പ്രവാസികള്‍ ആശങ്കയില്‍; കടുത്ത തീരുമാനത്തിലേക്ക് വിമാനക്കമ്പനികള്‍

Wednesday 29 April 2026 12:02 AM IST

വില കുറയ്ക്കാന്‍ സമ്മര്‍ദ്ദം

ന്യൂഡല്‍ഹി: രാജ്യാന്തര, ആഭ്യന്തര വിമാന സര്‍വീസുകള്‍ മുടക്കമില്ലാതെ നടക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍. ഇന്ധന വില കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും സ്പൈസ് ജെറ്റും ഉള്‍പ്പെട്ട ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് കത്ത് നല്‍കി. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് വ്യോമയാന മേഖല നേരിടുന്നത്. ഏവിയേഷന്‍ ടര്‍ബൈന്‍ ഇന്ധനത്തിന്റെ (എ.ടി.എഫ്) വില പുനര്‍നിര്‍ണയിക്കണമെന്നും സാമ്പത്തിക പിന്തുണ നല്‍കണമെന്നുമാണ് ആവശ്യം. ഇല്ലെങ്കില്‍ സര്‍വീസുകള്‍ നിറുത്തേണ്ടി വരും. ആഭ്യന്തര സര്‍വീസിനായുള്ള ഇന്ധനത്തിന് ഈടാക്കുന്ന 11 ശതമാനം എക്സൈസ് തീരുവ ഒഴിവാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.

വില നിര്‍ണയരീതി മാറണം

നിലവിലെ രാജ്യത്തെ എണ്ണവില നിര്‍ണയരീതി മാറണമെന്നും ഫെഡറേഷന്‍ ഒഫ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ കത്തില്‍ ആവശ്യപ്പെട്ടു. വിലയിലെ ചാഞ്ചാട്ടം സമ്പദ്ഘടനയെ പ്രതികൂലമായി ബാധിക്കും. എ.ടി.എഫിന്റെ വില ലിറ്ററിന് 73 മുതല്‍ 75 വരെ ഉയര്‍ന്നു. രാജ്യാന്തര മേഖലയില്‍ ആഘാതം ഗുരുതരമാണ്. വിദേശ സര്‍വീസുകളേറെയും നഷ്ടത്തിലാണ്.