടെത്തൽ.

15 കോഴ്‌സുകൾ

തിയേറ്റർ പരമ്പരാഗത കലകൾ, സംഗീതം, നൃത്തം, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസ് എന്നീ നാല് വിഭാഗങ്ങളിലായി 15 കോഴ്‌സുകളാണ് ഇപ്പോൾ കലാമണ്ഡലത്തിലുള്ളത്.

കലാമണ്ഡലത്തെ പരമ്പരാഗത ചട്ടക്കൂടുകൾക്ക് ഉള്ളിൽ നിന്നുകൊണ്ട് തന്നെ മാറ്റിയെടുക്കണമെന്നാണ് ലക്ഷ്യം. ആധുനിക രീതിയിലുള്ള മാറ്റങ്ങൾ കൂടി വരുമ്പോൾ കലാമണ്ഡലത്തിനുള്ള സ്വീകാര്യത വർദ്ധിക്കും.

- ബി.അനന്തകൃഷ്ണൻ,

വൈസ് ചാൻസലർ,

കേരള കലാമണ്ഡലം