
മൊത്തം നിക്ഷേപം 6,196.51 കോടി രൂപ
ഇന്ത്യൻ ബാങ്കുകളിലേക്ക് വിദേശ നിക്ഷേപ ഒഴുക്ക്
കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ഫെഡറൽ ബാങ്കിൽ അമേരിക്കൻ നിക്ഷേപ ഗ്രൂപ്പായ ബ്ളാക്ക്സ്‌റ്റോൺ 9.99 ശതമാനം ഓഹരി പങ്കാളിത്തം നേടി. ന്യൂയോർക്ക് ആസ്ഥാനമായ ബ്ളാക്ക്സ്‌റ്റോണിന്റെ ഉപ കമ്പനിയായ ഏഷ്യ II ടാേപ്പ്കോ XIII മൊത്തം 6,196.51 കോടി രൂപയാണ് ബാങ്കിൽ നിക്ഷേപിക്കുന്നത്.
സ്വകാര്യ പ്ലേസ്‌മെന്റ് അടിസ്ഥാനത്തിൽ പ്രിഫറൻഷ്യൽ ഇഷ്യുവിലൂടെയാണ് നിക്ഷേപം എത്തുന്നത്.രണ്ട് രൂപ മുഖവിലയുള്ള ഓഹരികളായി പരിവർത്തനം ചെയ്യാവുന്ന 27.297 കോടി വാറന്റുകൾ 225 രൂപ പ്രീമിയം ഉൾപ്പെടെ പുറത്തിറക്കും.
വാറന്റുകൾ ഓഹരികളായി പരിവർത്തനം ചെയ്തതിന് ശേഷം റിസർവ് ബാങ്ക് അടക്കമുള്ള റെഗുലേറ്ററി സ്ഥാപനങ്ങളുടെയും ഓഹരിയുടമകളുടെയും അനുമതി തേടും. ഓഹരി പൂർണമായും പരിവർത്തനം നടത്തുമ്പോൾ ബ്ളാക്ക്സ്‌റ്റോണിന് ഒരു പ്രതിനിധിയെ നോൺ എക്‌സിക്യുട്ടീവ് അംഗമായി ബാങ്കിന്റെ ഡയറക്‌ടർ ബോർഡിൽ നിയമിക്കാനാകും.
നിക്ഷേപത്തിന് അംഗീകാരം നൽകുന്നതിന് നവംബർ 19ന് ഓഹരി ഉടമകളുടെ അസാധാരണ പൊതുയോഗം ഓൺലൈനായി നടത്തും.
ബാങ്കുകളിൽ വിദേശ പങ്കാളിത്തമേറുന്നു
ഇന്ത്യയിലെ ഇടത്തരം ബാങ്കുകളിൽ നിക്ഷേപിക്കാൻ വിദേശ ധന സ്ഥാപനങ്ങൾക്ക് താത്പര്യമേറുന്നു. നടപ്പുവർഷം ഇതുവരെ വിദേശ ഗ്രൂപ്പുകൾ 61,600 കോടി രൂപയാണ് രാജ്യത്തെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലും ബാങ്കുകളിലും നിക്ഷേപിച്ചത്. ധനകാര്യ മേഖലയിലെ പരിഷ്‌കരണ നടപടികളുടെ ഭാഗമായി ബാങ്കുകളുടെ ഉടമസ്ഥാവകാശ നിയമങ്ങൾ റിസർവ് ബാങ്ക് ഉദാരമാക്കിയതാണ് വിദേശ നിക്ഷേപ ഒഴുക്കിന് വേഗത വർദ്ധിപ്പിക്കുന്നത്.
വിദേശ മൂലധന ഒഴുക്കിൽ പ്രതീക്ഷിക്കുന്ന മാറ്റങ്ങൾ
1. ബാങ്കുകൾക്ക് ധനസ്ഥിതി മെച്ചപ്പെടുത്തി ബിസിനസ് വളർച്ച നേടാനാകും
2. ബാങ്കുകളുടെ ഉടമസ്ഥതാ നിയന്ത്രണങ്ങൾ റിസർവ് ബാങ്ക് ലഘൂകരിച്ചേക്കും
3. ഡയറക്‌ടർ ബോർഡിലെ വിദേശ നിക്ഷേപകരുടെ 25% വോട്ടവകാശം പരിധി ഉയർത്തും
4. കോർപ്പറേറ്റ് ഗ്രൂപ്പുകൾക്ക് ബാങ്കുകളുടെ ഉടമസ്ഥാവകാശം നേടാൻ അവസരമൊരുങ്ങും
പ്രധാന നിക്ഷേപങ്ങൾ
ബാങ്ക് : നിക്ഷേപ ഗ്രൂപ്പ് : തുക
ആർ.ബി.എൽ ബാങ്ക്: ............. എമിറേറ്റ്‌സ് എൻ.ബി.ഡി: 26,400 കോടി രൂപ
യെസ് ബാങ്ക്: ....................... എസ്.എം.ബി.സി ജപ്പാൻ: 15,000 കോടി രൂപ
ഐ.ഡി.എഫ്.സി ഫസ്‌റ്റ് ബാങ്ക്: .........വാർബർഗ് പിൻകസ്: 7,500 കോടി രൂപ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |