തകർച്ചയിൽ നിന്ന് കരകയറി ഓഹരികൾ
കൊച്ചി: ഇന്ത്യയുടെ കയറ്റുമതി സാദ്ധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ട്രംപിന്റെ 25 ശതമാനം തീരുവ പ്രഖ്യാപനം ഓഹരി, നാണയ വിപണികളിൽ നിക്ഷേപകരെ മുൾമുനയിലാക്കുന്നു. തീരുവ യുദ്ധത്തിന്റെ ആശങ്കയിൽ വ്യാപാരത്തിന്റെ തുടക്കത്തിൽ കനത്ത തകർച്ച നേരിട്ട ഓഹരികൾ പിന്നീട് ഒരു പരിധി വരെ നഷ്‌ടം നികത്തി തിരിച്ചുകയറി. ഇന്ത്യയുടെ കയറ്റുമതിക്ക് തീരുവ വർദ്ധന തിരിച്ചടിയാകുമെന്ന ആശങ്കയിൽ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും കനത്ത ഇടിവുണ്ടായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയ്‌ക്ക് സമ്മർദ്ദം ശക്തമാക്കിയത്.
വ്യാപാരത്തിന്റെ തുടക്കത്തിലെ കനത്ത തകർച്ചയിൽ നിന്ന് ഒരവസരത്തിൽ 900 പോയിന്റിലധികം നേട്ടവുമായി സെൻസെക്സ് മികച്ച പ്രകടനം കാഴ്ചവച്ചു. ടെക്‌സ്‌റ്റൈയിൽസ്, ഫാർമ, കാർഷിക ഉത്പന്നങ്ങൾ, സമുദ്രോത്പന്നങ്ങൾ, ജെം ആൻഡ് ജുവലറി തുടങ്ങിയ മേഖലകളിലെ കമ്പനികളെ തീരുവ വർദ്ധന പ്രതികൂലമായി ബാധിച്ചേക്കും.
ഇന്ത്യയുമായുള്ള വ്യാപാര ചർച്ചകളിലെ വിലപേശൽ തന്ത്രമാണ് പുതിയ തീരുവ പ്രഖ്യാപനമെന്ന് നിക്ഷേപകർ വിലയിരുത്തുന്നു.
വ്യാപാരാന്ത്യത്തിൽ സെൻസെക്സ് 296.28 പോയിന്റ് നഷ്‌ടവുമായി 81,185.18ൽ അവസാനിച്ചു. നിഫ്‌റ്റി 86.7 പോയിന്റ് കുറഞ്ഞ് 24,768.35ൽ എത്തി. ടെക്‌സ്‌റ്റൈയിൽ, മേഖലകളിലെ ഓഹരികളാണ് കനത്ത നഷ്‌ടം നേരിട്ടത്. ടാറ്റ സ്‌റ്റീൽ, സൺ ഫാർമ, അദാനി പോർട്ട്‌സ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയവയാണ് തകർച്ചയ്ക്ക് നേതൃത്വം നൽകിയത്. ജൂലായിൽ രാജ്യത്തെ പ്രധാന ഓഹരി സൂചികകൾ മൂന്ന് ശതമാനം ഇടിവാണ് നേരിട്ടത്.
റെക്കാഡ് താഴ്ചയിൽ രൂപ
ട്രംപിന്റെ തീരുവ വർദ്ധനയുടെ ആശങ്കയിൽ വിദേശ നിക്ഷേപ സ്ഥാപനങ്ങൾ പിന്മാറ്റം ശക്തമാക്കിയതോടെ രൂപ റെക്കാഡ് താഴ്ചയിലെത്തി. അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യം 18 പൈസ കുറഞ്ഞ് 87.60ൽ അവസാനിച്ചു. പൊതുമേഖല ബാങ്കുകൾ വഴി റിസർവ് ബാങ്ക് വലിയ തോതിൽ ഡോളർ വാങ്ങികൂട്ടിയതാണ് രൂപയുടെ മൂല്യത്തകർച്ച ഒരു പരിധി വരെ നിയന്ത്രിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |