ന്യൂഡൽഹി: ചെറുകിട വായ്പാഉപഭോക്താക്കൾക്ക് ആശ്വാസവുമായി റിസർവ് ബാങ്ക്. സ്വർണത്തിന്റെ മൊത്തം മൂല്യത്തിന്റെ 85 ശതമാനം ഇനിമുതൽ വായ്പ ലഭിക്കും. 2.5ലക്ഷം രൂപ വരെയുള്ള സ്വർണ്ണപ്പണയ വായ്പകൾക്കാണ് ഇത് ബാധകം. നിലവിൽ ലോൺ ടു വാല്യു (എൽ.ടി.വി) പരിധി 75ശതമാനമായിരുന്നു. റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്രയാണ് ഇന്നലെ പ്രഖ്യാപനം നടത്തിയത്. ഒരു ലക്ഷം രൂപയുടെ സ്വർണം പണയം വച്ചാൽ 85,000 രൂപ വരെ വായ്പയായി ലഭിക്കും.
സ്വർണപ്പണയ വായ്പ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി റിസർവ് ബാങ്ക്, കഴിഞ്ഞ ഏപ്രിലിൽ സ്വർണപ്പണയ വായ്പ നൽകുന്ന ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും കരടുനിർദ്ദേശങ്ങൾ നൽകിയിരുന്നു.
ഈട് വയ്ക്കുന്ന സ്വർണത്തിന്റെ വിപണിമൂല്യത്തിന്റെ 75 ശതമാനം മാത്രമേ വായ്പയായി നൽകാവൂ, ക്രെഡിറ്റ് സ്കോർ നോക്കി മാത്രം വായ്പ അനുവദിക്കാവൂ, വായ്പ എടുക്കുന്നയാൾ ഏത് ആവശ്യത്തിനാണോ എടുത്തത് അത് പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം എന്നിങ്ങനെ സാധാരണക്കാരെ ബാധിക്കുന്ന ഒട്ടനവധി നിർദ്ദേശങ്ങളാണ് അന്ന് റിസർവ് ബാങ്ക് മുന്നോട്ട് വച്ചത്. ഇത് മയപ്പെടുത്തണമെന്ന് കേന്ദ്രധനകാര്യ മന്ത്രാലയം റിസർവ് ബാങ്കിനോട് ആവശ്യപ്പെട്ടിരുന്നു.
ക്രെഡിറ്റ് സ്കോർ നോക്കണ്ട
ഇത്തരം ചെറുകിട വായ്പാഇടപാടുകാരുടെ ക്രെഡിറ്റ് സ്കോർ പരിശോധിക്കുന്നത് ഒഴിവാക്കും
പുതിയ സ്വർണവായ്പ നിയമങ്ങൾ ഉടമസ്ഥാവകാശം സംബന്ധിച്ച് വ്യക്തത നൽകും. സ്വർണം വാങ്ങിയതിന്റെ രസീതുകൾ നൽകാൻ കഴിയുന്നില്ലെങ്കിൽ ഉപഭോക്താവ് സ്വയം സാക്ഷ്യപ്പെടുത്തിയാൽ മതിയാകും.
സ്വർണത്തിനൊപ്പം മറ്റ് ഈടുകൾ കൂടി വായ്പ വാങ്ങുന്നയാൾ സമർപ്പിച്ചാൽ നൽകുന്ന തുക വർദ്ധിപ്പിക്കാം
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |