'നിരാശപ്പെടേണ്ട, സൂര്യൻ അസ്‌തമിച്ചശേഷം വിജയം നമുക്കൊപ്പം'; ഇപ്പോൾ കാണുന്നത് ബിജെപി പ്ലാനെന്ന് മമത ബാനർജി
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പുരോഗമിക്കവെ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിനെ നിലംപരിശാക്കി ബിജെപി. 15 വർഷത്തെ തൃണമൂൽ ഭരണം അവസാനിപ്പിക്കുന്ന രീതിയിൽ 200ഓളം സീറ്റിന്റെ ലീഡാണ് ബിജെപി നേടിയിരിക്കുന്നത്. ഇതിന് പിന്നാലെ ഇപ്പോൾ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രി മമത ബാർജി. എക്‌സിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു പ്രതികരണം.
'വോട്ടെണ്ണൽ കേന്ദ്രത്തിലെ ഏജന്റുമാരും സ്ഥാനാർത്ഥികളും കേന്ദ്രം വിട്ടുപോകരുത്. ഇതൊരു ബിജെപി പ്ലാനാണ്. അവർ ആദ്യം മുന്നിലെന്ന് കാണിച്ചതിന് ശേഷം പലയിടത്തും കൗണ്ടിംഗ് നിർത്തിവച്ചിരിക്കുകയാണ്. കേന്ദ്ര സേനയുമായി ചേർന്ന് എല്ലാ ഇടങ്ങളിലും തൃണമൂൽ കോൺഗ്രസിനെതിരെ ആതിക്രമങ്ങൾ നടക്കുന്നു. എസ്‌ഐആർ വഴി അവർ വോട്ട് മോഷ്‌ടിക്കാൻ ശ്രമിച്ചു. ഇപ്പോഴും നൂറിലധികം സീറ്റുകളിൽ തൃണമൂൽ മുന്നിട്ടുനിൽക്കുന്നു. പക്ഷേ അത് റിപ്പോർട്ട് ചെയ്യുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വന്തം ഇഷ്‌ടത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. കേന്ദ്രസേനയും അവരോടൊപ്പമുണ്ട്. പൊലീസും കേന്ദ്ര സേനയോടൊപ്പം പ്രവർത്തിക്കുന്നു. നിരാശപ്പെടേണ്ടതില്ല എന്നാണ് പാർട്ടി പ്രവർത്തകരോട് ഞാൻ പറയുന്നത്. സൂര്യൻ അസ്‌തമിച്ചതിനുശേഷം നിങ്ങൾ വിജയിക്കും. രണ്ട് മുതൽ നാല് റൗണ്ട് വരെയേ എണ്ണിയിട്ടുള്ളു. ഇനിയും വോട്ടെണ്ണൽ നീളും. ഞങ്ങൾ വിജയിക്കും. ആരും ഭയക്കേണ്ടതില്ല' - മമത പറഞ്ഞു.
എന്നാൽ, ബിജെപി ഭരണത്തോടടുക്കുന്ന കാഴ്‌ചയാണ് പശ്ചിമ ബംഗാളിൽ കാണുന്നത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ മാത്രമല്ല, തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളും ബിജെപിക്ക് അനുകൂലമാകുന്ന കാഴ്‌ചയാണ് കഴിഞ്ഞ കുറച്ച് മണിക്കൂറുകളിൽ കാണുന്നത്.