കൊച്ചി: രുചിയിലും ഗുണമേന്മയിലും ഏറെ മുന്നിലാണ് കേരള നേന്ത്രൻ. പക്ഷേ, കയറ്റുമതിക്കാർക്ക് ഇഷ്ടം രുചിയും ഗുണവും കുറഞ്ഞതും തുച്ഛമായ വിലയുള്ളതുമായ തമിഴ്നാട് നേന്ത്രൻ. കേരളനേന്ത്രൻ സ്വപ്‌നംകണ്ട യൂറോപ്യൻ വിപണിയിൽ തിളങ്ങുകയാണ് ഇപ്പോൾ തമിഴ് നേന്ത്രൻ!
കുറഞ്ഞവിലയ്ക്ക് തമിഴ്‌നാട്ടിൽ നിന്ന് നേന്ത്രപ്പഴം ലഭിക്കുന്നതിനാൽ കയറ്റുമതി കമ്പനികൾ വെജിറ്റബിൾസ് ആൻഡ് ഫ്രൂട്‌സ് പ്രമോഷൻ കൗൺസിൽ കേരളയ്ക്ക് (വി.എഫ്.പി.സി.കെ) കീഴിലെ മലയാളി നേന്ത്രക്കർഷകരെ പാടെ അവഗണിച്ചു. പ്രശ്‌നപരിഹാരത്തിന് വി.എഫ്.പി.സി.കെ കൊച്ചിയിലും തിരുവനന്തപുരത്തും കയറ്റുമതി കമ്പനികളുടെ യോഗം വിളിച്ചെങ്കിലും നേന്ത്രനെടുക്കാൻ ആരും തയ്യാറായില്ല. കോഴിക്കോട്ടും വൈകാതെ യോഗം നടക്കും. ഇതിൽ, അനുകൂല തീരുമാനമുണ്ടാകുമെന്നാണ് കർഷകരുടെയും വി.എഫ്.പി.സി.കെയുടെയും പ്രതീക്ഷ.
തളിരിടാതെ കയറ്റുമതി
2021 ഫെബ്രുവരിയിൽ 'തളിർ" എന്ന ബ്രാൻഡിൽ ശീതീകരിച്ച കണ്ടെയ്‌നറുകളിലാക്കി കൊച്ചി തുറമുഖം വഴി ഏഴര ടൺ നേന്ത്രൻ വി.എഫ്.പി.സി.കെ യൂറോപ്പിലേക്ക് കയറ്റിഅയച്ചിരുന്നു. ഈ ഒരൊറ്റത്തവണ മാത്രമാണ് കേരള നേന്ത്രൻ കടൽകടന്നത്. പിന്നീട് കയറ്റുമതിക്കാർ ഏറ്റെടുത്തില്ല.
കപ്പലിൽ 27 ദിവസം കൊണ്ടാണ് കേരളത്തിൽ നിന്ന് നേന്ത്രപ്പഴം യൂറോപ്പിലെത്തുക. സൂയസ് കനാലിലെ തടസംമൂലം ഇതിനിടെ കപ്പൽ വൈകിയതിനാൽ പഴം കണ്ടെയ്‌നറിലിരുന്ന് തന്നെ പഴുത്തു. ഇതും വി.എഫ്.പി.സി.കെയുടെ തലപ്പത്ത് അഴിച്ചുപണി നടന്നതും കയറ്റുമതി പദ്ധതിയെ താറുമാറാക്കി.
പാളിയലക്ഷ്യം
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കൃഷി വികാസ് യോജന പ്രകാരം ലഭിച്ച 35 ലക്ഷം രൂപ ഉപയോഗിച്ചാണ് വി.എഫ്.പി.സി.കെ നേന്ത്രപ്പഴം കയറ്റിഅയച്ചത്. യൂറോപ്പ്യൻ വിപണിയിലേക്ക് അനായാസം കടക്കാവുന്ന ഫ്രീ ഷിപ്പ്‌മെന്റ് പ്രോട്ടോക്കാൾ നേടുകയായിരുന്നു ലക്ഷ്യം. കർഷകരിൽ നിന്ന് കിലോയ്ക്ക് 50 രൂപ നിരക്കിലാണ് പഴം വാങ്ങിയത്. കയറ്റുമതിക്കാർ കേരള നേന്ത്രനെ കൈവിട്ടതോടെ ലക്ഷ്യം കാണാൻ വി.എഫ്.പി.സി.കെയ്ക്കായില്ല.
₹35
കേരള നേന്ത്രന്റെ കയറ്റുമതിവില കിലോയ്ക്ക് 44-50 രൂപനിരക്കിലാണ്. തമിഴ്നാട് നേന്ത്രൻ 35 രൂപയ്ക്ക് കിട്ടും.
''കയറ്റുമതി കമ്പനികളുമായി ചർച്ചകൾ തുടരും. പ്രതിസന്ധി ഉടൻ പരിഹരിക്കും""
ശിവരാമകൃഷ്ണൻ,
സി.ഇ.ഒ, വി.എഫ്.പി.സി.കെ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |