SignIn
Kerala Kaumudi Online
Sunday, 31 May 2026 12.53 AM IST

വിജയ്‌യും ടിവികെയും ചെയ്ത വലിയ 'മണ്ടത്തരം'; നഷ്ടം മുഖ്യമന്ത്രി കസേര, ടിവികെയുടെ ഭാവി മുൾമുനയിൽ

tvk

ചെന്നൈ: ദിവസങ്ങൾ പിന്നിടുമ്പോൾ നാടകീയ നീക്കങ്ങൾ മാത്രം നടന്നുകൊണ്ടിരിക്കുന്ന തമിഴ്നാട് രാഷ്ട്രീയത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും വിജയ്യ്ക്ക് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇത് തമിഴക വെട്രി കഴകത്തിനും വിജയയ്ക്കും വലിയ തിരിച്ചിടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ടിവികെയ്ക്ക് സത്യപ്രതിജ്ഞ ചെയ്യാൻ കഴിയാതിരുന്നത് വിജയ്ക്കുള്ള രാഷ്ട്രീയ പരിചയക്കുറവ് മൂലമാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്. ഗവർണറുമായുള്ള കൂടിക്കാഴ്ചയിൽ ആ അനുഭവക്കുറവാണ് പ്രധാന തടസമായത്.

കീഴ്‌വഴക്കം അനുസരിച്ച്, ഏറ്റവും വലിയ ഒറ്റകക്ഷിക്ക് സർക്കാരുണ്ടാക്കാൻ അവകാശവാദം ഉന്നയിക്കാം. തുടർന്ന് ഗവർണർ അവരെ സർക്കാർ രൂപീകരിക്കുന്നതിനായി ക്ഷണിക്കുകയും ചെയ്യാം. തുടർന്ന് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതി. രണ്ട് വർഷങ്ങൾക്ക് മുമ്പ് രൂപീകരിക്കപ്പെട്ട ടിവികെ 108 സീറ്റുകളാണ് നേടിയത്. വിജയ് നേടിയ രണ്ട് സീറ്റിൽ ഒന്ന് ഒഴിയുന്നതോടെ ടിവികെയുടെ അംഗബലം 107 ആകും. 11 സീറ്റുകളുടെ കുറവാണ് കേവലഭൂരിപക്ഷത്തിനുള്ളത്. കോൺഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ അഞ്ച് സീറ്റുകൾ ചേർന്ന് 112 ആയി. എന്നാൽ ഇവിടെ വിജയ്‌യും ടിവികെയും ആ വലിയ പിഴവ് വരുത്തി.

ആർക്കും ഭൂരിപക്ഷമില്ലാത്തതിനാൽ തമിഴ്നാട്ടിൽ തൂക്കുസഭ രൂപപ്പെട്ടു. ഈ സാഹചര്യത്തിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയെന്ന നിലയിൽ വിജയ് സ്വന്തം പാർട്ടിയിലെ എംഎൽഎമാരുടെ കത്താണ് ഗവർണർക്ക് നൽകേണ്ടത്. എന്നാൽ വിജയ് നൽകിയതോ കോൺഗ്രസ് എംഎൽമാരുടെ ഒപ്പ് കൂടിയുള്ള കത്ത്. ടിവികെ എംഎൽഎമാരുടെ ഒപ്പ് ചേർത്ത കത്താണ് നൽകിയതെങ്കിൽ ഇത് അംഗീകരിച്ച് വിജയ്ക്ക് സർക്കാരുണ്ടാക്കാനുള്ള അവസരം നൽകുകയും പിന്നീട് സഭയിൽ ഭൂരിപക്ഷം തെളിയിച്ചാൽ മതിയെന്ന് ഗവർണർ പറയുമായിരുന്നു. കോൺഗ്രസ് എംഎൽഎമാരുടെ ഒപ്പ് കൂടി വന്നതോടെ ഇത് ഒരു സഖ്യ സർക്കാരാണെന്ന് ഗവർണർ കണക്കാക്കി. സഖ്യ സർക്കാരാണെങ്കിൽ 118 എംഎൽഎമാരുടെ പിന്തുണ വിജയ്ക്ക് വേണം. ഇതോടെ സർക്കാരുണ്ടാക്കണമെന്ന ആവശ്യം ഗവർണർ തള്ളുകയായിരുന്നു.

ഗവർണറുമായുള്ള രണ്ടാമത്തെ കൂടിക്കാഴ്ചയും ഫലവത്തായില്ല. ഇത്തവണ, സർക്കാർ രൂപീകരിക്കുന്നതിന് ആവശ്യമായ ഭൂരിപക്ഷം സ്ഥാപിക്കുന്നതിൽ വിജയ് പരാജയപ്പെട്ടുവെന്ന് തമിഴ്നാട് ലോക് ഭവൻ ഒരു പത്രക്കുറിപ്പിൽ അറിയിച്ചു. 51കാരനായ വിജയ് തന്റെ ആദ്യത്തെ തിരഞ്ഞെടുപ്പിൽ വിജയിക്കുക മാത്രമേ ചെയ്തുള്ളൂ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പുകളിൽ പോലും മത്സരിച്ചതിന്റെ മുൻകാല പരിചയം അദ്ദേഹത്തിന്റെ ടിവികെയ്ക്കില്ല. ടിവികെ എംഎൽഎമാരുടെ ശരാശരി പ്രായം 44 ആണ്. വിജയ്‌യുടെ ടീമിലെ ഏറ്റവും മുതിർന്ന രാഷ്ട്രീയ പരിചയമുള്ള നേതാവ് കെ എ സെങ്കോട്ടയ്യനാണ്. ഒമ്പത് തവണ എംഎൽഎയായ സെങ്കോട്ടയ്യൻ 2025ൽ എഐഎഡിഎംകെ വിട്ട് ടിവികെയിൽ ചേരുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, NATIONAL, NATIONAL NEWS, VIJAY, KERALA, TAMILNADU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360