കൊച്ചി: വ്യാവസായിക ഇടങ്ങളും ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാക്കുന്ന ഇന്ത്യയിലെ പ്രമുഖ കമ്പനിയായ എൻ.ഡി.ആർ വെയർഹൗസിംഗ് ആലുവയിൽ 16 ഏക്കർ സ്ഥലം ഏറ്റെടുത്ത് പ്രാരംഭപ്രവർത്തനങ്ങൾ ആരംഭിച്ചു. ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപ ഉച്ചകോടി വഴിയാണ് പദ്ധതി നടപ്പാക്കുന്നത്.
എൻ.ഡി.ആർ സ്റ്റോർവെൽ വെയർഹൗസിംഗ് എൽ.എൽ.പി (എട്ട് ഏക്കർ), എൻ.ഡി.ആർ സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (8.39 ഏക്കർ) എന്നീ ഉപകമ്പനികൾ വഴിയാണ് സ്ഥലം ഏറ്റെടുത്തത്. വ്യവസായമന്ത്രി പി. രാജീവ് ആലുവയിലെ സ്ഥലം സന്ദർശിച്ച് കമ്പനി അധികൃതരുമായി ചർച്ച നടത്തി.
നാല് മുതൽ അഞ്ച് ലക്ഷം വരെ ചതുരശ്ര അടി വിസ്തീർണമുള്ള ഗ്രേഡ് എ വെയർഹൗസിംഗ് സൗകര്യത്തിലൂടെ വർദ്ധിച്ചുവരുന്ന എഫ്.എം.സി.ജി, ഫാർമസ്യൂട്ടിക്കൽ, തേർഡ്പാർട്ടി ലോജിസ്റ്റിക്‌സ് ആവശ്യകതകൾ നിറവേറ്റാനാകും.
നടപ്പു സാമ്പത്തികവർഷം 250 കോടി രൂപ നിക്ഷേപിക്കും. സെമിഫുൾ ഓട്ടോമേറ്റഡ് സംവിധാനങ്ങൾ ഒരുക്കും. ചരക്കിന്റെയും ശേഖരത്തിന്റെയും വിനിയോഗത്തിനായി നൂതനമായ സംവിധാനങ്ങൾ ഒരുക്കും.
ഉയർന്ന നിലവാരമുള്ള നിക്ഷേപങ്ങളെ ആകർഷിക്കുന്നതിനും വ്യാവസായിക വളർച്ചയ്ക്ക് അനുകൂലമായ സാഹചര്യം ഒരുക്കുന്നതിനും സർക്കാർ നടത്തുന്ന ശ്രമങ്ങൾക്ക് ഉദാഹരണമാണ് പദ്ധതി
പി.രാജീവ്
വ്യവസായ മന്ത്രി
വിഴിഞ്ഞം തുറമുഖത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിന്റെ തന്ത്രപരമായ സ്ഥാനം, വർദ്ധിച്ചുവരുന്ന ഉപഭോഗം, മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ എന്നിവ വെയർഹൗസിംഗ് മേഖലയിലെ പ്രധാന വിപണിയായി സംസ്ഥാനത്തെ മാറ്റും
രാജ് ശ്രീനിവാസൻ,
സി.ഇ.ഒ
എൻ.ഡി.ആർ വെയർഹൗസിംഗ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |