'സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നു'; കരൂർ ദുരന്തത്തിൽ വിജയ്‌യെ പരോഷമായി വിമർശിച്ച് നടൻ അജിത്

Saturday 01 November 2025 9:04 PM IST

ചെന്നൈ: കരൂർ ദുരന്തത്തിൽ ടി.വി.കെ പ്രസിഡന്റ് വിജയ്‌യെ ഭാഗീകമായി വിമർശിച്ച് നടൻ അജിത്. ജനക്കൂട്ടത്തെ അമിതമായി പ്രോത്സാഹിപ്പിക്കുന്ന എല്ലാവർക്കും ദുരന്തത്തിൽ ഉത്തരവാദിത്തമുണ്ടെന്ന് അജിത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞു. ജനക്കൂട്ടത്തെ ഉപയോഗിക്കുന്ന പ്രവണത മാറണം. കരൂരിലെ റാലിക്ക് കൂടുതൽ ജനക്കൂട്ടമുണ്ടാകുന്നതിനു വേണ്ടി വിജയ് മണിക്കൂറുകൾ വൈകി എത്തിയതാണ് സ്ഥിതിഗതികൾ വഷളാക്കിയത് എന്ന് പൊലീസും സർക്കാരും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

'ആരേയും താഴ്ത്തിക്കെട്ടാനല്ല ഞാൻ ഇത് പറയുന്നത്. പക്ഷേ കരൂർ ദുരന്തത്തെ തുടർന്ന് തമിഴ്നാട്ടിൽ പലതും നടക്കുന്നുണ്ട്. ആ വ്യക്തി (വിജയ്) മാത്രമല്ല ഇതിന് ഉത്തരവാദി. സംഭവത്തിൽ നമുക്ക് എല്ലാവർക്കും ഉത്തരവാദിത്തമുണ്ട്. മാദ്ധ്യമങ്ങൾക്കും ഇതിൽ പങ്കുണ്ട്. ജനക്കൂട്ടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പ്രവണത മാദ്ധ്യമങ്ങളും അവസാനിപ്പിക്കണം. സ്വാധീനം തെളിയിക്കാൻ ആൾക്കൂട്ടത്തെ ഉപയോഗിക്കുന്നവരായി സമൂഹം മാറിയിട്ടുണ്ട്, ആൾക്കൂട്ടങ്ങൾ അമിതമായി പ്രോത്സാഹിപ്പിക്കുന്ന സമൂഹമായി മാറിയിട്ടുണ്ട്. ഈ രീതി അവസാനിക്കണം.

താരങ്ങൾക്ക് ആരാധകരുടെ സ്‌നേഹംവേണം. സിനിമക്ക്‌വേണ്ടി കഠിനാധ്വാനം ചെയ്യുന്നതും രാത്രിയിൽ ഷൂട്ട് ചെയ്യുന്നതും കുടുംബത്തിൽ നിന്നുംവേർപെട്ടിരിക്കുന്നതുമെല്ലാം ജനങ്ങളുടെ സ്‌നേഹത്തിനായാണ്. സിനിമാ താരങ്ങൾ വരുന്നിടത്തു മാത്രം എങ്ങനെ അപകടം ഉണ്ടാകുന്നു. ക്രിക്കറ്റ് കാണാൻപോകുന്ന ജനങ്ങളെ കണ്ടിട്ടില്ലേ. അവിടെ ഇതൊന്നും സംഭവിക്കുന്നില്ലല്ലോ. ഇത് സിനിമാമേഖലയെ ആകെമോശം നിലയിലാക്കി കാണിക്കുന്നു. ഇതൊന്നും ഞങ്ങൾ ആഗ്രഹിക്കുന്ന കാര്യങ്ങളല്ല'– അജിത് പറഞ്ഞു.