പുതുക്കാട്: എട്ട് ഏക്കറിൽ ഔഷധ സസ്യ കൃഷി ചെയ്യാനൊരുങ്ങി അളഗപ്പനഗർ പഞ്ചായത്ത്. 25 ഓളം കർഷകർ പഞ്ചായത്ത് പരിധിയിലെ സ്വന്തം ഉടമസ്ഥതയിലുള്ള ഭൂമിയിലാണ് ഔഷധക്കൃഷി ചെയ്യുന്നത്. കൃഷി വകുപ്പിന്റെ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് കുറുന്തോട്ടി കൃഷി ചെയ്യുന്നത്. ഒരു ഹെക്ടറിൽ നിന്ന് ഏകദേശം ഒന്ന് മുതൽ ഒന്നര ടണ്ണോളം ഉൽപാദനമാണ് പ്രതീക്ഷിക്കുന്നത്.
കേരളാ ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് കുറുന്തോട്ടി വിത്തുകൾ വാങ്ങി മുളപ്പിച്ച് തൈകളായാണ് കർഷകർക്ക് വിതരണം ചെയ്യുക. പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി മുളപ്പിച്ച തൈകൾ രണ്ടാഴ്ചക്കുള്ളിൽ കർഷകർക്ക് വിതരണം ചെയ്യും. ഒന്നേകാൽ ലക്ഷം രൂപയാണ് തൈ വിതരണത്തിനായി പഞ്ചായത്ത് വകയിരുത്തിയത്. വളർച്ചയെത്തിയ ഔഷധ സസ്യങ്ങൾ വിളവെടുത്ത ശേഷം മറ്റത്തൂർ ലേബർ കോൺട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ ഉൽപന്നങ്ങളായി സംഭരിക്കും. കൃഷിക്കായി സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെ സബ്സിഡിയും കർഷകർക്ക് ലഭിക്കും. 2021-22 വർഷത്തിൽ ശതാവരി, കൊടുവേലി തുടങ്ങിയ ഔഷധ സസ്യങ്ങൾ സമാനമായി പഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷി ചെയ്തിരുന്നു. സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷന്റെയും സ്റ്റേറ്റ് മെഡിസിനൽ പ്ലാൻ ബോർഡിന്റെയും സഹകരണത്തോടെ രണ്ടര ഏക്കറിലായിരുന്നു കൃഷി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |