തൃശൂർ: റവന്യൂ ജില്ലാ സ്കൂൾ കായികമേളയിൽ കുന്നംകുളത്തെ മറികടന്ന് തൃശൂർ ഈസ്റ്റ് ഉപജില്ല മുന്നിൽ. ജംപിനങ്ങളിൽ ആദ്യദിനം മുന്നിട്ട കുന്നംകുളത്തെ അത്ലറ്റിക്സ് മത്സരം ആരംഭിച്ചതോടെ ഈസ്റ്റ് ഉപജില്ല മറികടക്കുകയായിരുന്നു. 12 സ്വർണവും ആറ് വെള്ളിയും രണ്ട് വെങ്കലവും അടക്കം 80 പോയിന്റാണ് തൃശൂർ ഈസ്റ്റ് ഉപജില്ലയ്ക്ക്.
രണ്ടാം സ്ഥാനത്തുനിൽക്കുന്ന ചാലക്കുടി ഉപജില്ലയ്ക്ക് ഏഴ് സ്വർണവും ഒമ്പത് വെള്ളിയും ആറ് വെങ്കലവും അടക്കം 68 പോയിന്റാണുള്ളത്. നാല് സ്വർണവും ഏഴു വെള്ളിയും മൂന്നു വെങ്കലവും അടക്കം 43 പോയിന്റുകളുമായി മാള ഉപജില്ല മൂന്നാം സ്ഥാനത്താണ്. കുന്നംകുളം ഉപജില്ല നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഏഴു സ്വർണവും രണ്ടു വെങ്കലവും അടക്കം 37 പോയിന്റുകളാണ് കുന്നംകുളത്തിനുള്ളത്.
സ്കൂളുകളിൽ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് മുന്നിൽ
38 പോയിന്റുകളോടെ തൃശൂർ ഈസ്റ്റ് ഉപജില്ലയിലെ കാൽഡിയൻ സിറിയൻ എച്ച്.എസ്.എസ് ആണ് സ്കൂളുകളിൽ മുന്നിൽ. കോൺകോർഡ് ഇംഗ്ലീഷ് സ്കൂൾ പന്നിത്തടം, ഗവ. ഫിഷറീസ് സ്കൂൾ നാട്ടിക, സെന്റ് ആന്റണീസ് എച്ച്.എസ്.എസ് മാള, കാർമൽ എച്ച്.എസ്.എസ് ചാലക്കുടി, സെന്റ് ജോർജസ് എച്ച്.എസ് പരിയാരം, ശ്രീകൃഷ്ണ എച്ച്.എസ്.എസ് ഗുരുവായൂർ, ദീപ്തി എച്ച്.എസ് തലോർ, ജി.എച്ച്.എസ്.എസ് ചെമ്പുച്ചിറ, ജി.എം.ബി.എച്ച്.എസ്.എസ് തൃശൂർ സ്കൂളുകളാണ് യഥാക്രമം ആദ്യ പത്തു സ്ഥാനങ്ങളിൽ.
കെ. കാർത്തികും ദേവനന്ദയും വേഗതാരങ്ങൾ
സിനീയർ ബോയസ് നൂറു മീറ്ററിൽ സെന്റ് തോമസ് കോളേജ് എച്ച്.എസ്.എസിലെ കാർത്തിക് വേഗമുള്ള താരമായി. പി. വെമ്പല്ലൂർ എം.ഇ.എസ്.എച്ച്.എസിലെ മുഹമ്മദ് ഷെഫീൻ വെള്ളി നേടിയപ്പോൾ ചാവക്കാട് കടിക്കാട് ഗവ. എച്ച്.എസിലെ അമർ ഷെരീഫ് വെങ്കലം കരസ്ഥമാക്കി. സിനീയർ ഗേൾസിൽ നാട്ടിക ഫീഷറീസ് എച്ച്.എസ്.എസിലെ ദേവനന്ദ വിനോദിനാണ് സ്വർണം. തൃശൂർ ജി.എം.ബി.എച്ച്.എസിലെ എ.എസ്. കൃഷ്ണപ്രിയ വെള്ളിയും പുതുക്കാട് സെന്റ് ആന്റണീസ് എച്ച്.എസ്.എസിലെ ജെസ്ലിൻ ജോസഫ് വെങ്കലും നേടി.
സബ് ജൂനിയർ ആൺകുട്ടികളുടെ വിഭാഗം നൂറു മീറ്ററിൽ ചെമ്പുച്ചിറ ജി.എച്ച്.എസ്.എസിലെ സി.എസ്. വിഷ്ണു സ്വർണം നേടിയപ്പോൾ പെൺകുട്ടികളുടെ വിഭാഗത്തിൽ കാൽഡിയൻ സിറിയൻ സ്കുളിലെ വി.എം. അശ്വതിക്കാണ് സ്വർണം. ജൂനിയർ വിഭാഗം ആൺകുട്ടികളിൽ കാൽഡിയൻ സിറിയനിലെ വിജയ് കൃഷ്ണയും പെൺകുട്ടികളിൽ എസ്.എച്ച്.സി.ജി.എച്ച്.എസിലെ കെ.എസ്. ആര്യനന്ദയും സ്വർണം കരസ്ഥമാക്കി.
ഉദ്ഘാടനം
തൃശൂർ: തോപ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ എ.സി. മൊയ്തീൻ എം.എൽ.എ കായികമേള ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് അദ്ധ്യക്ഷനായി. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ടി.വി. മദനമോഹനൻ, കൗൺസിലർമാരായ ലീല വർഗീസ്, സുബി സുകുമാരൻ, ജില്ലാ സ്പോർട്സ് കോ- ഓർഡിനേറ്റർ എ.എസ്. മിഥുൻ, സെക്രട്ടറി സി.എസ്. ഗിരീഷ്കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ ജോളി ബാബു എന്നിവർ പ്രസംഗിച്ചു.
ഇന്നത്തെ മത്സരങ്ങൾ:
3000 മീറ്റർ (സീനിയർ, ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്). ജാവ്ലിൻ ത്രോ (സീനിയർ, ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്), ഷോട്ട്പുട്ട് (സബ് ജൂനിയർ ആൻഡ് ജൂനിയർ ബോയ്സ്), ഡിസ്കസ് ത്രോ (സബ് ജൂനിയർ ആൻഡ് ജൂനിയർ ഗേൾസ്), ലോംഗ് ജംപ് (സീനിയർ ബോയ്സ് ആൻഡ് ഗേൾസ്), 200 മീറ്റർ (സബ് ജൂനിയർ, ജൂനിയർ ബോയ്സ് ആൻഡ് ഗേൾസ്, സീനിയർ ബോയ്സ് ആൻഡ് ഗേൾസ്), 4-100 (സബ് ജൂനിയർ, ജൂനിയർ, സീനിയർ ബോയ്സ് ആൻഡ് ഗേൾസ്) ഇനങ്ങളിൽ ഫൈനൽ മത്സരങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |