
വില റെക്കാഡ് ഉയരത്തിൽ
കൊച്ചി: സ്വർണത്തിന് പിന്നാലെ വെള്ളി വിലയും റെക്കാഡുകൾ പുതുക്കി കുതിക്കുന്നു. ഇന്നലെ മൾട്ടി കമ്മോഡിറ്റി എക്‌സ്ചേഞ്ചിൽ(എം.സി.എക്സ്) വെള്ളി വില കിലോഗ്രാമിന് രണ്ട് ശതമാനം ഉയർന്ന് 1,92,000 രൂപയിലെത്തി. കേരളത്തിൽ വെള്ളി വില കിലോയ്ക്ക് ഇന്നലെ 5,000 രൂപ വർദ്ധിച്ച് 1,95,000 രൂപയായി.
സ്വർണ വില കുത്തനെ കൂടിയതോടെ ബദൽ നിക്ഷേപമെന്ന നിലയിൽ വെള്ളി വാങ്ങുന്നവരുടെ എണ്ണം ഉയർന്നതാണ് വിലയിൽ കുതിപ്പുണ്ടാക്കിയത്. ഇതോടൊപ്പം വ്യാവസായിക ആവശ്യത്തിലുണ്ടായ വർദ്ധനയും നേട്ടമായി. നടപ്പുവർഷം ഇതുവരെ വെള്ളിയുടെ വിലയിൽ 108 ശതമാനം വർദ്ധനയുണ്ട്. ജനുവരി ഒന്നിന് വെള്ളി വില കിലോയ്ക്ക് 85,851 രൂപയായിരുന്നു.
ഡിസംബർ അവസാനിക്കുന്നതിന് മുൻപ് വെള്ളി വില കിലോയ്‌ക്ക് രണ്ട് ലക്ഷം രൂപയിലെത്തുമെന്നാണ് അനലിസ്‌റ്റുകൾ പ്രവചിക്കുന്നത്. ഉപഭോഗത്തിലെ വർദ്ധനയ്ക്കൊപ്പം ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകൾ തുടർച്ചയായി പലിശ കുറയ്ക്കുന്നതും വെള്ളിക്ക് അനുകൂലമായി. അമേരിക്കയിലെ ഫെഡറൽ റിസർവ് ഭാവിയിൽ പലിശ കുറയ്ക്കില്ലെന്ന് പ്രഖ്യാപിച്ചാൽ വെള്ള വില കുത്തനെ താഴാനും ഇടയുണ്ട്.
സ്വർണ വിലയിലും കുതിപ്പ്, പവൻ @95,560
അമേരിക്കയിലെ ഫെഡറൽ റിസർവ് പലിശ കുറയ്ക്കുമെന്ന് ഉറപ്പായതോെടെ രാജ്യാന്തര വിപണിയിൽ സ്വർണ വില കുതിച്ചുയർന്നു. സിംഗപ്പൂർ വിപണിയിൽ സ്വർണ വില ഔൺസിന് 4,220 ഡോളർ വരെ ഉയർന്നു. ഇതോടെ കേരളത്തിൽ പവൻ വില 640 രൂപ വർദ്ധനയോടെ 95,560 രൂപയിലെത്തി. ഗ്രാമിന്റെ വില 80 രൂപ ഉയർന്ന് 11,945 രൂപയായി. ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച ഇന്ത്യയിൽ വില വർദ്ധനയുടെ തോത് ഉയർത്തി. നടപ്പുവർഷം സ്വർണ വിലയിൽ ഇതുവരെ 68 ശതമാനമാണ് ഉയർന്നത്.
കരുത്താകുന്നത്
1. ആഗോള സാമ്പത്തിക, രാഷ്ട്രീയ അനിശ്ചിതത്വങ്ങൾ
2. മാന്ദ്യം നേരിടാൻ കേന്ദ്ര ബാങ്കുകൾ പലിശ കുറയ്ക്കുന്നു
3. നിക്ഷേപമെന്ന നിലയിൽ സ്വർണം, വെള്ളി ഉപഭോഗം കൂടുന്നു
4. ഡോളറിന് ബദൽ നാണയമായി സ്വർണത്തിന് പ്രിയമേറുന്നു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |