സാങ്കേതികവിദ്യയിൽ വൻ മുന്നേറ്റത്തിന് റിലയൻസ് ജിയോ
3,476 പേറ്റന്റുകൾ ഫയൽ ചെയ്തു
കൊച്ചി: പ്രമുഖ ഡിജിറ്റൽ സേവന ദാതാക്കളായ റിലയൻസ് ജിയോ സാങ്കേതികവിദ്യ രംഗത്ത് വൻ കുതിച്ചുചാട്ടത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ സാമ്പത്തിക വർഷം ജിയോ പ്ലാറ്റ്ഫോംസും അനുബന്ധ കമ്പനികളും ചേർന്ന് 3,476 പുതിയ പേറ്റന്റുകളാണ് ഫയൽ ചെയ്തത്. പ്രതിദിനം ശരാശരി 10 പേറ്റന്റുകൾക്കാണ് അപേക്ഷിച്ചത്. 2024-25 വർഷത്തിൽ 1,654 പേറ്റന്റുകളും (പ്രതിദിനം 4.5), 2023-24 ൽ 1,255 പേറ്റന്റുകളുമായിരുന്നു. ഇതോടെ മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് ജിയോയുടെ ആകെ പേറ്റന്റ് അപേക്ഷകൾ 6,817ൽ എത്തി. 5ജി, 6ജി സാങ്കേതികവിദ്യകൾ, ലാർജ് ലാംഗ്വേജ് മോഡൽസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡീപ്പ് ലേണിംഗ്, ബിഗ് ഡാറ്റ, ഇന്റർനെറ്റ് ഒഫ് തിങ്സ്, ജിയോബ്രെയിൻ, ഫിക്സഡ് വയർലെസ് ആക്സസ് തുടങ്ങിയ മേഖലകളിലാണ് ജിയോയുടെ പേറ്റന്റുകളിൽ ഏറെയും. റിലയൻസിന്റെ ഓയിൽ ടു കെമിക്കൽസ് വിഭാഗവും പേറ്റന്റ് രംഗത്ത് മികച്ച നേട്ടം കൈവരിച്ചു. മാർച്ച് 31 വരെയുള്ള കണക്കുകളനുസരിച്ച് 55ലധികം രാജ്യങ്ങളിലായി 2,527 പേറ്റന്റ് അപേക്ഷകളാണ് റിലയൻസ് സമർപ്പിച്ചിട്ടുള്ളത്.