കൊടുങ്ങല്ലൂരിൽ വിരിഞ്ഞ് മരുഭൂമിയിലെ കൽപവൃക്ഷം, അലങ്കാരമല്ല, അസ്സൽ ഈന്തപ്പഴം!
കൊടുങ്ങല്ലൂർ : മരുഭൂമിയിലെ കൽപവൃക്ഷമായ ഈന്തപ്പന ഇനി കേരളത്തിന്റെ തീരപ്രദേശങ്ങൾക്കും സ്വന്തം. കൊടുങ്ങല്ലൂർ അഴീക്കോട് മരപ്പാലം ഇടവഴിക്കൽ സബാഹിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പഴം കൂട്ടത്തോടെ വിളഞ്ഞുനിൽക്കുന്നത്. സാധാരണയായി കേരളത്തിൽ അലങ്കാരച്ചെടിയായി മാത്രം വളർത്താറുള്ള ഈന്തപ്പന കൗതുകത്തിനാണ് സബാഹും നട്ടുപിടിപ്പിച്ചത്. എന്നാൽ, കടുത്ത വേനലിനൊടുവിൽ പനകളിൽ കുലകുലയായി ഈന്തപ്പഴം വിരിഞ്ഞത് സബാഹിനും കുടുംബത്തിനും നാട്ടുക്കാർക്കും ഒരുപോലെ അത്ഭുതമായിരിക്കുകയാണ്.വീട്ടുമുറ്റത്ത് ഒരു പന വളർത്തണമെന്ന ആഗ്രഹത്തിലാണ് തൃശൂർ പട്ടിക്കാടു നിന്നും സബാഹ് രണ്ട് ഈന്തപ്പനത്തൈകൾ വാങ്ങിയത്. അഞ്ചടിയോളം ഉയരമുള്ള തൈകൾ കുഴിയെടുത്ത് നടുകയായിരുന്നു. മറ്റ് ചെടികൾ നനയ്ക്കുമ്പോൾ കിട്ടുന്ന വെള്ളം മാത്രമാണ് ഇതിനും നൽകിയതെന്നും പ്രത്യേക വളമോ മറ്റ് പരിപാലനങ്ങളോ നൽകിയിട്ടില്ലെന്നും സബാഹ് പറയുന്നു. ഇപ്പോൾ പനയ്ക്ക് പന്ത്രണ്ടടിയോളം ഉയരമുണ്ട്.
വിദേശരാജ്യങ്ങളിൽ മാത്രം കായ്ക്കുന്ന ഈന്തപ്പഴം നേരിട്ടു കാണാൻ നിരവധി ആളുകളാണ് ഇവിടേക്ക് എത്തുന്നത്.
കാലാവസ്ഥയും പ്രതീക്ഷകളും
കേരളത്തിൽ അടുത്തിടെയായി അനുഭവപ്പെടുന്ന ഉയർന്ന ചൂടും കാലാവസ്ഥാ വ്യതിയാനവുമാണ് ഈന്തപ്പന കായ്ക്കാൻ അനുകൂല സാഹചര്യം ഒരുക്കിയതെന്ന് കർഷകർ പറയുന്നു. ഇതിനോടകം സംസ്ഥാനത്ത് പല ഭാഗങ്ങളിലും ഇവ കായ്ക്കുന്നുണ്ട്. ഉയർന്ന ആരോഗ്യഗുണങ്ങളുള്ള ഈന്തപ്പഴം കേരളത്തിലെ മണ്ണിലും മികച്ച രീതിയിൽ വിളയിച്ചെടുക്കാമെന്നത് സംസ്ഥാനത്തെ കാർഷിക മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്.
ഇത് കായ്ക്കുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. ഇലകൾക്കിടയിലാണ് സാധാരണയായി ഇത് കായ്ക്കുന്നത്. താഴെയുള്ള മുള്ളുകളുള്ള കൊമ്പുകൾ മുറിച്ചുമാറ്റിയപ്പോഴാണ് ഈന്തപ്പഴം കുലച്ചുതൂങ്ങി നിൽക്കുന്ന മനോഹരമായ കാഴ്ച കണ്ടത്.' — സബാഹ് (വീട്ടുടമസ്ഥൻ)