
നടപ്പുവർഷത്തെ ജി.ഡി.പി അനുമാനം ഉയർത്തി
കൊച്ചി: ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങൾ മറികടന്ന് ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം(ജി.ഡി.പി) 7.2 ശതമാനം വളർച്ച നേടുമെന്ന് ഏഷ്യൻ ഡെവലപ്പ്‌മെന്റ് ബാങ്ക്(എ.ഡി.ബി) വ്യക്തമാക്കി. വളർച്ച 6.5 ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. ആഭ്യന്തര ഉപഭോഗത്തിലെ ഉണർവും ചരക്കു സേവന നികുതി(ജി.എസ്.ടി) കുറച്ചതും വളർച്ചയ്ക്ക് ഊർജം പകരുമെന്നും എ.ഡി.ബി കൂട്ടിച്ചേർത്തു. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ജി.ഡി.പി വളർച്ച ഒന്നര വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന നിരക്കായ 8.2 ശതമാനമായിരുന്നു. ഏപ്രിൽ മുതൽ ജൂൺ വരെ വളർച്ച 7.8 ശതമാനമായിരുന്നു. അടുത്ത സാമ്പത്തിക വർഷത്തിലെ വളർച്ച അനുമാനം അതേസമയം 6.5 ശതമാനമായി നിലനിറുത്തി. നടപ്പുവർഷത്തെ ജി.ഡി.പി വളർച്ച 7.3 ശതമാനമാകുമെന്നാണ് റിസർവ് ബാങ്ക് കഴിഞ്ഞ ധന നയ അവലോകന യോഗത്തിൽ വ്യക്തമാക്കിയത്.
അമേരിക്കൻ വ്യാപാര കരാറിന് അരങ്ങോരുങ്ങുന്നു
ഇന്ത്യയും അമേരിക്കയുമായുള്ള വ്യാപാര കരാർ അടുത്ത വർഷം ആദ്യം യാഥാർത്ഥ്യമായേക്കും. കുറഞ്ഞ നാണയപ്പെരുപ്പവും ഉയർന്ന ജി.ഡി.പി വളർച്ചയുമുള്ള ഏക രാജ്യമെന്ന ഖ്യാതി ഇന്ത്യയുടെ മുന്നേറ്റത്തിന് കരുത്ത് പകരുമെന്ന് ആഗോള റേറ്റിംഗ് ഏജൻസിയായ നൊമുറയുടെ മാനേജിംഗ് ഡയറക്‌ടർ സൊനാൽ വർമ്മ പറഞ്ഞു. റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഒഴിവാകുന്നതോടെ അമേരിക്ക ഏർപ്പെടുത്തിയ 25 ശതമാനം പിഴ തീരുവ അമേരിക്ക പിൻവലിച്ചേക്കും. നടപ്പുവർഷം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 7.7 ശതമാനമാകുമെന്നാണ് നൊമുറയുടെ അനുമാനം.
ഇന്ത്യ ടെക്ക് ഹബാകുന്നു
നിർമ്മിത ബുദ്ധി ഉൾപ്പെടെയുള്ള നവീന ടെക്നോളജി രംഗത്തെ ആഗോള കേന്ദ്രമായി ഇന്ത്യ കുതിച്ചുയരുന്നു. ക്ളൗഡ് ഇൻഫ്രാസ്ട്രക്ചർ, നിർമ്മിത ബുദ്ധി(എ.ഐ), ഡീപ് ടെക്ക് എന്നീ മേഖലകളിലായി മൈക്രോസോഫ്റ്റ്, ഗൂഗിൾ, ആമസോൺ എന്നീ മൂന്ന് ആഗോള കമ്പനികൾ ചേർന്ന് 6,700 കോടി ഡോളറിന്റെ(ആറ് ലക്ഷം കോടി രൂപ) നിക്ഷേപമാണ് നടത്തുന്നത്. ആമസോൺ 3.15 ലക്ഷം കോടി രൂപയും
മൈക്രോസോഫ്റ്റ് 1.5 ലക്ഷം കോടി രൂപയും ഗൂഗിൾ1.35 ലക്ഷം കോടി രൂപയുമാണ് നിക്ഷേപിക്കുന്നത്.
പ്രധാന നിക്ഷേപങ്ങൾ
ആമസോൺ: 3.15 ലക്ഷം കോടി രൂപ
മൈക്രോസോഫ്റ്റ്: 1.5 ലക്ഷം കോടി രൂപ
ഗൂഗിൾ: 1.35 ലക്ഷം കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |