വാഷിംഗ്‌ടൺ: ചികിത്സാച്ചെലവ് ഏറിവരുന്ന ഇക്കാലത്ത് ആരോഗ്യ ഇൻഷ്വറൻസ് ഇല്ലാത്തവരില്ലെന്നുതന്നെ പറയാം. ഇൻഷ്വറൻസ് ഇല്ലെങ്കിൽ അസുഖം വന്നാൽ കുടുംബം വിൽക്കേണ്ടിവരും. ഓസ്കാർ നാമനിർദ്ദേശം ചെയ്യപ്പെട്ട നടിയും ഗായികയുമായ സിന്തിയ എറിവോ സ്വന്തം വായ ഇൻഷ്വർ ചെയ്താണ് വാർത്തയിൽ ഇടംപിടിച്ചത്. വായ ഇൻഷ്വർ ചെയ്ത തുകയുടെ വലിപ്പം അറിഞ്ഞാൽ ആരും ബോധംകെട്ടുപോകും. 16.5 കോടി രൂപ.
ഗായികയെന്ന നിലയിൽ തൊണ്ടയല്ലേ ഇൻഷ്വർ ചെയ്യേണ്ടത്. പിന്നെന്തിനാ വായ ഇത്രയും വലിയ തുകയ്ക്ക് ഇൻഷ്വർ ചെയ്യുന്നത് എന്നുള്ള സംശയം സ്വാഭാവികം. പണമുണ്ടാക്കുന്ന തൊഴിലിന്റെ ഭാഗമായി തന്നെയാണ് ഇത്. ഒരു പ്രമുഖ മൗത്ത് വാഷ് കമ്പനിയുടെ ‘വാഷ് യുവർ മൗത്ത്’ കാമ്പെയ്‌നിന്റെ അംബാസഡറാണ് സിന്തിയ എറിവോ. വായയിലൂടെ പണം വരുന്നത് എങ്ങനെയെന്ന് ഇപ്പോൾ പിടികിട്ടിയില്ലേ?. ഇത്തരം ഒരു കാമ്പെയ്‌നിന്റെ അംബാസഡറെന്ന നിലയിൽ വൃത്തിയുള്ള വായയും അതിനെക്കാൾ വൃത്തിയുള്ള പുഞ്ചിരിയും ശക്തമായ ശബ്ദവും ഉണ്ടാവേണ്ടത് സിന്തിയയുടെ ആവശ്യമാണ്. കാമ്പെയ്‌നിന്റെ ഭാഗമായ പരിപാടിക്ക് സ്റ്റേജിൽ കയറുന്നതിനുമുമ്പ് വായയും പല്ലും വൃത്തിയാക്കുന്നത് സിന്തിയയുടെ പതിവാണ്. ഇങ്ങനെ ശ്രദ്ധിക്കുന്നതിലൂടെ വിടവുള്ള പല്ലുകൾ കാട്ടിയുള്ള അവരുടെ ചിരി കൂടുതൽ മനോഹരമാകുന്നു എന്നാണ് ആരാധകർ പറയുന്നത്.
ശരീരഭാഗങ്ങൾ ഇൻഷ്വർ ചെയ്യുന്നത് ഹോളിവുഡിലെ സെലിബ്രിറ്റികളുടെ ഇടയിൽ പുതുമയുള്ള കാര്യമേ അല്ല. ജെന്നിഫർ ലോപ്പസ് 200 കോടിരൂപയ്ക്കാണ് തന്റെ പിൻവശം ഇൻഷ്വർ ചെയ്തിരിക്കുന്നത്. ഗായികയും നടിയും ഗാനരചയിതാവുമായ മരിയ കാരി തന്റെ കാലുകളും വോക്കൽ കോഡുകളും 500 കോടി രൂപയ്ക്കാണ് ഇൻഷ്വർ ചെയ്തിരിക്കുന്നത്. അമേരിക്കൻ കാെമേഡിയനും റാപ്പ് താരവും ടെലിവിഷൻ അവതാരകനുമായ നിക്ക് കാനൽ തന്റെ വൃഷണങ്ങൾ ഇൻഷ്വർ ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇത് അദ്ദേഹം തമാശയ്ക്കായി പറഞ്ഞതാണെന്നും ചിലർ പറയുന്നുണ്ട്.
ഒരാളുടെ ശരീരം അയാളുടെ ബ്രാൻഡിന്റെ ഭാഗമാവുകയും അതിലൂടെ പണം ഉണ്ടാക്കുകയും ചെയ്യുമ്പോൾ അതിന് മൂല്യം നൽകാൻ ഇൻഷ്വറൻസ് കമ്പിനിക്കാൻ തയ്യാറാവും. അതിന് ഏറ്റവും നല്ല ഉദാഹരങ്ങളാണ് മേൽപ്പറഞ്ഞവ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |