മാലിന്യകേന്ദ്രങ്ങളായി ക്രിമറ്റോറിയങ്ങൾ... സംസ്‌കരിക്കാനിടം തേടി അലഞ്ഞ് ജനം...!

Saturday 30 May 2026 12:02 AM IST

തൃശൂർ: മൃതദേഹം സംസ്‌കരിക്കാനിടം തേടി കീലോമീറ്ററുകൾ താണ്ടേണ്ട സ്ഥിതിയിലാണ് ജില്ലയിലെ ജനങ്ങൾ. പല തദ്ദേശ സ്ഥാപനങ്ങളുടെ കിഴീൽ ആധുനിക ക്രിമറ്റോറിയങ്ങളുണ്ടെങ്കിലും ഭൂരിഭാഗവും അടഞ്ഞുകിടക്കുകയാണ്. പലതും മാലിന്യനിക്ഷേപ കേന്ദ്രങ്ങളായി മാറി. പലർക്കും സ്വകാര്യ ക്രിമറ്റോറിയങ്ങളെ ആശ്രയിക്കണം. എന്നാൽ, ചിലയിടങ്ങൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടതോടെ ദുരിതമേറി. മാള മേഖലയിലെ അഞ്ച് പഞ്ചായത്തുകളിൽ പൊതുശ്മശാനങ്ങളില്ല. മാള, പുത്തൻചിറ, അന്നമനട, കുഴൂർ, പൊയ്യ പഞ്ചായത്തുകളിലുള്ളവർക്ക് കൊരട്ടി പഞ്ചായത്തിന്റെയും ഇരിങ്ങാലക്കുടയിലെയും ക്രിമറ്റോറിയങ്ങളിൽ എത്തിച്ച് വേണം സംസ്‌കാരം നടത്താൻ.

വടക്കാഞ്ചേരിയിൽ മാലിന്യനിക്ഷേപം

വടക്കാഞ്ചേരി പഞ്ചായത്തായിരിക്കെ ആരംഭിച്ച ശ്മശാനത്തിന്റെ നിർമ്മാണം നഗരസഭയായപ്പോൾ പൂർത്തിയാക്കിയെങ്കിലും ഒരു മൃതദേഹം പോലും സംസ്‌കരിക്കാൻ സാധിച്ചിട്ടില്ല. കെട്ടിട നിർമ്മാണം പൂർത്തിയാക്കിയതൊഴിച്ചാൽ പിന്നീട് ഒരടി മുന്നോട്ടുപോയിട്ടില്ല. ഇപ്പോൾ നഗരസഭ പരിധിയിലെ മാലിന്യനിക്ഷേപ കേന്ദ്രമായി ഇവിടം മാറി.

നിദ്രാവനത്തിന് 'കുംഭകർണ ഉറക്കം'

തെക്കുംകര പഞ്ചായത്തിലെ നിദ്രവനത്തിന് ഒരിക്കൽ പോലും തുടർച്ചായി പ്രവർത്തിക്കാൻ സാധിച്ചിട്ടില്ല. മാസങ്ങളായി അടഞ്ഞു കിടക്കുന്നതിനാൽ ഷൊർണൂർ ശാന്തിതീരം, തിരുവില്വാമല പാമ്പാടി ഐവർമഠം എന്നിവിടങ്ങളിൽ കൊണ്ടുപോകേണ്ട സ്ഥിതിയിലാണ് പ്രദേശത്തുള്ളവർ.

താന്ന്യത്ത് മാലിന്യചാക്കുകൾ

എതാനും മാസം മുമ്പുവരെ പ്രവർത്തിച്ചിരുന്ന താന്ന്യം പഞ്ചായത്തിന്റെ ക്രിമറ്റോറിയം ഇപ്പോൾ മാലിന്യം കൊണ്ടിടുന്ന കേന്ദ്രമായി മാറി. താന്ന്യം, ചാഴൂർ, അന്തിക്കാട് പഞ്ചായത്തുകളിൽ ഉള്ളവർക്ക് ഉപകാരപ്രദമായിരുന്നു താന്ന്യത്തെ പൊതുശ്മാശനം. എന്നാൽ, ഇത് പ്രവർത്തനക്ഷമമാക്കാൻ പഞ്ചായത്ത് ഭരണസമിതിയുടെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. തൊട്ടടുത്ത പഞ്ചായത്തായ നാട്ടികയിൽ ശ്മശാനം പ്രവർത്തിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസം മുതൽ പ്രവർത്തനക്ഷമമല്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ്. ഇപ്പോൾ വലപ്പാട് പഞ്ചായത്തിലുള്ള പൊതുശ്മശാനത്തിലേക്ക് കൊണ്ടുപോകേണ്ട സ്ഥിതിയാണ്.

വടക്കാഞ്ചേരി നഗരസഭയുടെ പൊതുശ്മശാനത്തിനായി കെട്ടിടം നിർമ്മിച്ച എങ്കക്കാട് കുന്നുകൂടി കിടക്കുന്ന മാലിന്യം