ന്യൂഡൽഹി: ഡൊണാൾഡ് ട്രംപിന്റെ വ്യാപാര യുദ്ധത്തിലും ആഗോള രാഷ്ട്രീയ പ്രതിസന്ധികളിലും അടിപതറാതെ ഇന്ത്യൻ സാമ്പത്തിക മേഖല. ലോകത്തിലെ അതിവേഗം വളരുന്ന സാമ്പത്തികശക്തിയെന്ന് ഉറപ്പിച്ച് കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ അവസാന ത്രൈമാസ കാലയളവിൽ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ(ജി.ഡി.പി) വളർച്ച 7.4 ശതമാനമായി. നാല് പാദങ്ങളിലെയും ഉയർന്ന വളർച്ചയാണ് ജനുവരി മുതൽ മാർച്ച് വരെ രാജ്യം നേടിയത്. നാലാംപാദത്തിലെ ഡി.ഡി.പി വളർച്ച 6.9 ശതമാനമായിരിക്കുമെന്ന വിദഗ്ദ്ധരുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിക്കുംവിധമാണ് വളർച്ച കുതിച്ചുയർന്നത്. മൊത്തം സാമ്പത്തിക വളർച്ച 6.5 ശതമാനമാണ്. മൊത്ത മൂല്യവർദ്ധനവ് 6.4 ശതമാനമായി നിലനിറുത്തി.
ആഗോളതലത്തിൽ വ്യാപാരയുദ്ധം ദിനംതോറും മാറിമറിയുകയും സാമ്പത്തിക അനിശ്ചിതാവസ്ഥ നിലനിൽക്കുകയും ചെയ്യുമ്പോഴാണ് ഇന്ത്യ ഈ വളർച്ച കൈവരിച്ചത്. ഡോണാൾഡ് ട്രംപിന്റെ തീരുവ തീരുമാനങ്ങളും റഷ്യ- യുക്രൈൻ യുദ്ധത്തിന്റെ തീവ്രത വർദ്ധിക്കുന്നതുമെല്ലാം ലോകരാഷ്ട്രങ്ങളെ പിടിച്ചുലയ്ക്കുമ്പോഴാണ് ഇന്ത്യ ഇതിനെയെല്ലാം മറികടന്നത് എന്നത് ആശ്വാസകരമാണ്. നിലവിൽ ഇന്ത്യ ലോകത്തിലെ നാലാമത്തെ സാമ്പത്തികശക്തിയാണ്. സാമ്പത്തിക വളർച്ച ഇതേ നില തുടരുകയാണെങ്കിൽ സമീപഭാവിയിൽ തന്നെ ജർമ്മനിയെ പിന്തള്ളി ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഇന്ത്യ വളരും.
കേന്ദ്ര സർക്കാർ മൂലധന നിക്ഷേപം ഗണ്യമായി വർദ്ധിപ്പിച്ചതും ഗ്രാമീണ മേഖലയിലെ ഉണർവും ആഭ്യന്തര ടൂറിസം രംഗത്തിന്റെ മികച്ച പ്രകടനവും സേവനങ്ങളുടെ കയറ്റുമതിയിലെ കുതിപ്പും സാമ്പത്തിക വളർച്ചയ്ക്ക് ഊർജം പകർന്നു.
ചുക്കാൻ പിടിച്ച് ആർ.ബി.ഐ
കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞ 5 വർഷത്തിനിടെ ആദ്യമായി ആർ.ബി.ഐ റിപ്പോനിരക്ക് .25ശതമാനം കുറച്ചിരുന്നു. പിന്നീട് കഴിഞ്ഞമാസം വീണ്ടും .25 ശതമാനം കുറച്ച് റിപ്പോനിരക്ക് 6 ആക്കി. തുടർന്ന് ബാങ്കുകൾ വിതരണം ചെയ്യുന്ന ഭവന, വാഹന, വിദ്യാഭ്യാസ, കാർഷിക, സ്വർണപ്പണയ, മറ്റ് വ്യക്തിഗത വായ്പകളുടെ പലിശ ഗണ്യമായി കുറഞ്ഞത് സാമ്പത്തിക മേഖലയ്ക്ക് ഉണർവേകി. ഇതിനൊപ്പം ആഗോള വെല്ലുവിളികളെ മറികടന്ന് ഇന്ത്യൻ ഓഹരിമേഖലയും കുതിപ്പ് തുടർന്നു. ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇടിയാതിരുന്നതും തുണയായി.
സാമ്പത്തിക വളർച്ചയ്ക്ക് തുണയായത്
ആഗോള ചരക്ക് വ്യാപാരത്തിൽ മറ്റു രാജ്യങ്ങളെ പരിമിതമായി മാത്രം ആശ്രയിച്ചതും കയറ്റുമതിയിലുണ്ടായ വളർച്ചയും
സമീപകാലത്ത് നികുതിയിലുണ്ടായ ഇളവുകൾ
പണപ്പെരുപ്പം നിയന്ത്രിക്കാനായത്
പലിശനിരക്ക് കുറഞ്ഞതിനാൽ ഇന്ത്യൻ സാമ്പത്തികമേഖലയ്ക്കുണ്ടായ ഉണർവ്
ഓഹരിവിപണിയിലെ ഉണർവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |